Kollam Local

പകര്‍ച്ചപ്പനി; ചികില്‍സാ സൗകര്യങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന് ജില്ലാ വികസന സമിതി

കൊല്ലം:ജില്ലയില്‍ ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള മഴക്കാല രോഗങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ചികില്‍സാസൗകര്യങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന് ജില്ലാ വികസന സമിതി യോഗം നിര്‍ദ്ദേശിച്ചു. കിഴക്കന്‍ മേഖലയില്‍ കൂടുതല്‍ പേര്‍ക്ക് പനി ബാധിച്ചതായി റിപ്പോര്‍ട്ട്‌ചെയ്യപ്പെട്ടിട്ടുള്ളതിനാല്‍ അലോപ്പതി, ആയൂര്‍വേദം, ഹോമിയോ വിഭാഗങ്ങള്‍ സംയുക്തമായി ഈ മേഖലയില്‍ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. ജില്ലാ കലക്ടര്‍ എ ഷൈനാമോള്‍ അധ്യക്ഷത വഹിച്ചു. ജില്ലയില്‍ വെള്ളിയാഴ്ച വരെ 428 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതായും 1059 പേര്‍ക്ക് രോഗബാധയുള്ളതായി സംശയിക്കുന്നതായും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ യോഗത്തില്‍ അറിയിച്ചു. 33 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഏരൂര്‍, പിറവന്തൂര്‍ മേഖലകളിലാണ് ഡെങ്കിപ്പനിബാധ കൂടുതലുള്ളത്. റബര്‍ പ്ലാന്റേഷനുകളില്‍ കൊതുകുകള്‍ പെരുകുന്നതാണ് പ്രധാന കാരണമായി കണ്ടെത്തിയിട്ടുള്ളത്. രോഗ ബാധിതര്‍ക്ക് ചികിത്സ ലഭ്യമാക്കുന്നതിനും കൊതുകുകളുടെ ഉറവിട നശീകരണത്തിനും നടപടി സ്വീകരിച്ചതായി ഡിഎംഒ വ്യക്തമാക്കി.പനി ക്ലിനിക്കുകളുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കണമെന്നും സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ സേവനവും മരുന്നുകളുടെ ലഭ്യതയും ഉറപ്പാക്കണമെന്നും കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ നിര്‍ദ്ദേശിച്ചു. ചവറ, പന്മന മേഖലകളില്‍ ഡങ്കിപ്പനി വ്യാപകമാണെന്ന് ചൂണ്ടിക്കാട്ടിയ കെ വിജയന്‍പിള്ള എം എല്‍ എ രോഗബാധിതര്‍ക്കെല്ലാം ചികില്‍സ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.ജില്ലയില്‍ കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട പൈപ്പുകളിടുന്നതും അറ്റുകുറ്റപ്പണികള്‍ നടത്തുന്നതും ഉള്‍പ്പെടെയുള്ള ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് മുല്ലക്കര രത്‌നാകരന്‍ എംഎല്‍എ നിര്‍ദ്ദേശിച്ചു. റോഡുകളുടെ അറ്റകുറ്റപ്പണികള്‍ വേഗത്തിലാക്കുകയും റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനുള്ള മുന്‍കരുതല്‍ സംവിധാനങ്ങള്‍ ഉറപ്പാക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. വിവിധ വകുപ്പുകളില്‍ നിലവിലുള്ള ഒഴിവുകള്‍ ജില്ലാ മേധാവികള്‍ റിപോര്‍ട്ട് ചെയ്യണം. ഇതിന്റെ വിശദാംശങ്ങള്‍ അടുത്ത ജില്ലാ വികസന സമിതി യോഗത്തില്‍ സമര്‍പ്പിക്കണമെന്നും എം നൗഷാദ് എംഎല്‍എ പറഞ്ഞു. ആലപ്പാട് പഞ്ചായത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്ന് ആര്‍ രാമചന്ദ്രന്‍ എംഎല്‍എ നിര്‍ദ്ദേശിച്ചു. ജില്ലയില്‍ വില്‍പ്പന നടത്തുന്ന പഴവര്‍ഗങ്ങള്‍ ആരോഗ്യത്തിന് ഹാനികരമാകുന്നവയല്ലെന്ന് ഉറപ്പുവരുത്താന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ശ്രദ്ധിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ നിര്‍ദ്ദേശിച്ചു. ജില്ലയിലെ 12 സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടങ്ങള്‍ ക്ലാസ് നടത്താന്‍ കഴിയാത്ത വിധം ശോച്യാവസ്ഥയിലാണ്. അടിയന്തര അറ്റകുറ്റപ്പണി നടത്തേണ്ട കെട്ടിടങ്ങളുമുണ്ട്. ഇതിന് പരിഹാരം കണ്ടെത്തുന്നതിന് കൂട്ടായ പരിശ്രമം വേണംമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ശിവശങ്കരപ്പിള്ള, വനം മന്ത്രി കെ രാജുവിന്റെ പ്രതിനിധി വിനോദ് കുമാര്‍, കെ സി വേണുഗോപാല്‍ എംപിയുടെ പ്രതിനിധി തൊടിയൂര്‍ രാമചന്ദ്രന്‍,കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ പ്രതിനിധി ഏബ്രഹാം സാമുവല്‍, ജില്ലാ പ്ലാനിങ് ഓഫിസര്‍ വി എസ് ബിജു എന്നിവരും പങ്കെടുത്തു.
Next Story

RELATED STORIES

Share it