നോമ്പ് സീസണില്‍ കമ്പോളം കൈയടക്കുന്നത് വിദേശി പഴങ്ങള്‍

പി എ എം ഹനീഫ്

കോഴിക്കോട്: റമദാന്‍ വിപണിയില്‍ ഈത്തപ്പഴം കോടികളുടെ വിറ്റുവരവുമായി മലബാറില്‍ മുന്‍പന്തിയില്‍. മദീന, ഇറാന്‍, തുനീസ്യ, ഒമാന്‍ ഈത്തപ്പഴങ്ങളാണ് വന്‍തോതില്‍ തുറമുഖം വഴി കണ്ടെയ്‌നറുകളിലെത്തുന്നത്. ഇറക്കുമതി ചെയ്ത ഈത്തപ്പഴം തംരതിരിച്ച് വിവിധ ബോക്‌സുകളിലാക്കുന്ന തൊഴില്‍ മേഖലയും റമദാനില്‍ സജീവമാണ്.
2000 മുതല്‍ 5000 രൂപവരെ വിലയുള്ള മദീനയില്‍ നിന്നുവരുന്ന അജ്‌വ പഴമാണ് ഈത്തപ്പഴങ്ങളില്‍ രാജാവ്. മറ്റ് ഈത്തപ്പഴങ്ങളെ അപേക്ഷിച്ച് സംസ്‌ക്കരിച്ച അജ്‌വയും കാരക്കാ ജ്യൂസും കമനീയമായി പൊതിഞ്ഞ് ബലവും ഭംഗിയും ഉറപ്പുമുള്ള പെട്ടികളിലാണു കമ്പോളത്തിലുള്ളത്. വന്‍കിടക്കാരുടെ ഇഫ്താറുകളിലും സ്റ്റാര്‍ ഹോട്ടലുകളിലും നോമ്പുതുറയ്ക്ക് രണ്ട് ഈത്തപ്പഴം മാത്രം. കാഴ്ചയ്ക്കും അഴകുള്ള അജ്‌വയാണ് മിക്ക ഫൈവ്സ്റ്റാര്‍ ഹോട്ടലുകളിലും താരം.
ഇറാന്‍ ഈത്തപ്പഴം വില കിലോഗ്രാമിന് 240 രൂപയില്‍ ആരംഭിക്കുന്നു. വലിയങ്ങാടിയിലെ ഈത്തപ്പഴ മാര്‍ക്കറ്റില്‍ 200 രൂപ മുതല്‍ അഞ്ചുകിലോഗ്രാം പെട്ടികള്‍ വന്‍തോതില്‍ വിറ്റഴിക്കപ്പെടുന്നു. ഈ പെട്ടികളില്‍ നിന്ന് തരംതിരിച്ചാണ് ബേക്കറികള്‍ 300 രൂപ മുതല്‍ കിലോയ്ക്ക് ഈത്തപ്പഴം വില്‍ക്കുന്നത്. വിവിധ അറബ് പേരുകളില്‍ ഹാര്‍ഡ്‌ബോര്‍ഡ് ബോക്‌സുകള്‍ തദ്ദേശീയമായി തയ്യാറാക്കി വന്‍ലാഭം കൊയ്യുന്ന ഇടനിലക്കാരായ ഈത്തപ്പഴ വ്യാപാരികള്‍ക്ക് റമദാന്‍ നാളുകള്‍ കൊയ്ത്തുകാലമാണ്.
ആകൃതിയില്‍ ചെറുതെങ്കിലും മധുനീരടക്കം ചെയ്ത തുണീസ്യന്‍ ഈത്തപ്പഴമാണ് അജ്‌വയെക്കാള്‍ രുചികരം. മാര്‍ക്കറ്റില്‍ ഏറെ വിറ്റഴിയുന്നതും 300 രൂപ വരെ വിലവരുന്ന തുണീസ്യന്‍ പഴങ്ങളാണ്. ഒമാന്‍ 180 രൂപ, സാധാരണക്കാര്‍ക്ക് ആശ്വാസമായി കിലോവിന് 70 രൂപ മാത്രം വിലയുള്ള കറാച്ചി ഈത്തപ്പഴവും ഈ വര്‍ഷം സുലഭമാണ്.
നോമ്പുതുറ വിഭവങ്ങളായ തരിക്കഞ്ഞിക്കും പായസത്തിനും രുചിയേകാന്‍ പിസ്ത വന്‍കിടക്കാര്‍ക്കു നിര്‍ബന്ധമാണ്. കഴിഞ്ഞ റമദാനില്‍ 630 രൂപ വിലയുണ്ടായിരുന്ന പിസ്തയ്ക്ക് 900 ആണ് ഇക്കുറി വില. ബദാം റമദാന്‍ നാളുകളിലെ കാഴ്ചപ്പണ്ടങ്ങളില്‍ ഒന്നാണ്. 700 രൂപയാണ് ബദാം വില. സര്‍ബത്തുകള്‍ക്ക് മുഖ്യ കൂട്ടായ കസ്‌കസിന് തൊട്ടാല്‍ പൊള്ളുന്ന വിലയാണ്. കഴിഞ്ഞ റമദാനില്‍ 140 രൂപ മുതല്‍ വില ഉണ്ടായിരുന്നത് 200 മുതല്‍ 280 രൂപവരെയായി.
ചൈനയില്‍ നിന്നുള്ള ഫുജി ആപ്പിള്‍ 140 രൂപ, വാഷിങ്ടണ്‍ ആപ്പിള്‍ 180 രൂപ. ഇറ്റാലിയന്‍ മാങ്കോസ്റ്റീന്‍ 300 രൂപ എന്നിങ്ങനെ കടല്‍ കടന്നെത്തുന്ന പഴങ്ങളും ഈത്തപ്പഴവും റമദാന്‍ വിപണി കീഴടക്കുമ്പോള്‍ മരുന്നടിച്ച വിവിധതരം ഇന്ത്യന്‍ മാമ്പഴവും കൈതച്ചക്കയും പിന്‍നിരയിലെത്തിയിട്ടുണ്ട്. പഴവര്‍ഗങ്ങളില്‍ കറാച്ചി ഇനം തണ്ണിമത്തന്‍ വ്യാപകമായതോടെ നാടന്‍ വത്തക്ക പിന്‍നിരയിലാണ്.
Next Story

RELATED STORIES

Share it