നൗഷാദിന്റെ ജീവത്യാഗത്തിനും സഹജീവികളെ രക്ഷിക്കാനായില്ല

കോഴിക്കോട്: ഒരു പരിചയവുമില്ലാത്ത രണ്ട് പേര്‍ക്കുവേണ്ടി ജീവത്യാഗം ചെയ്ത നൗഷാദ് നല്‍കിയത് സഹജീവി സ്‌നേഹത്തിന്റെ മായാത്ത മാതൃക. ഓട വൃത്തിയാക്കാനിറങ്ങിയ ഇതര സംസ്ഥാന തൊഴിലാളികളെ രക്ഷിക്കാനിറങ്ങിയ യുവാവ് മൃതദേഹമായി പുറത്തെടുക്കപ്പെട്ടപ്പോള്‍ അത് കണ്ടു നിന്നവര്‍ക്ക് വേദനയായി.
കെഎല്‍ 11 എസ് 6693 നമ്പറിലുള്ള ഓട്ടോറിക്ഷയുമായി പാളയത്തേക്ക് ഓട്ടം വന്ന് യാത്രക്കാരെ ഇറക്കിവിട്ട് കടയില്‍ എത്തി ചായ കുടിക്കുകയായിരുന്നു. അപ്പോഴാണ് ജയ ഓഡിറ്റോറിയത്തിന് മുന്നില്‍നിന്നും നിലവിളിയും ബഹളവും കേട്ട് നൗഷാദ് ഇറങ്ങിയോടിയത്.
അദ്ദേഹം മാന്‍ഹോളിനടുത്ത് എത്തുമ്പോഴേക്കും ആന്ധ്ര സ്വദേശികളായ ഭാസ്‌കറും നരസിംഹവും ഓടയിലേക്കിറങ്ങി അപ്രത്യക്ഷരായിരുന്നു. പിറകെ നൗഷാദും ഇറങ്ങി. ആറടി വെള്ളമുള്ള ഓടയിലേക്ക് ഇറങ്ങിയപ്പോള്‍ നൗഷാദിനെ അടുത്തുള്ള കടക്കാരും ചുറ്റും കൂടിയവരും വിലക്കിയെങ്കിലും വകവച്ചില്ല. ഇതിനിടെ താഴെയെത്തിയപ്പോള്‍ മുങ്ങിക്കൊണ്ടിരിക്കുന്ന ആരോ നൗഷാദിന്റെ കാലില്‍ പിടിച്ചു. ഇതോടെ പിടിവിട്ട് അദ്ദേഹവും താഴെ മലിന ജലത്തിലേക്ക് വീഴുകയായിരുന്നു.
നൗഷാദ് കുഴഞ്ഞുവീഴുന്നതുകണ്ട് നാട്ടുകാര്‍ സമീപത്തെ പൈപ്പ് ഇട്ടുകൊടുത്തെങ്കിലും അര്‍ധ ബോധാവസ്ഥയിലായതിനാല്‍ പിടിച്ചുകയറാനായില്ല. ആദ്യത്തെ തൊഴിലാളി വീഴുന്നതുകണ്ട് രണ്ടാമത്തെയാളും രക്ഷിക്കാനിറങ്ങുകയായിരുന്നു.
മേല്‍നോട്ടക്കാരന്‍ ഈ സമയം ഡീസല്‍ വാങ്ങാനായി പോയതായിരുന്നു. ഓക്‌സിജന്‍ മാസ്‌ക് ധരിച്ചാണ് ഫയര്‍ഫോഴ്‌സ് മാന്‍ഹോളിലേക്കിറങ്ങിയത്. മാസങ്ങളായി തുറക്കാത്ത മാന്‍ഹോളില്‍ വര്‍ധിച്ച തോതില്‍ വിഷവാതകമുണ്ടായിരുന്നുവെന്ന് ഫയര്‍ഫോഴ്‌സ് പറഞ്ഞു. ഭാസ്‌കറിന്റെയും നരസിംഹത്തിന്റെയും ശരീരങ്ങളാണ് ആദ്യം കിട്ടിയത്. പതിനഞ്ച് മിനിറ്റ് കഴിഞ്ഞാണ് ചലനമറ്റ നിലയില്‍ നൗഷാദിന്റെ ശരീരം ലഭിച്ചത്.
Next Story

RELATED STORIES

Share it