നോട്ടിനു പകരം കറുത്തപേപ്പര്‍; നോട്ടിരട്ടിപ്പ് തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

ചങ്ങനാശ്ശേരി: നോട്ട് ഇരട്ടിപ്പിച്ചു നല്‍കാമെന്നു മോഹിപ്പിച്ചു തട്ടിപ്പു നടത്തിയ കൊല്ലം സ്വദേശി ചങ്ങനാശ്ശേരിയില്‍ അറസ്റ്റില്‍. കൊല്ലം കാരിക്കോട് തിരുവാതിര വീട്ടില്‍ സന്തോഷ് കുമാറി (41) നെയാണ് കോട്ടയം എസ്പി സതീഷ് ബിനോയിയുടെ നിര്‍ദേശപ്രകാരം ഡിവൈഎസ്പി കെ ശ്രീകുമാര്‍, സിഐ വി എ നിഷാദ്‌മോന്‍, എസ്‌ഐ ജര്‍ലിന്‍ സ്‌കറിയ, അഡീഷനല്‍ എസ്‌ഐ രാജീവ്, ഷാഡോ പോലിസുകാരായ കെ കെ റജി, പ്രദീപ് ലാല്‍, ടോം വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ അറസ്റ്റ് ചെയ്തത്. ഇയാളുടെ കൈവശമുണ്ടായിരുന്ന അഞ്ചു കറുത്തനോട്ടുകള്‍, മുറിവില്‍ തേക്കുന്ന അയഡിന്‍ ടിഞ്ചര്‍, ഹൈപ്പോകാമലിന്‍ പശ എന്നിവയും പിടിച്ചെടുത്തു.

ഒന്നര ലക്ഷം രൂപ നല്‍കിയാല്‍ അഞ്ചുലക്ഷം നല്‍കാമെന്നുപറഞ്ഞ് ഇയാള്‍ ഇടപാടുകാരെ സ്വാധീനിക്കുകയായിരുന്നു പതിവ്. ഇടപാടുകാര്‍ എത്തുമ്പോള്‍ കറുത്ത നിറത്തിലുള്ള പേപ്പറുകളാണ് നോട്ടാണെന്നു പറഞ്ഞ് കാണിച്ചിരുന്നത്. ഇവ വിദേശത്തു നിന്നു വരുന്നതാണെന്നും നേരിട്ടുകാണിച്ചാല്‍ പോലിസ് പിടികൂടുമെന്നും അതിനാലാണ് കറുത്തനിറത്തില്‍ വയ്ക്കുന്നതെന്നുമാണ് ഇയാള്‍ ഇടപാടുകാരോട് പറഞ്ഞിരുന്നത്.
ആയിരം, അഞ്ഞൂറ് രൂപയുടെ യഥാര്‍ഥ നോട്ടുകള്‍ പശതേച്ച് ഉണക്കി അയഡിന്‍ ടിഞ്ചറില്‍ മുക്കിയാല്‍ അതിനു കറുത്ത നിറമാകും. തുടര്‍ന്നു ഇവ വീണ്ടും ഉണക്കിവയ്ക്കും. ഇടപാടുകാരുടെ മുന്നില്‍വച്ച് ഇത്തരം കറുത്ത നോട്ടെടുത്ത് ഹൈപ്പോലായനിയില്‍ മുക്കുമ്പോള്‍ യഥാര്‍ഥ നോട്ട് തെളിഞ്ഞുവരും. ഇങ്ങനെ കാണിച്ചാണ് ഇയാള്‍ ഇടപാടുകാരെ കബളിപ്പിച്ചിരുന്നത്. ലക്ഷക്കണക്കിനു രൂപ ആവശ്യപ്പെട്ടു വരുന്നവരില്‍നിന്നും 10,000 മുതല്‍ ഒരു ലക്ഷം വരെ വാങ്ങിവയ്ക്കും. അഞ്ചു ലക്ഷം രൂപയുടെ കറുത്ത നോട്ട് ലായനിയില്‍ മുക്കി യഥാര്‍ഥ നോട്ടാവാന്‍ മൂന്നു ദിവസം വരെ വേണ്ടിവരുമെന്ന് ഇയാള്‍ ഇടപാടുകാരോട് പറഞ്ഞിരുന്നു. എന്നാല്‍, മൂന്നുദിവസം ലായനിയില്‍ മുക്കിയിട്ടും യഥാര്‍ഥ നോട്ട് തെളിഞ്ഞുവരാത്തതിനെത്തുടര്‍ന്ന് ഇയാളെ അന്വേഷിക്കുമ്പോഴേക്കും മുങ്ങിയിരിക്കും. പലരില്‍ നിന്നായി ലക്ഷക്കണക്കിനു രൂപയുടെ തട്ടിപ്പാണ് ഇയാള്‍ ഇത്തരത്തില്‍ നടത്തിവന്നിരുന്നത്.
ചങ്ങനാശ്ശേരി സ്വദേശി അലക്‌സ് എന്നയാള്‍ ഒരു ലക്ഷം രൂപ സന്തോഷിനു നല്‍കി അഞ്ചുലക്ഷം രൂപയുടെ വ്യാജ നോട്ടുകള്‍ സംഘടിപ്പിക്കാന്‍ ശ്രമം നടത്തുന്നതായി പോലിസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. അലക്‌സിനെ പോലിസ് ചോദ്യം ചെയ്തപ്പോഴാണ് ഇയാളെക്കുറിച്ച് അറിയുന്നത്. തുടര്‍ന്ന് അതിവിദഗ്ധമായി സന്തോഷിനെ പോലിസ് വലയിലാക്കുകയായിരുന്നു.
പന്തളം, അടൂര്‍, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളില്‍ ലോഡ്ജുകളില്‍ താമസിച്ചായിരുന്നു ഇയാള്‍ ഇടപാടുകാരുമായി ബന്ധപ്പെട്ടിരുന്നത്. നേരത്തേ ഫര്‍ണീച്ചര്‍ ബിസിനസ് നടത്തിവന്നിരുന്ന ഇയാളെ തമിഴ്‌നാട്ടുകാരായ ഒരു സംഘം കബളിപ്പിച്ചതോടെ ബിസിനസ് തകരുകയും ലക്ഷക്കണക്കിനു രൂപയുടെ നഷ്ടം സംഭവിക്കുകയും ചെയ്തു. തുടര്‍ന്ന് മറ്റൊരു തമിഴനില്‍ നിന്നു ഈ തട്ടിപ്പുവിദ്യ മനസ്സിലാക്കുകയും ഇതിലേക്കു തിരിയുകയുമായിരുന്നുവെന്ന് പോലിസ് പറഞ്ഞു. ഇയാള്‍ ഇപ്പോള്‍ വട്ടപ്പാറയിലാണ് താമസം. നേരത്തേ പത്തനാപുരത്തും താമസിച്ചിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Next Story

RELATED STORIES

Share it