kozhikode local

നൈനാംവളപ്പില്‍ കടലാക്രമണം; വീടുകള്‍ക്ക് കേടുപാട്

കോഴിക്കോട്: നൈനാംവളപ്പ് കോതിയില്‍ കടലാക്രമണത്തില്‍ രണ്ട് വീടുകള്‍ ഭാഗികമായി തകരുകയും രണ്ട് വീടുകള്‍ക്ക് കേടുപാട് സംഭവിക്കുകയും ചെയ്തു. കോതി ബീച്ചില്‍ കോയമോന്റെ ഭാര്യ ആയിശാബി, ഹനീഫ എന്നിവരുടെ വീടുകളാണ് ഭാഗിമായി തകര്‍ന്നത്.
ഇവരുടെ വീടുകളുടെ അടുക്കളഭാഗവും ഓടുകളും തകര്‍ന്നു. ആയിശാബിയുടെ വീടിന്റെ പിന്നിലുണ്ടായിരുന്ന ജലസംഭരണി കടല്‍ക്ഷോഭത്തില്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ജമാലിന്റെ ഭാര്യ ആയിശബി, മുസ്തഫ എന്നിവരുടെ വീടുകള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്. കടല്‍ഭിത്തി ദുര്‍ബലമായതാണ് കടലാക്രമണത്തിന് കാരണം. ഈ ഭാഗത്തെ കടല്‍ഭിത്തി ഏറെക്കുറെ ഇല്ലാതായിട്ടുണ്ട്. രാത്രിയോടെ വീടുകള്‍ പൂര്‍ണമായും കടലെടുക്കുമെന്ന ഭീതിയിലാണ് നാട്ടുകാര്‍. നോമ്പുതുറക്കുള്ള വിഭവങ്ങള്‍ അടുത്ത വീടുകളിലേക്ക് മാറ്റിയിട്ടുണ്ട്. സമീപത്തെ ബന്ധുവീടുകളിലേക്ക് താമസം മാറാനുള്ള ഒരുക്കത്തിലാണിവര്‍.
കടല്‍ക്ഷോഭമുണ്ടാവുമ്പോള്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സന്ദര്‍ശിക്കാറുണ്ടെങ്കിലും അത് തടയുന്നതിനാവശ്യമായ മുന്‍കരുതലെടുക്കാത്തതാണ് തങ്ങളുടെ ദുരിതത്തിന് കാരണമെന്ന് പ്രദേശത്തുകാര്‍ പറയുന്നു. സന്ദര്‍ശനത്തിന് പകരം യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികളാണ് വേണ്ടതെന്നാണ് ഇവരുടെ അഭിപ്രായം.
Next Story

RELATED STORIES

Share it