Kollam Local

നോര്‍ക്കാ റൂട്ട്‌സില്‍നിന്നും ആനുകൂല്യങ്ങള്‍ വൈകുന്നതായി പരാതി

കരുനാഗപ്പള്ളി: നോര്‍ക്കാ റൂട്ട്‌സില്‍നിന്നും നല്‍കുന്ന ആനുകൂല്യങ്ങള്‍ വൈകുന്നതായി പരാതി. വിദേശത്ത് രണ്ടോ അതിലധികമോ വര്‍ഷം ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് സര്‍ക്കാര്‍ ഏജന്‍സിയായ നോര്‍ക്കാറൂട്ട്‌സ് മുഖേന നല്‍കേണ്ട ആനുകൂല്യങ്ങളാണ് ആറുമാസം കഴിഞ്ഞിട്ടും ഗുണഭോക്താക്കള്‍ക്ക് ലഭിക്കാത്തത്. പ്രവാസിയുടെ മരണം, അപകടമരണം, മകളുടെ വിവാഹം, പ്രവാസികളുടെ ആശ്രിതര്‍ക്കുള്ള ചികില്‍സാധനസഹായം, ചികില്‍സാ ധനസഹായം, സ്‌കോളര്‍ഷിപ്പ് എന്നിവയാണ് നല്‍കിവരുന്നത്.

ജില്ലാ നോര്‍ക്കാ റൂട്ട്‌സില്‍ അപേക്ഷ നല്‍കി മൂന്നുമാസം കഴിഞ്ഞാണ് കലക്ടറേറ്റിലെ ഓഫിസില്‍ വിളിച്ചുവരുത്തി തെളിവെടുപ്പ് നടത്തുന്നത്. ഇങ്ങനെ തെളിവെടുത്ത് സംസ്ഥാന ഓഫിസില്‍ ഫയലെത്തിച്ച് റിപോര്‍ട്ട് നല്‍കിയശേഷമാണ് തുക അനുവദിക്കുന്നത്. തെളിവെടുപ്പ് നടത്തി ആറുമാസം പിന്നിട്ടിട്ടും ആനുകൂല്യങ്ങള്‍ ലഭിക്കാത്തതില്‍ പ്രവാസികള്‍ ആശങ്കയിലാണ്. കോടിക്കണക്കിന് രൂപ പ്രവാസിക്ഷേമ ഫണ്ടുണ്ടായിട്ടും ആനുകൂല്യങ്ങള്‍ക്ക് കാലതാമസം നേരിടുകയാണ്. ജില്ലാ, സംസ്ഥാന ഓഫിസുകളില്‍ ആവശ്യത്തിലധികം ജോലിക്കാരുണ്ടെങ്കിലും ഫയലുകള്‍ കൃത്യമായി നീങ്ങുന്നില്ലെന്ന് ആക്ഷേപമുണ്ട്.
രണ്ട് വര്‍ഷം വരെയായ ഫയലുകള്‍ ജില്ലാ ഓഫിസുകളില്‍ കെട്ടിക്കിടക്കുന്നുണ്ട്. മാരകരോഗ ചികില്‍സക്കായി അപേക്ഷ നല്‍കി മരണം സംഭവിച്ചാല്‍പോലും ആനുകൂല്യം ലഭിക്കുന്നില്ലെന്നാണ് പ്രവാസികളുടെ ആരോപണം. മാരകരോഗ ചികില്‍സക്ക് 25000രൂപ, അപകടമരണത്തിന് ഒരുലക്ഷംരൂപ, വിവാഹധനസഹായം 7500, സ്‌കോളര്‍ഷിപ്പും നിലവില്‍ നല്‍കിവരുന്നു. അപേക്ഷകരുടെ ബാഹുല്യം കാരണമാണ് ആനുകൂല്യവിതരണത്തിലെ കാലതാമസമെന്ന് നോര്‍ക്കാറൂട്ട്‌സ് അധികൃതര്‍ പറയുന്നത്.
Next Story

RELATED STORIES

Share it