ന്യായാധിപന്മാര്‍ മതവിശ്വാസങ്ങള്‍ മാനിക്കണം: എ എസ് സൈനബ

തിരൂര്‍: ചില ന്യായാധിപന്മാര്‍ പൊതുപരിപാടികളില്‍ മതവിശ്വാസവുമായി ബന്ധപ്പെട്ട് നടത്തുന്ന പരാമര്‍ശങ്ങള്‍ അവരുടെ പദവികള്‍ക്ക് കളങ്കം ചാര്‍ത്തുന്നതും മതവിശ്വാസികളെ വേദനിപ്പിക്കുന്നതുമാണെന്ന് നാഷനല്‍ വിമന്‍സ് ഫ്രണ്ട് ദേശീയ പ്രസിഡണ്ട് എ എസ് സൈനബ. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ സാമൂഹിക മാറ്റത്തിന് വിത്ത് പാവുക എന്ന പ്രമേയത്തില്‍ തിരൂര്‍ സാംസ്‌കാരിക സമുച്ചയത്തില്‍ സംഘടിപ്പിച്ച സാമൂഹിക പ്രവര്‍ത്തകരുടെ ഒത്തുചേരല്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
സ്ത്രീകള്‍ക്ക് അവസരങ്ങള്‍ ഉണ്ട് എന്ന് പറയുമ്പോഴും നഗരങ്ങളിലെ ന്യൂനപക്ഷത്തിന് മാത്രമേ അവ ലഭ്യമാവുന്നുള്ളൂ. മഹാ ഭൂരിപക്ഷം വരുന്ന സ്ത്രീകള്‍ കടുത്ത വിവേചനത്തിന് ഇരയായിക്കൊണ്ടിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് എല്‍ നസീമ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി വനിതാ ദിനസന്ദേശം നല്‍കി. വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ദേശീയ സെക്രട്ടറി ഡെയ്‌സി ബാലകൃഷ്ണന്‍, ഡോ. ഫാത്തിമ, കൗണ്‍സിലര്‍ ഷീന, പി ഫര്‍ഹാന, കെ ഷാഹിന സംസാരിച്ചു. സംഘടനയുടെ സാമൂഹിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തിരൂര്‍ കുടുംബ കോടതിയിലേക്കുള്ള ഫര്‍ണിച്ചര്‍ വിതരണം നാഷനല്‍ വിമന്‍സ് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എം ഹബീബ നിര്‍വഹിച്ചു.
തിരൂര്‍ വനിതാ ഷെല്‍ട്ടറിലേക്ക് നല്‍കിയ വാട്ടര്‍ പ്യൂരിറ്റി യൂണിറ്റ് നാഷനല്‍ വിമന്‍സ് ഫ്രണ്ട് ദേശീയ സെക്രട്ടറി ഫരീദ ഹസ്സനില്‍നിന്ന് കൗണ്‍സിലര്‍ ഷീന ഏറ്റുവാങ്ങി.
Next Story

RELATED STORIES

Share it