thrissur local

പകര്‍ച്ചവ്യാധി; സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ലഭ്യത ഉറപ്പാക്കണമെന്ന് മന്ത്രി

തൃശൂര്‍: പകര്‍ച്ചവ്യാധികള്‍ നേരിടുന്നതിന് ആവശ്യമായ മരുന്നുകള്‍ സര്‍ക്കാര്‍ ആശുപത്രികളിലുണ്ടെന്ന് ഉറപ്പ് വരുത്താന്‍ ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്രി വി എസ് സുനില്‍കുമാര്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. മഴക്കാലപൂര്‍വ ശുചീകരണവും തയ്യാറെടുപ്പുകളും സംബന്ധിച്ച് അയ്യന്തോളിലുളള ജില്ലാ ആസൂത്രണ ഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അസുഖവുമായി ആശുപത്രിയിലെത്തുന്ന പാവപ്പെട്ടവര്‍ക്ക് പുറമേ നിന്നു മരുന്ന് വാങ്ങേണ്ടി വരുന്ന അവസ്ഥ അനുവദിക്കില്ല.
ഇക്കാര്യത്തില്‍ ആരോഗ്യ വകുപ്പ് വേണ്ട മുന്‍കരുതല്‍ എടുക്കണമെന്നും ആവശ്യമുള്ള മരുന്നുകള്‍ മുന്‍കൂട്ടി സംഭരിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. അടിയന്തര സാഹചര്യങ്ങളില്‍ പ്രാദേശികമായി മരുന്ന് വാങ്ങുന്നതിനും അനുമതി നല്‍കിയിട്ടുണ്ട്. മഴക്കെടുതി മുന്‍കരുതല്‍ ദുരിതാശ്വാസ നടപടികള്‍ക്ക് പണം തടസ്സമാവില്ലെന്നും വിവിധ വകുപ്പുകളുടെ ശരിയായ ഏകോപനത്തിലൂടെ ദുരിതമനുഭവിക്കുന്നവര്‍ക്ക് യഥാസമയം ആശ്വാസമെത്തിക്കുന്നതിനുളള എല്ലാ നടപടികള്‍ക്കും സര്‍ക്കാറിന്റെ പൂര്‍ണ്ണ പിന്തുണ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
മഴക്കാലക്കെടുതികള്‍ സംബന്ധിച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലയില്‍ ഒരു ഏകജാലക സംവിധാനം ഒരുക്കണമെന്ന് മന്ത്രി ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുതകുന്നതാവണം ഈ സെല്‍. മഴക്കാലപൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി നടത്തുന്ന വിവിധ പ്രവര്‍ത്തനങ്ങളില്‍ ജനകീയ പങ്കാളിത്തം ഉറപ്പാക്കണം. ജനപ്രതിനിധികള്‍, രാഷ്ട്രീയ കക്ഷികള്‍, യുവജന സംഘടനകള്‍, സന്നദ്ധ സംഘടനകള്‍, ക്ലബ്ബുകള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവരുമായി സഹകരിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഓരോ നിയോജക മണ്ഡലത്തിലും അതത് എംഎല്‍എമാരുടെ നേതൃത്വത്തിലായിരിക്കണം പ്രവര്‍ത്തനം നടത്തേണ്ടത്. ഓരോ മണ്ഡലത്തിലും ഇത് സംബന്ധിച്ച് പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് പ്രതേ്യകം ഉദേ്യാഗസ്ഥരെ നിയോഗിച്ചതായും മന്ത്രി അറിയിച്ചു.
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഓരോ തദ്ദേശ ഭരണ വാര്‍ഡിനും അനുവദിച്ചിട്ടുള്ള 25,000 രൂപയുടെ ധനസഹായം ഫലപ്രദമായി വിനിയോഗിക്കണം. ധനസഹായം ലഭിക്കുന്ന കാര്യത്തില്‍ കാലതാമസം നേരിടുകയാണെങ്കില്‍ തുക ബന്ധപ്പെട്ട തദ്ദേശ ഭരണ സ്ഥാപനത്തിന്റെ പദ്ധതി വിഹിതത്തില്‍ നിന്ന് എടുക്കുന്നതിന് സര്‍ക്കാര്‍ ഇതിനകം അനുവാദം നല്‍കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഏറ്റെടുത്ത പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുന്നതിന് തുക മതിയാവാതെ വരികയാണെങ്കില്‍ ഒഴിവാക്കാനാവാത്ത സാഹചര്യത്തില്‍ 5000 രൂപയുടെ അധികത്തുക കൂടി പദ്ധതി വിഹിതത്തില്‍ നിന്ന് മാറാവുന്നതാണെന്നും മന്ത്രി അറിയിച്ചു. പ്രകൃതി ക്ഷോഭത്തിനിരയായവര്‍ക്കുള്ളസര്‍ക്കാര്‍ ധനസഹായം 48 മണിക്കൂറിനുളളില്‍ തന്നെ വിതരണം ചെയ്യണമെന്ന സര്‍ക്കാര്‍ തീരുമാനം നടപ്പാക്കുന്നതില്‍ ഒരു വീഴ്ചയും ഉണ്ടാവരുത്. ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്ന ഉദേ്യാഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാവുമന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി. ഇത് സംബന്ധിച്ച അനേ്വഷണ റിപോര്‍ട്ട് 24 മണിക്കൂറിനകം നല്‍കണം.
ആദിവാസികള്‍, ഇതര സംസ്ഥാനത്തൊഴിലാളികള്‍ തുടങ്ങിയവരുടെ താമസ സ്ഥലങ്ങള്‍ ബന്ധപ്പെട്ട ഉദേ്യാഗസ്ഥര്‍ സന്ദര്‍ശിക്കുകയും ആരോഗ്യകരമായ ചുറ്റുപാടിലാണ് അവര്‍ താമസിക്കുന്നതെന്ന് ഉറപ്പ് വരുത്തുകയും വേണം. തെരുവോരങ്ങളില്‍ കഴിയുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ജില്ലാതലത്തില്‍ നടപടി ഉണ്ടാവണമെന്ന് മന്ത്രി ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
മേയര്‍ അജിത യജരാജന്‍, പി കെ ബിജു എംപി, നിയുക്ത എംഎല്‍എമാരായ ബി ഡി ദേവസ്സി, ഗീതാഗോപി, മുരളി പെരുനെല്ലി, കെ രാജന്‍, വി ആര്‍ സുനില്‍കുമാര്‍, ടൈസണ്‍ മാസ്റ്റര്‍, അനില്‍ അക്കര, യു ആര്‍ പ്രദീപ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍, വൈസ് പ്രസിഡന്റ് കെ പി രാധാകൃഷണന്‍, ജില്ലാ കലക്ടര്‍ വി രതീശന്‍, ജില്ലാ പോലീസ് മേധാവികളായ കെ ജി സൈമണ്‍ (സിറ്റി), കെ കാര്‍ത്തിക് (റൂറല്‍), സബ് കലക്ടര്‍ ഹരിത വി കുമാര്‍, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ പി പത്മകുമാര്‍, വിവിധ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ഭാരവാഹികള്‍, ഉദേ്യാഗസ്ഥര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it