ന്യൂസിലന്‍ഡിന് വീണ്ടുമൊരു സെമി ദുരന്തം

ന്യൂഡല്‍ഹി: ടൂര്‍ണമെന്റിലുടനീളം മിന്നുന്ന പ്രകടനം നടത്തിയിട്ടും സെമി ഫൈനലെന്ന ശാപം ന്യൂസിലന്‍ഡിനെ വിട്ടൊഴിയുന്നില്ല. ഇതിന്റെ പുതിയ ഉദാഹരണമാണ് ട്വന്റി ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇംഗ്ലണ്ടിനോടേറ്റ തോല്‍വി.
സൂപ്പര്‍ 10ല്‍ കളിച്ച നാലു മല്‍സരങ്ങളിലും ജയിച്ച ഏക ടീമാണ് കിവീസ്. തോല്‍പ്പിച്ചതാവട്ടെ ആതിഥേയരും കിരീടഫേവറിറ്റുകളുമായ ഇന്ത്യ, മറ്റൊരു കിരീടഫേവറിറ്റുകളായ ആസ്‌ത്രേലിയ, മുന്‍ ചാംപ്യന്‍മാരായ പാകിസ്താന്‍, അട്ടിമറിവീരന്മാരായ ബംഗ്ലാദേശ് എന്നിവരെയും. എല്ലാ കളികളിലും ആധികാരികമായിരുന്നു കിവികളുടെ പ്രകടനം.
എന്നാല്‍ ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലില്‍ ന്യൂസിലന്‍ഡിന് ബാറ്റിങും ബൗളിങും പിഴച്ചു. ഫലമാവട്ടെ ഏഴു വിക്കറ്റ് തോല്‍വിയോടെ ഫൈനല്‍ കാണാതെ പുറത്ത്. ഇതുവരെ ഐസിസിയുടെ ആറു ടൂര്‍ണമെന്റുകളിലാണ് ന്യൂസിലന്‍ഡിന് സെമിയില്‍ കാലിടറിയത്. കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പില്‍ മാത്രമാണ് ബ്ലാക് കാപ്‌സ് ഫൈനലില്‍ കടന്നത്. കലാശക്കളിയില്‍ ആസ്‌ത്രേലിയയോട് പരാജയപ്പെടുകയും ചെയ്തു.
നിര്‍ഭാഗ്യമല്ല ഇത്തവണ ഇംഗ്ലണ്ടിനെതിരേ ന്യൂസിലന്‍ഡിനെ ചതിച്ചതെന്ന് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ പറഞ്ഞു.
''ക്രിക്കറ്റില്‍ ഓരോ മല്‍സരവും വ്യത്യസ്തമാണ്. പ്രത്യേകിച്ചും ട്വന്റിയില്‍ ആര്‍ക്കും ജയിക്കാമെന്ന സ്ഥിതിയാണുള്ളത്. നിര്‍ഭാഗ്യവശാല്‍ സെമിയില്‍ ഇംഗ്ലണ്ടാണ് ഞങ്ങളേക്കാള്‍ നന്നായി കളിച്ചത്. അവര്‍ ഫൈനലിലെത്തുകയും ചെയ്തു. പ്രതീക്ഷിച്ചതിനേക്കാള്‍ 25 റണ്‍സ് കുറച്ചാണ് ഞങ്ങള്‍ നേടിയത്. ബാറ്റിങില്‍ അവസാന അഞ്ചോവറിലാണ് മല്‍സരം കൈവിട്ടത്'' - വില്യംസണ്‍ വിശദമാക്കി.
Next Story

RELATED STORIES

Share it