Editorial

ന്യൂനപക്ഷ പ്രീണനവും കാനം രാജേന്ദ്രനും

സച്ചാര്‍- രംഗനാഥ കമ്മീഷന്‍ റിപോര്‍ട്ടുകള്‍ നടപ്പാക്കുകയില്ല എന്നാണ് കേന്ദ്രമന്ത്രി താവര്‍ചന്ദ് ഗാലോട്ട് പറയുന്നത്. കേരളത്തിലെ ഹിന്ദുസംഘടനകളുടെ നേതൃസമ്മേളനത്തില്‍ വച്ചാണ് മന്ത്രിയുടെ പ്രഖ്യാപനം. ന്യൂനപക്ഷ പ്രീണനം ലക്ഷ്യമാക്കി യുപിഎ സര്‍ക്കാര്‍ രൂപീകരിച്ചതാണ് രണ്ടു കമ്മീഷനുകളെന്നും അതുകൊണ്ട് ഈ റിപോര്‍ട്ടുകള്‍ നടപ്പാക്കേണ്ടതില്ലെന്നും സുപ്രിംകോടതിയെ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടത്രേ. മതന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടനാപരമായി നല്‍കുന്ന ആനുകൂല്യങ്ങള്‍ക്കെതിരായി ഹിന്ദുത്വശക്തികള്‍ ആസൂത്രിതമായി നീങ്ങുന്നു എന്നാണ് മന്ത്രിയുടെ പ്രസംഗവും ഇതര നടപടികളും നല്‍കുന്ന സൂചന.
സംഘപരിവാരം ഇങ്ങനെയൊരു ആരോപണമുന്നയിക്കുന്നതും വര്‍ഗീയ വിദ്വേഷം വമിക്കുന്ന പ്രചാരണങ്ങളിലേര്‍പ്പെടുന്നതും നമുക്കു മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാല്‍, സമാനമായ നിലപാടുകള്‍ ഇടതുപക്ഷം കൈക്കൊണ്ടാലോ! ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട വിധവകള്‍ക്ക് ഭവനനിര്‍മാണത്തിനു ധനസഹായം നല്‍കാനുള്ള സംസ്ഥാന ബജറ്റിലെ പ്രഖ്യാപനത്തെ വിമര്‍ശിച്ചുകൊണ്ട് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നടത്തിയ പ്രസ്താവന അങ്ങനെയൊരു ആശങ്കയ്ക്കാണു വഴിവയ്ക്കുന്നത്. ന്യൂനപക്ഷ സമുദായാംഗങ്ങളായ വിധവകള്‍ക്കു നല്‍കുന്ന ധനസഹായം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടത്തുന്ന വര്‍ഗീയ പ്രീണനമാണത്രേ. യുഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ സിപിഐക്കും കാനം രാജേന്ദ്രനും സകല സ്വാതന്ത്ര്യവുമുണ്ട്. പക്ഷേ, ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കുകയെന്നത് ലിബറല്‍ വ്യവസ്ഥയില്‍ ആഗോളതലത്തില്‍ തന്നെ സാര്‍വത്രികമാണെന്നതൊക്കെ മറന്നുകൊണ്ടാണ് അദ്ദേഹം സംസാരിക്കുന്നത്. മത-ഭാഷാ-വംശീയ-ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് സംവരണവും സംരക്ഷണവും നല്‍കുന്നത് ആധുനിക സംസ്‌കൃതിയുടെ രീതിയാണ്. ഉമ്മന്‍ചാണ്ടിയുടെ ബജറ്റില്‍ അതിനു വേറെയും ഉദാഹരണങ്ങളുണ്ടുതാനും. എന്നു മാത്രമല്ല മുന്നാക്കസമുദായ ക്ഷേമത്തിനുവേണ്ടിയും ബജറ്റില്‍ പണം വകയിരുത്തിയിട്ടുണ്ട്. ഇങ്ങനെയൊക്കെയായിട്ടും ന്യൂനപക്ഷ സമുദായത്തിലെ വിധവകള്‍ക്കു നല്‍കുന്ന ഒരു ആനുകൂല്യത്തില്‍ വര്‍ഗീയതയും പ്രീണനവും കാണുന്ന സമീപനം സംഘപരിവാര ചിന്തയില്‍ നിന്ന് ഏറെ വ്യത്യസ്തമല്ല. നാടാര്‍ പെണ്‍കുട്ടികള്‍ക്കും മുസ്‌ലിം പെണ്‍കുട്ടികള്‍ക്കും സ്‌കോളര്‍ഷിപ്പുകളുള്ളതും പട്ടിക ജാതി- വര്‍ഗക്കാര്‍ക്കും പല പ്രത്യേക ആനുകൂല്യങ്ങള്‍ ഉള്ളതുമൊന്നും സഖാവിന് അറിയില്ലെന്നുണ്ടോ? ന്യൂനപക്ഷ ക്ഷേമത്തിനു വേണ്ടി വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നതും അദ്ദേഹം അറിഞ്ഞുകാണില്ല. ന്യൂനപക്ഷ മന്ത്രാലയവും ന്യൂനപക്ഷ കമ്മീഷനുകളും ദേശീയതലത്തിലും സംസ്ഥാനതലത്തിലുമുണ്ട്. കാനം രാജേന്ദ്രന്റെ വാദമനുസരിച്ച് ഭരണഘടനാപരമായ ഇത്തരം സ്ഥാപനങ്ങള്‍ രൂപീകരിച്ചതും പ്രീണനത്തിന്റെ ഭാഗമാണെന്നു പറയേണ്ടിവരും.
സച്ചാര്‍- രംഗനാഥ് മിശ്ര കമ്മീഷന്‍ ശുപാര്‍ശകള്‍ക്കെതിരായി കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളുന്ന സമീപനത്തെ സഖാവ് കാനത്തിന്റെ പ്രസ്താവനയോട് ചേര്‍ത്തു വായിക്കണോ നാം?
ഒരു ഇടതുപക്ഷ പ്രസ്ഥാനം, പ്രത്യേകിച്ചും എക്കാലത്തും ന്യൂനപക്ഷ ക്ഷേമത്തിനു വേണ്ടി നിലകൊണ്ട സിപിഐ സംഘപരിവാരത്തിന്റെ സ്വരത്തില്‍ സംസാരിക്കുന്നതു കഷ്ടമാണ്. മണ്ഡല്‍ കമ്മീഷന്‍ ശുപാര്‍ശകളുടെ കാലത്ത് ക്രീമിലെയര്‍ പ്രശ്‌നത്തില്‍ പോലും മുസ്‌ലിം വികാരങ്ങള്‍ക്കൊപ്പം നിന്ന കക്ഷിയാണത് എന്നുകൂടി ഓര്‍ക്കുമ്പോള്‍ വിശേഷിച്ചും.
Next Story

RELATED STORIES

Share it