kannur local

പച്ചക്കറിയെന്ന വ്യാജേന കണ്ടയ്‌നര്‍ ലോറിയില്‍ കഞ്ചാവ് കടത്ത്; മമ്പറം സ്വദേശി നിരീക്ഷണത്തില്‍

തലശ്ശേരി: പച്ചക്കറി ഉല്‍പന്നങ്ങള്‍ കയറ്റിയ കണ്ടയ്‌നര്‍ ലോറികളില്‍ വന്‍തോതില്‍ കഞ്ചാവ് കടത്തുന്നതായി റിപോര്‍ട്ട്. ഇടുക്കിയില്‍ നിന്നാണ് കണ്ണൂര്‍, കാസര്‍കോട്, മംഗലാപുരം എന്നിവടങ്ങളിലേക്കാണ് വന്‍ തോതില്‍ കഞ്ചാവ് ഇറക്കുമതി ചെയ്യുന്നതെന്നു സംസ്ഥാന എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗമാണു റിപോര്‍ട്ട് ചെയ്തത്.
ഇടുക്കിയിലെ സ്വകാര്യ കഞ്ചാവ് ഉല്‍പാദന കേന്ദ്രങ്ങളില്‍ നിന്നു പച്ചക്കറി ഉല്‍പന്നങ്ങളുമായി വരുന്ന ലോറികളിലെത്തുന്ന കഞ്ചാവ് മലബാര്‍ മേഖലകളിലെ ചില കേന്ദ്രങ്ങളില്‍ ഇറക്കുകയും ഇവ പിന്നീട് ചെറുകിട വില്‍പനക്കാര്‍ക്ക് കൈമാറുകയാണ് ചെയ്യുന്നത്.
ഈ മേഖലയിലേക്ക് കഞ്ചാവ് കടത്തുന്നയാള്‍ കണ്ണൂര്‍ ജില്ലയിലെ മമ്പറം സ്വദേശിയാണെന്നാണ് എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ച വിവരം.
മമ്പറത്തിന് സമീപം ഇയാളുടെ നേതൃത്വത്തില്‍ വന്‍തോതില്‍ പച്ചക്കറി ചന്ത നടത്തുന്നതായും എക്‌സൈസ് ഇന്റലിജന്‍സിന് വിവരം ലഭിച്ചിട്ടുണ്ട്. ഇന്റലിജന്‍സ് വിഭാഗം ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം ഇയാളെ പിടികൂടാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയെങ്കിലും രഹസ്യനീക്കം ചോര്‍ന്നതിനാല്‍ രക്ഷപ്പെടുകയായിരുന്നുവത്രെ.
കണ്ണൂര്‍, കാസര്‍കോട്, മംഗലാപുരം ഭാഗങ്ങളില്‍ മാത്രമല്ല കോഴിക്കോട്, മംഗലാപുരം വിമാനത്താവളത്തില്‍ നിന്നു ഗള്‍ഫ് രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്ന പച്ചക്കറി ചാക്കുകളിലും കഞ്ചാവ് അയക്കുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. എക്‌സൈസ് വകുപ്പിന്റെ ചരിത്രത്തിലാദ്യമാണ് പച്ചക്കറി കണ്ടയ്‌നറുകളില്‍ കഞ്ചാവ് ലോഡ് ഇറക്കുന്ന രീതി പുറത്തുവരുന്നത്. ദിനംപ്രതി ഇങ്ങനെയെത്തുന്ന കഞ്ചാവ് മലബാര്‍ മേഖലയില്‍ വിതരണം ചെയ്യുന്നതിന് ശക്തമായ ശൃംഖലയും ഇതിനകം രൂപപ്പെടുത്തിയിട്ടുണ്ട്. കഞ്ചാവ് ലോബി മലബാറില്‍ പ്രത്യേകിച്ച് കണ്ണൂര്‍ ജില്ലയില്‍ പിടിമുറക്കിയത് ജില്ലയിലെ പോലിസുകാര്‍ കണ്ടില്ലെന്നു നടിക്കുകയാണ്.
ജില്ല കേന്ദ്രീകരിച്ച് വെടിമരുന്നുകള്‍ ശേഖരിച്ച വിവരം പോലിസ് അറിയുന്നത് പൊടിക്കുണ്ട് സ്‌ഫോടനത്തിന് ശേഷമാണ്. ജില്ലയില്‍ ഒരു മാസത്തിനിടെ തന്നെ നിരവധി പേരാണ് കഞ്ചാവുമായി പിടിയിലായത്.
Next Story

RELATED STORIES

Share it