kasaragod local

പകര്‍ച്ചവ്യാധി വ്യാപകമാവുന്നു; രോഗപ്രതിരോധം ഊര്‍ജിതമാക്കും: ആരോഗ്യവകുപ്പ്

കാസര്‍കോട്: ജില്ലയില്‍ പനിയും മറ്റു പകര്‍ച്ചവ്യാധികളും വ്യാപകമായി റിപോര്‍ട്ട് ചെയ്ത പഞ്ചായത്തുകളില്‍ രോഗനിരീക്ഷണം, ചികില്‍സ, രോഗപ്രതിരോധം, ബോധവല്‍ക്കരണ പരിപാടികള്‍ എന്നിവ ഊര്‍ജ്ജിതമായി നടപ്പിലാക്കാന്‍ ആരോഗ്യവകുപ്പിലെ സൂപ്പര്‍വൈസര്‍മാരുടെ അവലോകന യോഗത്തില്‍ തീരുമാനിച്ചു.
പകര്‍ച്ചപ്പനി, ഡെങ്കിപ്പനി, മലമ്പനി, എലിപ്പനി തുടങ്ങിയ രോഗങ്ങള്‍ റിപോര്‍ട്ട് ചെയ്ത പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഉറവിട നശീകരണം, ഫോഗിങ്, സ്‌പ്രെയിങ്, ഗപ്പി മല്‍സ്യങ്ങളുടെ വിതരണം, സ്വയംരക്ഷയ്ക്കുവേണ്ട മാര്‍ഗങ്ങള്‍ എന്നിവ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കും. ഡെങ്കിപ്പനിയുടെ ടൈപ്പ് നിര്‍വ്വചിക്കാനായി സിറം സാമ്പിളുകള്‍ ശേഖരിച്ച് പബ്ലിക് ഹെല്‍ത്ത് ലാബിലേക്ക് അയച്ചുകൊടുക്കും. ദൈനംദിന പനി, മറ്റു പകര്‍ച്ചവ്യാധികള്‍, സംശയാസ്പദമായ മരണത്തിന്റെ കാരണങ്ങള്‍ എന്നിവയുടെ റിപോര്‍ട്ട് അതാതു പിഎച്ച്‌സികളില്‍ നിന്നു ശേഖരിച്ച് ജില്ലാ മെഡിക്കല്‍ ഓഫിസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എപ്പിഡമിക് സെല്ലിലേക്ക് അയച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കും.
ഡെങ്കിപ്പനി കൂടുതലായി റിപോര്‍ട്ട് ചെയ്യപ്പെടുന്ന സ്ഥലങ്ങളില്‍ കൊതുക് കൂത്താടി ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ സജിവമാക്കും. ഇതരസംസ്ഥാന തൊഴിലാളികളെ പ്രത്യേക നിരീക്ഷണ വിധേയരാക്കി അവരുടെ രക്തസാമ്പിളുകള്‍ ശേഖരിച്ച് ചികില്‍സ ഉറപ്പുവരുത്തും.
ജില്ലയിലെ എല്ലാ പിഎച്ച്‌സികളിലും സ്വകാര്യ ആശുപത്രികളിലും പനി ചികില്‍സ പട്ടിക പ്രദര്‍ശിപ്പിക്കും. രോഗികളെ പരിശോധിക്കുന്ന സര്‍ക്കാര്‍ സ്വകാര്യ ഡോക്ടര്‍മാര്‍ക്ക് ഡെങ്കിപ്പനിയുടെ ദേശീയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ പുസ്തകം വിതരണം ചെയ്യും. നോട്ടീസ് വിതരണം, പോസ്റ്റര്‍ പ്രദര്‍ശനം, മൈക്ക് പ്രചാരണം എന്നിവയിലൂടെ ബോധവല്‍ക്കണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തും.
അവലോകന യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. എ പി ദിനേശ്കുമാര്‍, ഡെപ്യൂട്ടി ഡിഎംഒ ഡോ. ഇ മോഹനന്‍, ഡോ. എ വി രാംദാസ്, ജില്ലാ മാസ് മീഡിയ ഓഫിസര്‍ എം രാമചന്ദ്ര, ജില്ലാ മലേറിയ ഓഫിസര്‍ വി സുരേശന്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് കെ അബ്ദുല്‍ഖാദര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it