നൊബേല്‍ സമ്മാനജേതാവ് ഇമ്ര കെര്‍ട്ടസ് അന്തരിച്ചു

ബുദാപെസ്റ്റ്: നൊബേല്‍ സമ്മാനജേതാവും ഹംഗേറിയന്‍ എഴുത്തുകാരനുമായ ഇമ്ര കെര്‍ട്ടസ് (86) അന്തരിച്ചു. ഏറെക്കാലം അസുഖബാധിതനായിരുന്ന അദ്ദേഹം ബുദാപെസ്റ്റിനടുത്തുള്ള വീട്ടില്‍വച്ചാണ് അന്തരിച്ചതെന്നു പ്രസാധക കമ്പനിയായ മഗ്വെത്തോ കിയാഡോ അറിയിച്ചു. 2002ലാണ് ഇമ്ര കെര്‍ട്ടസ് സാഹിത്യത്തില്‍ നൊബേല്‍ സമ്മാനം നേടിയത്.
നാത്‌സികളുടെ കോണ്‍സന്‍ട്രേഷന്‍ ക്യാംപില്‍ കൗമാരക്കാലം ചിലവഴിക്കേണ്ടിവന്ന അദ്ദേഹം തന്റെ സാഹിത്യസൃഷ്ടികളില്‍ ഏറെ ഇടംനല്‍കിയതും ഈ അനുഭവങ്ങള്‍ക്കുതന്നെയായിരുന്നു. സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നേടുന്ന ആദ്യ ഹംഗേറിയന്‍ പൗരന്‍ കൂടിയാണ് കെര്‍ട്ടസ്.
1929ല്‍ ബുദാപെസ്റ്റില്‍ ജനിച്ച ഇദ്ദേഹം പിന്നീട് ജര്‍മന്‍ അധിനിവിഷ്ട ഓഷ്‌വിറ്റസ് ക്യാംപില്‍ തടവിലാക്കപ്പെട്ടു. പിന്നീട് കിഴക്കന്‍ ജര്‍മനിയിലെ ബച്ചന്‍വാള്‍ഡ് കോണ്‍സന്‍ട്രേഷന്‍ ക്യാംപിലേക്കും മാറ്റി. പിന്നീട് 1945ല്‍ യുഎസ് സൈന്യം ക്യാംപുകള്‍ സ്വതന്ത്രമാക്കിയപ്പോഴാണ് കെര്‍ട്ടസ് അടക്കമുള്ളവര്‍ മോചിതരായത്. ഹംഗറിയില്‍ തിരിച്ചെത്തിയ ശേഷം മാധ്യമപ്രവവര്‍ത്തകനായി ജോലി നോക്കി.
ഫേറ്റ്‌ലെസ് ആണ് ആദ്യനോവല്‍. ഫിയാസ്‌കോ, കദ്ദിഷ് ഫോര്‍ ചൈല്‍ഡ് നോട്ട് ബോണ്‍, തുടങ്ങിയവ പ്രധാനകൃതികളാണ്.
Next Story

RELATED STORIES

Share it