Idukki local

ന്യൂമാന്‍ കോളജിന്റെ പ്രധാന കവാടം അധികൃതര്‍ ഭിത്തികെട്ടി അടച്ചു

തൊടുപുഴ: പെണ്‍കുട്ടിയെ വാഹനമിടിച്ചതിനെ തുടര്‍ന്നു അടച്ചിരുന്ന കോളജ് ഗേറ്റ് കോളജ് അധികൃതര്‍ വീണ്ടും ഭിത്തി കെട്ടി അടച്ചു.കഴിഞ്ഞ ദിവസം അടച്ച ഗേറ്റ് വിദ്യാര്‍ഥി പ്രക്ഷോഭത്തെ തുടര്‍ന്നാണ് തുറന്നത്.ഇതിനുശേഷം കോളജിനു അവധിയായിരുന്ന ഇന്നലെ വീണ്ടും ഗേറ്റ് സിമന്റ് ഇഷ്ടിക കെട്ടി അടച്ചു. മുന്‍ രാഷ്ട്രപതി ഡോ.എപിജെ അബ്ദുള്‍ കലാമിന്റെ സ്മാരകമായി കലാം പാര്‍ക്ക് നിര്‍മ്മിക്കാനാണ് ഗേറ്റ് അടച്ചതെന്നാണ് പ്രിന്‍സിപ്പല്‍ ഡോ.ടി.എം. ജോസഫ് അറിയിച്ചത്.
എന്നാല്‍ ഭൂമി കയ്യേറി നിര്‍മ്മിച്ചെന്ന ആരോപണമുള്ള പുതിയ വഴി തുറക്കാനുള്ള നീക്കമാണ് നടത്തുന്നതെന്ന ആക്ഷേപവും കോളജിനെതിരെയുണ്ട്. കോളജിലേക്ക് പുതിയ റോഡ് ബൈപാസില്‍ നിന്നു തുറന്നതോടെയാണ് കോളജ് റോഡിലേക്ക് ഉണ്ടായിരുന്ന പഴയ ഗേറ്റ് അടച്ചു പൂട്ടിയത്.
ഇതിനിടെ കഴിഞ്ഞ ആഴ്ച പുതിയ കവാടത്തിലേക്കുള്ള റോഡില്‍ മൂന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥി ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് വിദ്യര്‍ഥിനിയെ ഇടിച്ചു വീഴ്ത്തിയിരുന്നു. വാഹനാപകടത്തിന്റെ മറവില്‍ അടച്ച ഗേറ്റ് വിദ്യാര്‍ഥികള്‍ സംഘടിച്ചെത്തി കവാടം തള്ളിത്തുറക്കുകയായിരുന്നു.
വണ്ണപ്പുറം, ഉടുമ്പന്നൂര്‍, കോടിക്കുളം, കരിമണ്ണൂര്‍ തുടങ്ങിയ തൊടുപുഴയുടെ കിഴക്കന്‍ മേഖലകളില്‍ നിന്നുള്ള കുട്ടികള്‍ മങ്ങാട്ടുകവല സ്റ്റാന്‍ഡില്‍ ബസിറങ്ങി കോളജിലേക്ക് പോകാന്‍ ഉപയോഗിച്ചിരുന്ന കവാടമാണ് കോളജ് അധികൃതര്‍ പൂട്ടിയത്.
ഈ ഗേറ്റ് അടച്ചാല്‍ കുട്ടികള്‍ അര കിലോമീറ്റര്‍ ചുറ്റി സഞ്ചരിച്ച് കോളേജ് കാംപസില്‍ എത്തേണ്ടിവരും. നിലവിലുള്ള കവാടത്തിന്റെ വശത്തെ നടപ്പാത ക്ലാസ് തുടങ്ങുമ്പോഴും പിരിയുമ്പോഴും തുറന്നുവയ്ക്കണമെന്നു പെണ്‍കുട്ടികളടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു.
ഗാന്ധിജി സ്റ്റഡി സെന്റര്‍ കാര്‍ഷികമേളയുമായി ബന്ധപ്പെട്ട് കാഞ്ഞിരമറ്റം ബൈപാസില്‍ നിന്നും കോളജിലേക്ക് പുതിയ വഴി തുറന്നിരുന്നു. പൊതുവഴി കൈയേറി നടത്തിയ നിര്‍മാണം എന്നതിന്റെ പേരില്‍ നാട്ടുകാര്‍ ഇതിനെ പ്രതിരോധിക്കുകയും നിര്‍മാണം നിര്‍ത്തുകയും ചെയ്തിരുന്നു.
പുറത്തു നിന്നും സമരവുമായി എത്തുന്ന ചില വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകര്‍ അനധികൃതമായി കാമ്പസിനുള്ളില്‍ പ്രവേശിക്കുകയും പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയ ശേഷം ഇടവഴിയിലൂടെ രക്ഷപെടുകയും ചെയ്യുന്നുണ്ട്.
ഇത് തടയുന്നതിനു കൂടിയാണ് പഴയ ഗേറ്റ് പൂര്‍ണമായും അടച്ചതെന്നും കോളജ് അധികൃതര്‍ പറയുന്നു.ഇന്നു മുതല്‍ ട്രാഫിക് പോലിസിന്റെ നേതൃത്വത്തില്‍ ഇവിടെ പരിശോധന നടത്താനും പോലിസിനോട് കോളജ് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Next Story

RELATED STORIES

Share it