ന്യൂയോര്‍ക്ക് സബ്‌വേക്ക് 111

ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും വലിയ സബ്‌വേ ഗതാഗത ശൃംഖലയായ ന്യൂയോര്‍ക്ക് സബ്‌വേ 111 വയസ്സു പിന്നിട്ടു. 1904 ഒക്ടോബര്‍ 27ന് വൈകീട്ട് ഏഴു മണിക്കായിരുന്നു സബ്‌വേ പ്രവര്‍ത്തനം തുടങ്ങിയത്. ലോകത്തെ ഭൂമിക്കടിയിലൂടെയുള്ള ആദ്യ ഗതാഗത സംവിധാനമായ ലണ്ടന്‍ ബോട്‌സ് ട്രെയിന്‍ 1863ലും അമേരിക്കയിലെ ബോസ്റ്റണ്‍ സബ്‌വേ 1897ലും ഗതാഗതത്തിനു തുറന്നുകൊടുത്തിരുന്നു. എന്നാല്‍, 28 സ്റ്റേഷനുകളും 9.1 മൈല്‍ ദൂരവുമുള്ള ന്യൂയോര്‍ക്ക് സബ്‌വേ ആയിരുന്നു ഏറ്റവും വലിയ ഭൂഗര്‍ഭ ഗതാഗത ശൃംഖല.
മന്‍ഹാട്ടന്‍ സിറ്റി ഹാളിനു താഴെ നിന്നു തുടങ്ങി മിഡ് ടൗണിലെ ഗ്രാന്‍ഡ് സെന്‍ട്രല്‍ ടെര്‍മിനല്‍ വരെ നീളമുള്ള സബ്‌വേ 42ാം തെരുവിനു താഴെ ടൈം സ്‌ക്വയറിന് അടിയിലൂടെയാണു കടന്നുപോവുന്നത്.
ന്യൂയോര്‍ക്ക് സബ്‌വേ ഉദ്ഘാടനം ചെയ്യപ്പെട്ട ദിവസം ഒരു ലക്ഷത്തോളം പേരാണ് യാത്ര ചെയ്യാനായി എത്തിയത്. 1905, 1908, 1915 വര്‍ഷങ്ങളില്‍ സബ്‌വേ ശൃംഖല നീട്ടുകയുണ്ടായി. ഇപ്പോള്‍ 4.5 മില്യണ്‍ യാത്രക്കാരാണ് പ്രതിദിനം യാത്ര ചെയ്യുന്നത്. ന്യൂ ജഴ്‌സിയിലേക്കും ചിക്കാഗോയിലേക്കുമുള്ള ട്രെയിന്‍ ശൃംഖലയുമായും സബ്‌വേ ബന്ധിപ്പിച്ചിട്ടുണ്ട്. ഒരു ദിവസവും മുടക്കമില്ലാതെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ലോകത്തെ ഏക സബ്‌വേ ആണ് ന്യൂയോര്‍ക്കിലേത്.
Next Story

RELATED STORIES

Share it