ന്യൂജന്‍ സിനിമകള്‍ സ്വാഭാവിക ശൈലികളെ പൊളിച്ചെഴുതി: ലെനിന്‍ രാജേന്ദ്രന്‍

തിരുവനന്തപുരം: മലയാള സിനിമയുടെ സ്വാഭാവികമായ ശൈലിയെ പൊളിച്ചെഴുതാന്‍ ന്യൂജനറേഷന്‍ സിനിമകള്‍ക്കു കഴിഞ്ഞിട്ടുണ്ടെന്ന് സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍. കേസരിയില്‍ നടന്ന മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂജനറേഷന്‍ സിനിമകളില്‍ ഒരുപാട് നല്ല വശങ്ങളുണ്ട്. വിഷയങ്ങള്‍ സ്വീകരിക്കുന്നതിലും കഥ പറയുന്ന രീതിയിലും ഒരു പൊളിച്ചെഴുത്തു നടത്താന്‍ ന്യൂജനറേഷന്‍ സിനിമയുടെ വക്താക്കള്‍ക്കു കഴിഞ്ഞിട്ടുണ്ട്. ഇങ്ങനെയും കഥ പറയാം എന്ന് അവര്‍ തെളിയിച്ചു. അതില്‍ നല്ലതും ഉണ്ട്, കാമ്പില്ലാത്തവയുമുണ്ട്.
വിദേശ സിനിമകള്‍ അതേപടി കോപ്പിയടിക്കുന്നവരും ന്യൂജനറേഷന്റെ കൂട്ടത്തിലുണ്ട്. ഇതൊക്കെ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. ഒറ്റപ്പെട്ടു പോയവരെക്കുറിച്ചാണ് താന്‍ സിനിമയെടുത്തിട്ടുള്ളത്. അടുത്ത ചിത്രവും അങ്ങനെതന്നെയാണ്. ഇടവപ്പാതിയില്‍ ഒറ്റപ്പെട്ടു പോയവരുടെ ജീവിതത്തെക്കുറിച്ചുള്ള അന്വേഷണമാണ് ആ സിനിമ. ടിബറ്റന്‍ അഭയാര്‍ഥികളുടെ സ്വപ്‌നവും വേദനയുമാണ് ഈ ചിത്രത്തിലുള്ളത്. പല കാരണങ്ങളാല്‍ ചിത്രീകരണം നീണ്ടുപോയി. തന്റെ ചിത്രത്തിന്റെ ലൊക്കേഷനിലേക്കു വരുമ്പോഴാണ് ജഗതി ശ്രീകുമാറിന് അപകടമുണ്ടായത്. പിന്നെ ആ വേഷത്തില്‍ അഭിനയിക്കാന്‍ പറ്റിയ നടനു വേണ്ടിയുള്ള അന്വേഷണമായിരുന്നു. കുറെ കാലത്തിനു ശേഷമാണ് പ്രശാന്ത് നാരായണന്‍ എന്ന നടനെ കണ്ടെത്തിയത്. പിന്നീട് സുഖമില്ലെന്നു പറഞ്ഞ് മനീഷാ കൊയ്‌രാള ബ്രേക്ക് ആവശ്യപ്പെട്ടു. പിന്നീടാണ് അവര്‍ക്ക് കാന്‍സര്‍ ആണെന്നറിയുന്നത്.
ഒരു വര്‍ഷത്തിനു ശേഷം രോഗം ഭേദമായി അവരെത്തി അഭിനയം തുടര്‍ന്നു. എന്തൊക്കെ സംഭവിച്ചാലും ഈ സിനിമ പൂര്‍ത്തിയാക്കണമെന്ന് തനിക്ക് നിര്‍ബന്ധം ഉണ്ടായിരുന്നു. സിനിമയില്‍ തനിക്ക് വിജയവും പരാജയവും ഉണ്ടായിട്ടുണ്ട്. നിലനില്‍ക്കുന്ന ട്രെന്‍ഡുകള്‍ക്കനുസരിച്ച് എന്തെങ്കിലും കാട്ടിക്കൂട്ടുന്നതിനോട് താല്‍പര്യമില്ലാത്തതു കൊണ്ടാണ് ഓരോ ചിത്രത്തിന്റെയും ഇടവേളകള്‍ കൂടിയത്. സിനിമാരംഗത്ത് പ്രതിസന്ധിയും പ്രശ്‌നങ്ങളും ഉണ്ടാവേണ്ടത് സിനിമാ സംഘടനകളുടെ നിലനില്‍പ്പിന് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it