നൗഷാദിന്റെ കുടുംബത്തെ സര്‍ക്കാര്‍ സഹായിച്ചത് മുസ്‌ലിമായതിനാല്‍: വെള്ളാപ്പള്ളി

ആലുവ: ഓടവൃത്തിയാക്കുന്നതിനിടയില്‍ അപകടത്തില്‍പ്പെട്ട ഇതര സംസ്ഥാന തൊഴിലാളികളെ രക്ഷിക്കുന്നതിനിടെ മരിച്ച നൗഷാദ് മുസ്‌ലിമായതിനാലാണ് സര്‍ക്കാര്‍ സഹായങ്ങള്‍ നല്‍കിയതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സമത്വമുന്നേറ്റയാത്രയ്ക്ക് ആലുവയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിനാല്‍ മരിക്കണമെങ്കില്‍ മുസ്‌ലിമായിത്തന്നെ മരിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
നൗഷാദിന് ആനുകൂല്യം നല്‍കിയ സര്‍ക്കാര്‍ വാഹനാപകടത്തില്‍ മരിച്ച ഹാന്‍ഡ് ബോള്‍ താരങ്ങളെ അവഗണിച്ചത് അവര്‍ ഹിന്ദുക്കളായതിനാലാണ്. എസ്എന്‍ഡിപിക്ക് ബിജെപിയോട് ഒരു അയിത്തവുമില്ല. സഹകരിക്കേണ്ട എല്ലാ മേഖലയിലും സഹകരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാം തികഞ്ഞ യോഗ്യനാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. വി എസ് അച്യുതാനന്ദന്‍ ഇനി വിശ്രമിക്കുകയാണ് നല്ലത്. ദേശാഭിമാനിയും കൈരളി ചാനലും തനിക്കെതിരേ വിഷം വിളമ്പുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കോണ്‍ഗ്രസ്സുകാര്‍ തന്റെ യാത്രയില്‍ പങ്കെടുക്കരുതെന്ന് ഉത്തരവിട്ട വി എം സുധീരന്‍ വിവരക്കേടാണ് വിളമ്പിയത്. ഇങ്ങനെ നോക്കിയാല്‍ കോണ്‍ഗ്രസ് ആളില്ലാതെ പിരിച്ചുവിടേണ്ടിവരുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. താന്‍ കേരള തൊഗാഡിയ ആണെന്ന വി എം സുധീരന്റെ പരമാര്‍ശം തനിക്ക് അലങ്കാരമായി ഇരുന്നോട്ടെ. നരേന്ദ്ര മോദിയോടുള്ള വിമര്‍ശനം കൊണ്ട് സിപിഎം സ്വയം അപഹാസ്യമാവുകയാണ്. ജനപിന്തുണ നഷ്ടപ്പെട്ട സിപിഎമ്മിന് ഇനി പ്രസക്തിയില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
എസ്എന്‍ഡിപി യോഗം ആഹ്വാനം ചെയ്തതുകൊണ്ടുമാത്രം മുഴുവന്‍ എസ്എന്‍ഡിപി അംഗങ്ങളുടേയും വോട്ടുകള്‍ ബിജെപിക്കു ലഭിക്കില്ല. ഈഴവരെ ഇടതു-വലതു മുന്നണികള്‍ വോട്ടുകുത്തികളാക്കിയതിലുള്ള പ്രതിഷേധമാണ് തന്റെ രാഷ്ട്രീയപാര്‍ട്ടി രൂപീകരണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ക്രിസ്ത്യാനികള്‍ക്കുവേണ്ടി രൂപീകരിച്ച കേരള കോണ്‍ഗ്രസ്സിനെപ്പോലെയും മുസ്‌ലിംകള്‍ക്കുവേണ്ടിയുള്ള മുസ്‌ലിം ലീഗിനെപ്പോലെയും ഒരു പാര്‍ട്ടിയാണ് താന്‍ രൂപീകരിക്കാന്‍ പോവുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്എന്‍ഡിപിക്കു കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കോഴ ഒഴിവാക്കി മാതൃക കാട്ടുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അത് ആദ്യം മറ്റുള്ളവര്‍ നിര്‍ത്തട്ടെയെന്നായിരുന്നു മറുപടി.
Next Story

RELATED STORIES

Share it