പച്ചക്കറി പരിശോധന 15 പുതിയ തസ്തികകള്‍സൃഷ്ടിക്കും: ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലേക്ക് വിഷലിപ്തമായ പച്ചക്കറികളും പഴങ്ങളും കൊണ്ടുവരുന്നത് നിയന്ത്രിക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികളുടെ ഭാഗമായി, ആരോഗ്യവകുപ്പിന്റെ ഭക്ഷ്യസുരക്ഷാ കമ്മീഷണറേറ്റിനുകീഴിലുള്ള അനലിറ്റിക്കല്‍ ലബോറട്ടറികളില്‍ 15 സാങ്കേതികവിദഗ്ധരുടെ തസ്തികകള്‍ സൃഷ്ടിച്ച് ഉടന്‍ നിയമനം നടത്തുമെന്ന് ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ അറിയിച്ചു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, പത്തനംതിട്ട ലാബുകളില്‍ സാങ്കേതിക നിലവാരം മെച്ചപ്പെടുത്തുന്നതിനായി, റിസര്‍ച്ച് ഓഫീസര്‍, ജൂനിയര്‍ റിസര്‍ച്ച് ഓഫീസര്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ് 1, ഗ്രേഡ് 2 എന്നീ തസ്തികകളാണ് സൃഷ്ടിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.ഭക്ഷ്യവസ്തുക്കളിലെ കീടനാശിനികളുടെ സാന്നിധ്യം പരിശോധിക്കുന്നതിനുള്ള ആധുനികസംവിധാനമായ ജി.സി.എം.എസ്.എം.എസ്. ലാബുകളില്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. ഈയം ഉള്‍പ്പെടെയുള്ള ഘനലോഹങ്ങളുടെ സാന്നിധ്യം പരിശോധിക്കുന്നതിനുള്ള ഐ.സി.പി.എം.എസ്. തിരുവനന്തപുരം, കോഴിക്കോട് ലാബുകളില്‍ സ്ഥാപിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും പുറമേ മല്‍സ്യം, മാംസം, ഭക്ഷ്യ എണ്ണകള്‍, കറിപൗഡറുകള്‍ മുതലായവയും സമയബന്ധിതമായി പരിശോധിക്കാനുള്ള സംവിധാനമാണ് ലാബുകളില്‍ ഒരുക്കുന്നത്. ഭക്ഷ്യവിഷബാധയ്ക്ക് കാരണമാവുന്ന സൂക്ഷ്മാണുക്കളുടെ സാന്നിധ്യവും താമസിയാതെ ലാബുകളില്‍ പരിശോധിച്ചറിയാം. സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ അനലിറ്റിക്കല്‍ ലാബുകള്‍ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച്, ഭക്ഷ്യസുരക്ഷാകമ്മീഷണറേറ്റും കേന്ദ്രശാസ്ത്ര കൗണ്‍സിലിനു കീഴിലുള്ള, മൈസൂരിലെ സെന്‍ട്രല്‍ ഫുഡ് ടെക്‌നോളജിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടും തമ്മില്‍, ഈയിടെയാണ് ധാരണയിലെത്തിയത്. സാങ്കേതികവിദ്യയുടെ കൈമാറ്റത്തോടൊപ്പം തന്നെ, റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ ശാസ്ത്രജ്ഞന്മാര്‍, സംസ്ഥാനത്തെ ലബോറട്ടറികളിലെ ഫുഡ് അനലിസ്റ്റുമാര്‍ക്ക് വിദഗ്ധ പരിശീലനവും നല്‍കും. കേരളത്തിലെ അനലിറ്റിക്കല്‍ ലാബുകള്‍ എന്‍.എ.ബി.എല്‍. അക്രഡിറ്റേഷന്‍ പ്രവര്‍ത്തനങ്ങളുടെ അന്തിമഘട്ടത്തിലാണെന്നും മന്ത്രി അറിയിച്ചു.
Next Story

RELATED STORIES

Share it