പക്ഷിപ്പനി; താറാവ് കര്‍ഷകമേഖല ഭീതിയില്‍

ഹരിപ്പാട്: കര്‍ണാടകയില്‍ ഹമ്‌നാബാദിലെ പൗള്‍ട്രി ഫാമില്‍ കോഴികള്‍ക്ക് പക്ഷിപ്പനി സ്ഥിരീകരിക്കുകയും ഇതേത്തുടര്‍ന്ന് കേരളത്തില്‍ മൃഗസംരക്ഷണവകുപ്പ് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കുകയും ചെയ്തതോടെ സംസ്ഥാനത്തെ ഏറ്റവും വലിയ താറാവു വളര്‍ത്തല്‍ കേന്ദ്രമായ അപ്പര്‍ കുട്ടനാടന്‍ മേഖല  കടുത്ത ആശങ്കയിലായി.2014 നവംബറിലാണ് സംസ്ഥാനത്ത് ആദ്യമായി പക്ഷിപ്പനി സ്ഥിരീകരിച്ചത്. പക്ഷിപ്പനി ഭീതിയെത്തുടര്‍ന്ന് അന്ന് ലക്ഷക്കണിന് കോഴികളെയും താറാവുകളെയും കൊന്നൊടുക്കുകയും ആയിരക്കണക്കിനു മുട്ടകള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. സംസ്ഥാനത്ത് താറാവിന്‍ കുഞ്ഞുങ്ങളെ വിരിയിച്ചിറക്കുന്ന 11 ഹാച്ചറികളും പ്രവര്‍ത്തിക്കുന്നത് അപ്പര്‍ കുട്ടനാട്ടിലെ ചെന്നിത്തല, നിരണം, കടപ്ര, തലവടി തുടങ്ങിയ പ്രദേശങ്ങളിലാണ്. പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ ഈ ഹാച്ചറികളില്‍ അടവച്ചിരുന്ന ആയിരക്കണക്കിന് പാതിവിരിഞ്ഞ താറാവിന്‍ കുഞ്ഞുങ്ങളെയും കൊന്നൊടുക്കിയിരുന്നു. സര്‍ക്കാര്‍ ഉടമസ്ഥതയില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഏക താറാവു വളര്‍ത്തല്‍ കേന്ദ്രവും മേഖലയിലെ നിരണത്താണ്. സര്‍ക്കാര്‍ താറാവു വളര്‍ത്തല്‍ കേന്ദ്രത്തില്‍ വിവിധ പ്രായമുള്ള അയ്യായിരത്തോളം താറാവുകള്‍ ഇപ്പോള്‍ സ്‌റ്റോക്കുണ്ട്. 2014ലെ പക്ഷിപ്പനിയെ അതിജീവിച്ച കേന്ദ്രം മൃഗസംരക്ഷണ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശത്തെത്തുടര്‍ന്ന് നിലവിലെ ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതപ്പെടുത്തി. കൂടാതെ ഫാമിലേക്ക് കടന്നു വരുന്ന എല്ലാ വാഹനങ്ങളുടെയും ടയറുകള്‍ പ്രത്യേകതരം അണു നാശിനിയില്‍ കഴുകുന്ന ടയര്‍ ഡിപ്പ് സംവിധാനവും ഏര്‍പ്പെടുത്തിയതായി താറാവു വളര്‍ത്തല്‍ കേന്ദ്രത്തിന്റെ മുഖ്യ ചുമതലയുള്ള അസി. ഡയറക്ടര്‍ തോമസ് ജേക്കബ് പറഞ്ഞു. കൊയ്ത്ത് കഴിഞ്ഞ പാടശേഖരങ്ങളില്‍ അപ്പോള്‍ തന്നെ മടവച്ച് കര്‍ഷകര്‍ വെള്ളം കയറ്റി മുക്കുന്നതിനാല്‍ താറാവുകളെ പാടശേഖരങ്ങളില്‍ തീറ്റാന്‍ ഇറക്കുന്നത് തന്നെ സ്തംഭനത്തിലായിരിക്കുമ്പോഴാണ് പക്ഷിപ്പനി ഭീതിയും പടരുന്നത്. പക്ഷിപ്പനി ഭീഷണി സംസ്ഥാനം നേരിടുന്നില്ലെന്നും ചില മുന്‍കരുതലുകള്‍ മാത്രമാണ് കൈക്കൊണ്ടിട്ടുള്ളതെന്നുമാണ് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ പറയുന്നത്. കഴിഞ്ഞ ഒരുമാസത്തിനിടയില്‍ മേഖലയിലെയും ഒപ്പം കോട്ടയം, പാലക്കാട് ജില്ലകളിലെ വിവിധ താറാവു വളര്‍ത്തല്‍ കേന്ദ്രങ്ങളില്‍ നിന്നുമായി നൂറുകണക്കിന് സാമ്പിളുകള്‍ ശേഖരിച്ച് ബംഗളൂരുവിലെ ലാബില്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. എന്നാല്‍, അവയിലൊന്നും പക്ഷിപ്പനിക്ക് കാരണമായ വൈറസിനെ കണ്ടെത്തിയിട്ടില്ല. ഇതിനിടെ, പക്ഷിപ്പനിയുടെ പശ്ചാത്തലത്തില്‍ ചെക്‌പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കിയതോടെ കര്‍ണാടകത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് വരുന്ന കോഴികളുടെ വരവ് കുത്തനെ ഇടിഞ്ഞു. ഇതോടെ സംസ്ഥാനത്ത് കോഴിവില കുതിച്ചുയരുകയാണ്. പടിവാതില്‍ക്കലെത്തി നില്‍ക്കുന്ന കാലവര്‍ഷം എത്രയും പെട്ടെന്ന് ആരംഭിക്കണമെന്ന പ്രാര്‍ഥനയിലാണ് താറാവ് കര്‍ഷകര്‍. കാലവര്‍ഷം തിമിര്‍ത്തു പെയ്താല്‍ താറാവുകളെ പിടികൂടുന്ന രോഗങ്ങള്‍ക്ക് ശമനമുണ്ടാവുമെന്നാണ് തങ്ങളുടെ ഉറച്ച വിശ്വാസമെന്ന് താറാവ് കര്‍ഷകസംഘം സെക്രട്ടറി കെ സാമുവേല്‍ പറഞ്ഞു.
Next Story

RELATED STORIES

Share it