ന്യൂനപക്ഷ പദവി;സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹം: ഇ ടി മുഹമ്മദ് ബഷീര്‍

ന്യൂഡല്‍ഹി: അലിഗഡ് മുസ്‌ലിം സര്‍വകലാശാലയുടെയും ജാമിഅ മില്ലിയ ഇസ്‌ലാമിയയുടെയും ന്യൂനപക്ഷ പദവി എടുത്തുകളയണമെന്ന് ഗവണ്‍മെ ന്റ് സുപ്രിംകോടതിയിലെടുത്ത സമീപനം അത്യധികം പ്രതിഷേധാര്‍ഹമാണെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എംപി ബജറ്റ് ചര്‍ച്ചാവേളയില്‍ പാര്‍ലമെന്റില്‍ പറഞ്ഞു.
രാജ്യത്തെ മതേതര തത്വങ്ങളെ തന്നെ തകിടംമറിക്കുന്ന ഇത്തരം നീക്കങ്ങളില്‍നിന്ന് ഗവണ്‍മെന്റ് പിന്തിരിയണം. ന്യൂനപക്ഷ വിദ്യാഭ്യാസ വികസനത്തിനും മതേതരത്വ പരിപോഷണത്തിനും വിലപ്പെട്ട സംഭാവന നല്‍കിയ ദേശീയ സ്ഥാപനമാണ് അലിഗഡും ജാമിഅയും. ഗവണ്‍മെന്റിന്റെ നടപടി ഭരണഘടനാ വിരുദ്ധവും ന്യൂനപക്ഷ സംരക്ഷണ അവകാശങ്ങള്‍ക്കു നേരെയുള്ള കടന്നാക്രമണവുമാണ്.
ഏക ഭാരതം, ശ്രേഷ്ഠ ഭാരതം എന്നെല്ലാം ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞിട്ട് ഈ വിധത്തിലാണോ ഗവണ്‍മെന്റ് നടപ്പാക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
ബജറ്റില്‍ വകയിരുത്തുന്ന സംഖ്യയും ചെലവഴിക്കുന്ന സംഖ്യയും തമ്മില്‍ വലിയ അന്തരമുണ്ട്. കഴിഞ്ഞ കൊല്ലത്തെ ബജറ്റില്‍ ന്യൂനപക്ഷ മന്ത്രാലയത്തിന് പാസാക്കിക്കൊടുത്ത സംഖ്യയില്‍ 2015 ഡിസംബര്‍ വരെ 9 മാസം കൊണ്ട് ചെലവാക്കിയത് വെറും 38 ശതമാനമാണ്. ന്യൂനപക്ഷ ക്ഷേമത്തിനു വേണ്ടി ബജറ്റില്‍ അനുവദിച്ച സംഖ്യ അവര്‍ക്കു കിട്ടാതാക്കുന്നതില്‍ വലിയ ഗൂഢാലോചന നടക്കുന്നുണ്ട്.
വിവിധ ന്യൂനപക്ഷക്ഷേമ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട അപേക്ഷകള്‍ തീര്‍പ്പുകല്‍പ്പിക്കാതെ കെട്ടിക്കിടക്കുകയാണ്. മൗലാനാ ആസാദ് ഫൗണ്ടേഷന്‍ പോലുള്ള സ്ഥാപനങ്ങള്‍ ഇതിനുദാഹരണമാണ്. സാങ്കേതിക തടസ്സങ്ങള്‍ പറഞ്ഞ് ന്യൂനപക്ഷക്ഷേമ പദ്ധതികളെ വഴിമുട്ടിക്കുന്ന ശ്രമങ്ങള്‍ വളരെ വ്യാപകമായി നടക്കുന്നു. ഇത് ഗവണ്‍മെന്റ് പരിശോധിച്ച് ഈ ജനവിഭാഗങ്ങള്‍ക്ക് നീതി ഉറപ്പുവരുത്തണം.
ബജറ്റിലേക്ക് നിര്‍ദേശം അയക്കുന്ന പല മന്ത്രാലയങ്ങളും അതു ചെലവാക്കുന്ന കാര്യത്തി ല്‍ താല്‍പര്യമെടുക്കുന്നില്ല. പ്രവാസി വകുപ്പില്‍ ചെലവാക്കിയത് 6ഉം നഗര- ദാരിദ്ര്യനിര്‍മാര്‍ജ്ജന മന്ത്രാലയം ചെലവാക്കിയത് 18ഉം ശതമാനമാണ്. തൊഴില്‍ മേഖലയാവട്ടെ 29 ശതമാനവും. ഈ വിരോധാഭാസം എങ്ങനെ സംഭവിക്കുന്നുവെന്ന് ഗവ ണ്‍മെന്റ് സൂക്ഷ്മമായി പരിശോധിക്കണമെന്നും ഇ ടി മുഹമ്മദ് ബഷീര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it