kasaragod local

നോമ്പിന്റെ പുണ്യം തേടി വിശ്വാസികള്‍; ഇനി ആത്മ സംസ്‌കരണത്തിന്റെ ദിനരാത്രങ്ങള്‍

കാസര്‍കോട്: മുസ്‌ലിങ്ങളുടെ പുണ്യമാസമായ റമദാന്‍ വരവായി. ഇനി പള്ളികളിലും ഗൃഹങ്ങളിലും പ്രാര്‍ഥനയുടെ ദിനരാത്രങ്ങള്‍. റമദാനെ വരവേല്‍ക്കാന്‍ ഒരു മാസം മുമ്പേ പള്ളികളില്‍ മിനുക്കുപണികള്‍ തുടങ്ങിയിരുന്നു. ഖുര്‍ആന്‍ അവതരിച്ച മാസമായ റമദാനില്‍ വിശ്വാസികള്‍ മുഴുവന്‍ സമയം ഖുര്‍ആന്‍ പാരായണത്തില്‍ മുഴുകും. സുബഹിക്ക് മുമ്പ് ഉണര്‍ന്ന് അത്താഴം കഴിക്കുന്നതോടെ നോമ്പിന് തുടക്കമാവും.
പകല്‍ സമയങ്ങളില്‍ അന്നപാനീയങ്ങള്‍ വെടിഞ്ഞ് പ്രാര്‍ഥനയും ഖുര്‍ആന്‍ പാരായണവുമായി വിശ്വാസികള്‍ കഴിഞ്ഞുകൂടും. സുബഹി ബാങ്ക് വിളി ആരംഭിക്കുന്നതോടെ വ്രതത്തിന് തുടക്കമാവും. വൈകിട്ട് മഗ് രിബ് ബാങ്കൊലി മുഴങ്ങുന്നതോടെ നോമ്പുതുറ. 14 മണിക്കൂറിലേറെയാണ് ഇപ്രാവശ്യത്തെ നോമ്പ്. രാത്രികാല പ്രത്യേക നമസ്‌കാരമായ തറാവീഹും ഈമാസത്തിലാണ്. ഇബാദത്തിന് ഏറെ പ്രതിഫലമാണ് ഈ മാസത്തില്‍ വിശ്വാസികള്‍ പ്രതീക്ഷിക്കുന്നത്. ദാന ധര്‍മ്മങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കാനും വിശ്വാസികള്‍ തയ്യാറെടുത്തു.
വിശപ്പിന്റെ കാഠിന്യം മുഴുവന്‍ ജനങ്ങളും അറിയുകയും ഇതനുസരിച്ച് ദാന ധര്‍മ്മങ്ങള്‍ ചെയ്യുക എന്നതാണ് വ്രതം കൊണ്ടുദ്ദേശിക്കുന്നത്. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ റമദാനില്‍ റിലീഫ് പ്രവര്‍ത്തനങ്ങളും നടത്തിവരുന്നുണ്ട്. ഇസ്‌ലാമിക ചരിത്രത്തില്‍ ഏറെ പ്രസിദ്ധമായ ബദര്‍ യുദ്ധം നടന്ന റമദാന്‍ 17ഉം ആയിരം മാസങ്ങളേക്കാള്‍ പുണ്യമുള്ള ലൈലത്തുല്‍ ഖദ്ര്‍ എന്ന പുണ്യദിനവും പരിശുദ്ധ റമദാനിലാണ്. അന്നപാനീയങ്ങള്‍ വെടിഞ്ഞ് സൃഷ്ടിച്ച നാഥന് ശുക്‌റ് ചെയ്യുന്ന വിശ്വാസി വൃന്തത്തെയാണ് ഇനി ഒരുമാസം കാണാനാവുക. റമദാനോടനുബന്ധിച്ച് നോമ്പ് തുറക്കുള്ള വിഭവങ്ങള്‍ വിവിധ ടൗണുകളിലെ കടകളില്‍ സുലഭമായിട്ടുണ്ട്. തറാവീഹ് നമസ്‌കാരത്തിന് നേതൃത്വം നല്‍കാന്‍ വിവിധ പള്ളികളില്‍ ഹാഫിളുമാരും എത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it