ന്യൂനപക്ഷങ്ങളെ തീരുമാനിക്കേണ്ടത് സംസ്ഥാന അടിസ്ഥാനത്തിലല്ലേ ?

ന്യൂഡല്‍ഹി: കശ്മീരിലെ മുസ്‌ലിംകളെയും പഞ്ചാബിലെ സിക്കുകാരെയും ന്യൂനപക്ഷമായി കണക്കാക്കാനാവുമോയെന്ന് സുപ്രിംകോടതി. കശ്മീരില്‍ ഭൂരിപക്ഷമായ മുസ്‌ലിംകളെ ഇപ്പോഴും ന്യൂനപക്ഷമായി കണക്കാക്കാനാവൂമോ എന്നും മേഘാലയയില്‍ ക്രിസ്ത്യാനികളെ ന്യൂനപക്ഷമായി കണക്കാക്കാനാവുമോ എന്നും കോടതി ആരാഞ്ഞു.
പഞ്ചാബിലെ ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയുടെ (എസ്ജിപിസി) കീഴിലുള്ള സിക്ക് വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ സിക്ക് മതക്കാര്‍ക്ക് 50 ശതമാനം സംവരണം അനുവദിച്ചുകൊണ്ടുള്ള സംസ്ഥാനസര്‍ക്കാ ര്‍ വിജ്ഞാപനം പഞ്ചാബ്-ഹരിയാന ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് സംഘടന സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതി ഉത്തരവ് പിന്നീട് സുപ്രിംകോടതി താല്‍ക്കാലികമായി റദ്ദാക്കിയിരുന്നു. ഈ കേസ് ഇന്നലെ വീണ്ടും പരിഗണിച്ച കോടതി, രാജ്യത്തെ മൊത്തം ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ ന്യൂനപക്ഷങ്ങളെ കണക്കാക്കുന്ന നിലവിലെ രീതിക്കു പകരം സംസ്ഥാനാടിസ്ഥാനത്തിലുള്ള സ്ഥിതിയുടെ അടിസ്ഥാനത്തിലല്ലേ ന്യൂനപക്ഷങ്ങളെ തീരുമാനിക്കേണ്ടത് എന്ന ചോദ്യമാണ് ഉന്നയിച്ചത്.
ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂറിന്റെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിച്ചത്. പഞ്ചാബില്‍ സിഖ് സമുദായം ന്യൂനപക്ഷമാണോ ഭൂരിപക്ഷമാണോ എന്നതാണ് കേസിലെ പ്രധാന പ്രശ്‌നമെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രധാന നിരീക്ഷണം.
യാതൊരു കഷ്ടതകളും അനുഭവിക്കാത്ത ഒരു സംസ്ഥാനത്ത് എണ്ണത്തില്‍ ശക്തരായ മതവിഭാഗങ്ങള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കാമോ എന്നു പരിശോധിക്കാനാണു ഭരണഘടനാ ബെഞ്ചിന്റെ തീരുമാനം.
വിഷയം പരിശോധിക്കുന്നതിനായി മുതിര്‍ന്ന അഭിഭാഷകന്‍ ടി ആര്‍ അന്ത്യാര്‍ജുനയെ അമിക്കസ്‌ക്യൂറിയായി കോടതി നിയമിച്ചു. കേസില്‍ കക്ഷിചേരാന്‍ കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
എസ്ജിപിസിക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ രാകേഷ് ദ്വിവേദി ഹാജരായി. കേസില്‍ നാലാഴ്ചയ്ക്കു ശേഷം വിശദമായ വാദം കേള്‍ക്കും.
Next Story

RELATED STORIES

Share it