Kollam Local

പകര്‍ച്ചപ്പനി തടയാന്‍ ആരോഗ്യ മേഖലയില്‍ സംയുക്ത നടപടിക്ക് ശുപാര്‍ശ

കൊല്ലം: ജില്ലയില്‍ പകര്‍ച്ചപ്പനി തടയാന്‍ അലോപ്പതി-ആയൂര്‍വേദ-ഹോമിയോപ്പതി വകുപ്പുകളുടെ സംയോജിത നടപടിക്ക് ശുപാര്‍ശ. ജില്ലാ വികസന സമിതിയില്‍ കെ എന്‍ ബാലഗോപാല്‍ എംപിയാണ് ആവശ്യം ഉന്നയിച്ചത്. വിഷയത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ എ ഷൈനാമോള്‍ അറിയിച്ചു. അച്ചന്‍കോവില്‍ പിഎച്ച്‌സിയില്‍ ഡോക്ടര്‍മാരുടെ കുറവ് എത്രയും പെട്ടന്ന് പരിഹരിക്കണമെന്ന് കെ രാജു എംഎല്‍എ ആവശ്യപ്പെട്ടു. ആദിവാസി വിഭാഗങ്ങള്‍ ഏറെയുള്ള ഈ പ്രദേശത്ത് രോഗികള്‍ക്ക് ഏക ആശ്രയമാണ് അച്ചന്‍കോവില്‍ പിഎച്ച്‌സിയെന്നും അതിനാല്‍ അടിയന്തര നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നഗരത്തില്‍ നിന്ന് ഉള്‍പ്രദേശത്തേക്കുള്ള കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ പതിവായി മുടങ്ങുന്നത് ഏറെ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നുണ്ടെന്നും ഇതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നും പി കെ ഗുരുദാസന്‍ എംഎല്‍എ ആവശ്യപ്പെട്ടു. റോഡുകളുടെ അറ്റകുറ്റ പണികള്‍ക്ക് ജില്ലാ പൊതുമരാമത്ത് വകുപ്പിന് അനുവദിക്കുന്ന തുക അപര്യാപ്തമാണെന്നും കുറഞ്ഞത് 150 കോടി രൂപയെങ്കിലും ജില്ലയ്ക്ക് വേണ്ടി സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നും മുല്ലക്കര രത്‌നാകരന്‍ എംഎല്‍എ പ്രമേയത്തിലൂടെ നിര്‍ദേശിച്ചു.
Next Story

RELATED STORIES

Share it