നൗഷാദിന്റെ ഭാര്യക്ക് വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച് ജോലി: മുഖ്യമന്ത്രി

കോഴിക്കോട്: മാന്‍ഹോള്‍ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച ഓട്ടോ ഡ്രൈവര്‍ നൗഷാദിന്റെ ഭാര്യക്ക് ജോലി നല്‍കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഭാര്യ സഫീനയുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ചുള്ള ജോലി സര്‍ക്കാര്‍ നല്‍കും. കോഴിക്കോട് കരുവിശ്ശേരിയിലെ നൗഷാദിന്റെ വീട് സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സഫീനയ്ക്ക് ജോലി ലഭിക്കുന്നതിനുള്ള നടപടികള്‍ പെട്ടെന്നു തന്നെ പൂര്‍ത്തിയാക്കും. നൗഷാദിന്റെ കുടുംബത്തിന് ആവശ്യമായ ധനസഹായവും സര്‍ക്കാര്‍ നല്‍കും. കുടുംബം ആവശ്യപ്പെടുന്ന എന്തു സഹായവും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. മാന്‍ഹോളില്‍ കുടുങ്ങിയവരെ രക്ഷിക്കാനായി എത്തിയ നൗഷാദിന്റെ പ്രവര്‍ത്തനം സമൂഹത്തിന് മാതൃകയാണ്. മറ്റുള്ളവരെ സഹായിക്കുന്നവരെ സര്‍ക്കാര്‍ കൈവിടില്ല. രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ അപകടത്തില്‍പ്പെടുന്നവരുടെ കുടുംബങ്ങളെ കണ്ടില്ലെന്നു നടിക്കാന്‍ സര്‍ക്കാരിനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇവര്‍ക്ക് നല്‍കുന്ന സഹായം സര്‍ക്കാരിന്റെ ഔദാര്യമല്ല. അത് സമൂഹത്തിന്റെ കടമയാണ്. നൗഷാദിന്റെ പ്രവര്‍ത്തനം ധീരതയ്ക്കുള്ള അവാര്‍ഡിനു സര്‍ക്കാര്‍ പരിഗണിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഉപയോഗിക്കാതെ കിടക്കുന്ന കിണറുകളും മാന്‍ഹോളുകളും മറ്റും ശുദ്ധീകരിക്കുമ്പോള്‍ കൂടുതല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതുണ്ട്. കലക്ടറുടെ റിപോര്‍ട്ട് കിട്ടിയതിനു ശേഷം അനന്തര നടപടിയെടുക്കും. പത്രം വായിച്ചപ്പോഴാണ് നൗഷാദിന്റേത് അപകടമരണമല്ലെന്നും രണ്ടു വിലപ്പെട്ട ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തിനിടെയുള്ള മരണമാണെന്നും മനസ്സിലായത്. അതോടെ മറ്റു പരിപാടികള്‍ മാറ്റി കോഴിക്കോട്ടേക്കു വരുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it