നേരിടുന്നത് വംശീയ ഭരണകൂടത്തെ

യാസ്സര്‍ ദഹലന്‍ - മുഹമ്മദ് സാബിത്

ആഴ്ചകളായി ജറുസലേമും വെസ്റ്റ്ബാങ്കും പുതിയ സംഘര്‍ഷപരമ്പരയ്ക്ക് സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുകയാണ്. നിയമവിരുദ്ധമായി കുടിയേറ്റം നടത്തുന്ന ഇസ്രായേലികളുടെയും വംശീയമായി പെരുമാറുന്ന സൈന്യത്തിന്റെയും കൈയേറ്റങ്ങളും നിയന്ത്രണങ്ങളും കാരണം നിരന്തരം പരീക്ഷണത്തിനു വിധേയരാക്കപ്പെടുന്ന ഫലസ്തീനികള്‍ സഹികെട്ട് കല്ലുകളും കത്തിയും ഉപയോഗിച്ച് തങ്ങളുടെ പ്രക്ഷോഭം ശക്തിപ്പെടുത്തിയതാണ് പുതിയ വാര്‍ത്ത. ആസൂത്രണമൊന്നുമില്ലാതെ, പലപ്പോഴും വ്യക്തിപരമായി നടത്തപ്പെടുന്ന ഈ പ്രതിഷേധങ്ങളെ നേരിടുന്ന ഇസ്രായേല്‍ സൈന്യം കൊലപാതകത്തില്‍ കുറഞ്ഞൊരു കാരുണ്യവും ഈ പ്രക്ഷോഭകരോടു കാട്ടുന്നുമില്ല. ഈ പശ്ചാത്തലത്തില്‍, അധിനിവിഷ്ട ഫലസ്തീനിലെ പുതിയ സംഭവങ്ങളെക്കുറിച്ചും അതിന്റെ ഭാവിയെക്കുറിച്ചും ഇന്ത്യയിലെ ഫലസ്തീന്‍ നയതന്ത്ര മിഷന്‍ ഉപമേധാവി യാസ്സര്‍ ദഹലന്‍ തേജസ് പ്രതിനിധി മുഹമ്മദ് സാബിതിന് അനുവദിച്ച അഭിമുഖത്തിന്റെ പൂര്‍ണ രൂപം:
ചോ. ഫലസ്തീന്‍ എന്നു പറയുമ്പോള്‍ ഒരുവശത്ത് അധിനിവേശവും മറുവശത്ത് ഉപരോധവുമാണ്. നിലവില്‍ എന്താണു സംഭവിച്ചുകൊണ്ടിരിക്കുന്നത്?
ഉ. ജറുസലേമിലും വെസ്റ്റ്ബാങ്കിലും ഇപ്പോള്‍, താങ്കള്‍ക്കറിയാവുന്നതുപോലെ, ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പ് സംഭവിക്കുന്നുണ്ട്. ഇതിനു കാരണം, കിഴക്കന്‍ ജറുസലേമില്‍ ഇസ്രായേല്‍ അധിനിവേശ സൈന്യം നടത്തുന്ന പ്രകോപനങ്ങളാണ്. ആദരിക്കപ്പെടുന്ന അല്‍ അഖ്‌സയില്‍ കൈയേറ്റം നടക്കുന്നതുകൊണ്ടാണ് ജനങ്ങള്‍ പ്രതിരോധിക്കുന്നത്. ഫലസ്തീനികളുമായുള്ള ഏതുതരം സമാധാനശ്രമങ്ങളെയും ഇസ്രായേല്‍ നിഷേധിക്കുന്നു. ഫലസ്തീനില്‍ ഒരുതരം മതയുദ്ധത്തിനാണ് ഇസ്രായേലിന് താല്‍പ്പര്യം. അധിനിവേശത്തെ ഞങ്ങള്‍ പ്രതിരോധിക്കുന്നത് സമാധാനപരമായിട്ടാണ്. ഫാഷിസ്റ്റ് വലതുപക്ഷ വംശീയ ഭരണകൂടമായ ഇസ്രായേലിനെയാണ് ഞങ്ങള്‍ നേരിടുന്നത് എന്നും ഇസ്രായേല്‍ ഞങ്ങളുടെ ഭൂമി പിടിച്ചടക്കാന്‍ ശ്രമിക്കുകയാണെന്നും അന്തര്‍ദേശീയ സമൂഹത്തോട് വിളിച്ചുപറയാന്‍ വേണ്ടിയാണ് ഞങ്ങള്‍ തെരുവുകളില്‍ പ്രതിഷേധിക്കുന്നത്.
അന്തര്‍ദേശീയ നിയമപ്രകാരം, അഥവാ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയുടെയും സുരക്ഷാസമിതിയുടെയും വിവിധ പ്രമേയങ്ങള്‍ പ്രകാരം, ഭാവിയില്‍ ഞങ്ങളുടെ രാഷ്ട്രമാവേണ്ട ഭൂമിയാണ് ഇസ്രായേല്‍ പിടിച്ചടക്കിക്കൊണ്ടിരിക്കുന്നത്.
ചോ. സംഘര്‍ഷങ്ങള്‍, അതല്ലെങ്കില്‍ ഉയിര്‍ത്തെഴുന്നേല്‍പ്പുകള്‍, ഫലസ്തീനില്‍ പുതിയതല്ല. നിരവധിപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട സംഘര്‍ഷങ്ങള്‍ക്ക് പതിറ്റാണ്ടുകളായി ഫലസ്തീന്‍ സാക്ഷിയാണ്. ഒരു സ്വതന്ത്ര പരമാധികാര രാജ്യം സാധ്യമാവാന്‍ ഫലസ്തീനികള്‍ ഇനിയും എത്രകാലം കാത്തിരിക്കണം?
ഉ. 1948ല്‍ ഇസ്രായേല്‍ എന്ന രാജ്യം പ്രഖ്യാപിക്കപ്പെട്ടതു മുതല്‍ ഞങ്ങള്‍ ഈ അധിനിവേശം സഹിക്കുന്നു. അതിനുശേഷം 1967ലെ യുദ്ധത്തിനുശേഷം വീണ്ടും ഞങ്ങളുടെ കുറേക്കൂടി ഭൂമി ഇസ്രായേല്‍ പിടിച്ചെടുത്തു. അതുകൊണ്ടുതന്നെ ഈ അധിനിവേശത്തിനെതിരായ സമരം ഫലസ്തീനികള്‍ ഒരിക്കലും അവസാനിപ്പിക്കാന്‍ പോവുന്നില്ല. പക്ഷേ, എനിക്കു തോന്നുന്നത് താങ്കളുടെ ചോദ്യം ഇസ്രായേലികളോടാണ് ചേദിക്കേണ്ടതെന്നാണ്. എന്നാണ് അവര്‍ ഫലസ്തീന്‍ ഭൂമിയിലെ തങ്ങളുടെ അധിനിവേശം അവസാനിപ്പിക്കാന്‍ പോവുന്നത്? ഈ ചോദ്യം അന്തര്‍ദേശീയ സമൂഹം ഇസ്രായേലിനോട് ചോദിക്കേണ്ടതുണ്ട്. സാഹചര്യം ശാന്തവും സുരക്ഷിതവുമാക്കി നിലനിര്‍ത്താനും പിഎല്‍ഒയും ഇസ്രായേലും തമ്മില്‍ കൂടിയാലോചനകള്‍ നടക്കുമ്പോള്‍ ഇരുപക്ഷത്തിനും സുരക്ഷ ഉറപ്പുവരുത്താനും കഴിവിന്റെ പരമാവധി ഞങ്ങള്‍ ശ്രമിക്കാറുണ്ട്. മേഖലയില്‍ സമാധാനം ഉറപ്പുവരുത്താനുള്ള ചര്‍ച്ചകള്‍ കഴിഞ്ഞ 20 വര്‍ഷത്തിലേറെയായി നടക്കുന്നു. യാതൊരു ഫലവുമുണ്ടായില്ല. എന്നാല്‍, ഇസ്രായേലാവട്ടെ, ഈ സമാധാനപ്രക്രിയകളെയും ചര്‍ച്ചകളെയും ഫലസ്തീന്‍ ഭൂമി പിടിച്ചെടുക്കുന്നതിനുള്ള ഒരു മറയായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു.
ഇസ്രായേല്‍ നടത്തുന്നത് കുടിയേറ്റമാണ്; കോളനി നിര്‍മാണവുമാണ്. അവരുടേതല്ലാത്ത ഭൂമി ബലംപ്രയോഗിച്ച് പിടിച്ചെടുത്ത് ഇസ്രായേലികള്‍ സൈന്യത്തിന്റെ സുരക്ഷാപിന്തുണയോടെ താമസമുറപ്പിക്കുന്നു.
ചോ. ഇപ്പോള്‍ തുടരുന്ന സംഘര്‍ഷങ്ങളിലേക്കു വരാം. അമ്പതിലധികം ഫലസ്തീനികള്‍ക്കും താരതമ്യേന കുറച്ച് ഇസ്രായേലികള്‍ക്കും ഇതിനകം ജീവന്‍ നഷ്ടപ്പെട്ടു. മൂന്നാം ഇന്‍തിഫാദയാണ് ഇതെന്ന് വിശേഷിപ്പിക്കപ്പെടുന്നു. എന്താണ് താങ്കളുടെ നിലപാട്? എന്തൊക്കെയായിരിക്കും ഇതിന്റെ വ്യത്യസ്ത ഫലങ്ങള്‍?
ഉ. സത്യത്തില്‍ ഇപ്പോഴത്തെ ഉണര്‍വ് ആരും മുന്‍കൂട്ടി അറിഞ്ഞിട്ടില്ല. ഇതിനു മുമ്പത്തെ രണ്ടാം ഇന്‍തിഫാദയില്‍നിന്നു വ്യത്യസ്തമാണ് ഇതെന്ന് പറയാനുള്ള കാരണമിതാണ്. ജനങ്ങളില്‍നിന്ന് നേരിട്ടാണ് ഇതുണ്ടാവുന്നത്. ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിയോ സര്‍ക്കാരോ പിന്തുണയ്ക്കുകയോ സംഘടിപ്പിക്കുകയോ ചെയ്തിട്ടല്ല ഇതുണ്ടായത്. തങ്ങളുടെ രോഷം പ്രകടിപ്പിക്കാന്‍ ഇനിയും കാത്തിരിക്കാനാവില്ലെന്ന് ജനങ്ങള്‍ കാണിക്കുകയായിരുന്നു. അധിനിവേശവും അധിനിവേശ സൈന്യം അവര്‍ക്കുമേല്‍ ചാര്‍ത്തിയ നിയന്ത്രണങ്ങളുംകൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുകയാണ്.
ഞങ്ങളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട വിശുദ്ധ സ്ഥലമാണ് അല്‍ അഖ്‌സ. എന്നാല്‍, അവിടെ പ്രവേശിക്കാന്‍ വെസ്റ്റ്ബാങ്കിലും കിഴക്കന്‍ ജറുസലേമിലും താമസിക്കുന്ന ഫലസ്തീനികള്‍ക്ക് അനുവാദമില്ല. അതുകൊണ്ട് ഈ ഉണര്‍വ് (ഇന്‍തിഫാദ) എപ്പോഴാണ് അവസാനിക്കുകയെന്ന് ആര്‍ക്കും പറയാനാവില്ല. കാരണം, ഇത് ആരുടെയും നിയന്ത്രണത്തിലല്ല. ജനങ്ങളില്‍നിന്ന് നേരിട്ടു വരുന്ന പ്രതികരണമാണിത്.
ചോ. ഇതിന്റെ ചെറുതും വലുതുമായ ഫലങ്ങള്‍ എന്തൊക്കെയായിരിക്കുമെന്നാണ് താങ്കള്‍ കരുതുന്നത്?
ഉ. അന്തര്‍ദേശീയ സമൂഹം നിശ്ശബ്ദത തുടരുകയാണെങ്കില്‍, ഞങ്ങളുടെ ജനങ്ങള്‍ക്കു നേരെ ഇസ്രായേല്‍ നടത്തുന്ന കൈയേറ്റങ്ങള്‍ അവസാനിപ്പിക്കാന്‍ ആരും ഒന്നും ചെയ്യുന്നില്ലായെങ്കില്‍, ഇപ്പോഴത്തെ സംഘര്‍ഷങ്ങള്‍ വരും ആഴ്ചകളില്‍ കൂടുതല്‍ മോശമായേക്കാം.
ചോ. സമ്പൂര്‍ണമായ നിരാശയില്‍നിന്നാണ് ഇതുണ്ടാവുന്നത്?
ഉ. അതെ.
ചോ. ഫലസ്തീന്‍ രാഷ്ട്രത്തിന്റെ അന്തര്‍ദേശീയ അംഗീകാരവുമായി ബന്ധപ്പെട്ട് ചെറുതെങ്കിലും പ്രധാനപ്പെട്ടതെന്നു കരുതാവുന്ന പുരോഗതികളുണ്ടാവുന്നുണ്ട്. കഴിഞ്ഞ മാസം യുഎന്നില്‍ ആദ്യമായി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ഫലസ്തീന്‍ പതാക ഉയര്‍ത്തി. കഴിഞ്ഞ മാസം തന്നെയാണ് യുഎഇ ഫലസ്തീനില്‍ വന്ന് ഒരു ഫിഫ മല്‍സരം കളിച്ചത്. യുഎന്നിന്റെ നിരീക്ഷകപദവിയുള്ള ഒരു സ്റ്റേറ്റ് ആയി ഫലസ്തീനെ അംഗീകരിച്ചിട്ട് മൂന്നുവര്‍ഷമായി. ചെറുതെങ്കിലും ഇത്തരം നേട്ടങ്ങളെ എങ്ങനെ വിലയിരുത്തുന്നു?
ഉ. അന്തര്‍ദേശീയ സമൂഹത്തിന്റെ പിന്തുണ തേടിക്കൊണ്ട് ഫലസ്തീന്‍ നേതൃത്വം നടത്തുന്ന നയതന്ത്രശ്രമങ്ങളാണിതൊക്കെ.
ഫലസ്തീനും ഇസ്രായേലിനും ഇടയില്‍ സമാധാനം കൊണ്ടുവരാന്‍ വേണ്ടി യുഎന്‍, യുഎസ്, റഷ്യ, യൂറോപ്യന്‍ യൂനിയന്‍, അറബ് രാജ്യങ്ങള്‍ തുടങ്ങിയവര്‍ ഇടപെട്ട് ഉണ്ടാക്കിയ കരാറുകള്‍ പക്ഷേ, ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കുന്നതില്‍ പരാജയപ്പെട്ടു. അതിനാല്‍ തന്നെ ഫലസ്തീനെ ഒരു രാഷ്ട്രമായി അംഗീകരിപ്പിക്കാനും അധിനിവേശം അവസാനിപ്പിക്കാനും വേണ്ടിയുള്ള അന്തര്‍ദേശീയ കരാറുകള്‍ക്കായുള്ള ശ്രമങ്ങള്‍ ഞങ്ങള്‍ തുടരുന്നു. ഇതു സാര്‍വദേശീയമായി അംഗീകരിക്കപ്പെട്ട ഞങ്ങളുടെ അവകാശമാണെന്നാണ് ഞാന്‍ കരുതുന്നത്. മിക്ക പാശ്ചാത്യരാജ്യങ്ങളും ഞങ്ങളുടെ ഈ അവകാശത്തെ അംഗീകരിക്കുന്നുണ്ട്. ഈയിടെയാണ് ആദ്യമായി ഒരു യൂറോപ്യന്‍ യൂനിയന്‍ അംഗരാജ്യം, സ്വീഡന്‍, ഫലസ്തീനെ ഒരു രാഷ്ട്രമായി അംഗീകരിച്ചത്. ഇയു മെംബറായ ഒരു രാജ്യം അംഗീകരിക്കുന്നത് ഇതാദ്യമായാണ്.
ചോ. കൂടുതല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ഫലസ്തീനെ അംഗീകരിക്കുമോ?
ഉ. തീര്‍ച്ചയായും. ഞങ്ങള്‍ക്ക് പ്രതീക്ഷയുണ്ട്. മിക്ക പാശ്ചാത്യ-യൂറോപ്യന്‍ രാജ്യങ്ങളും നിലവില്‍ ഫലസ്തീനെ അംഗീകരിക്കുന്നുണ്ട്. ഞങ്ങള്‍ക്ക് അവിടങ്ങളില്‍ നയതന്ത്രകാര്യാലയങ്ങളുണ്ട്. സ്വീഡനില്‍ ഞങ്ങള്‍ക്ക് സമ്പൂര്‍ണ എംബസിയുണ്ട്.
ചോ. ഫലസ്തീന്‍ രാഷ്ട്രീയപ്പാര്‍ട്ടികളിലേക്കു വരാം. ഫതഹ്, ഹമാസ് തുടങ്ങി വിവിധ പാര്‍ട്ടികള്‍ക്കിടയില്‍ പരസ്പരമുള്ള ബന്ധം ദുര്‍ബലമാണെന്നു കരുതപ്പെടുന്നു. ഇനി നല്ല ബന്ധങ്ങളുണ്ടായാല്‍പ്പോലും അതു കൂടുതല്‍ കാലം നിലനില്‍ക്കുന്നില്ല. ഫലസ്തീനികളുടെ പൊതുവായ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ഈ പാര്‍ട്ടികള്‍ക്കിടയില്‍ നല്ല ബന്ധമുണ്ടായിരിക്കേണ്ടത് എത്രമാത്രം അനിവാര്യമാണ്?
ഉ. ഫലസ്തീനിയന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കിടയില്‍ ഉണ്ടാവേണ്ട ഐക്യം വളരെ പ്രധാനമാണെന്ന് ഞങ്ങള്‍ കരുതുന്നു. ഫതഹിനും ഹമാസിനുമിടയില്‍ പുനരൈക്യം സാധ്യമാക്കുക എന്നത് ഞങ്ങളുടെ മുന്‍ഗണനകളിലൊന്നാണ്. അതുമായി ബന്ധപ്പെട്ട ശ്രമങ്ങള്‍ നടക്കുന്നുണ്ട്. കഴിഞ്ഞ മൂന്നാഴ്ചകളിലായി നടക്കുന്ന ഉയിര്‍ത്തെഴുന്നേല്‍പ്പും ഒരര്‍ഥത്തില്‍ ഈ പാര്‍ട്ടികളെ മുഴുവന്‍ ഒരുമിച്ചുകൊണ്ടുവന്നു. വളരെ അടുത്തുതന്നെ പിഎല്‍ഒവിനു കീഴില്‍ ഒരു ഐക്യനേതൃത്വം സാധ്യമാവുമെന്നാണു ഞാന്‍ വിശ്വസിക്കുന്നത്.
ചോ. വ്യത്യസ്ത അറബ്-മുസ്‌ലിം രാജ്യങ്ങളുടെ പ്രതികരണമെന്താണ്?
ഉ. അറബ് രാജ്യങ്ങളുടെ പിന്തുണ ഞങ്ങള്‍ എപ്പോഴും ആവശ്യപ്പെടാറുണ്ട്. എന്നാല്‍, നമുക്കറിയാം ഫലസ്തീനിന്റെ അയല്‍രാജ്യങ്ങളിലും സ്ഥിതി ഇപ്പോള്‍ സുസ്ഥിരമല്ല. സിറിയയിലെ യുദ്ധം ലബ്‌നാനിലും ജോര്‍ദാനിലുമെല്ലാം പ്രതികൂലമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഈജിപ്തും അത്രകണ്ട് സുസ്ഥിരമല്ല. എന്തുതന്നെയായാലും ഞങ്ങള്‍ക്ക് അറബ് രാജ്യങ്ങളുടെ പൂര്‍ണ പിന്തുണയുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ജറുസലേമിലെ സാഹചര്യം വളരെ അപകടകരമാണെന്നിരിക്കെ, ഞങ്ങള്‍ക്ക് കൂടുതല്‍ പിന്തുണ കിട്ടുമെന്ന് ഞാന്‍ മനസ്സിലാക്കുന്നു. മതഭ്രാന്തന്മാരായുള്ള ജൂതന്മാര്‍ അവരുടെ ആക്രമണവും പ്രകോപനവും അവസാനിപ്പിക്കാന്‍ തയ്യാറാവുന്നില്ല. അതുകൊണ്ടുതന്നെ ഫലസ്തീനും ജറുസലേമിനും വേണ്ടി നിലകൊള്ളുക എന്നത് അറബ്-മുസ്‌ലിം രാജ്യങ്ങളുടെ ഉത്തരവാദിത്തമാണ്. കാരണം, ജറുസലേം ഫലസ്തീനികളുടേതു മാത്രമല്ല. അത് മുഴുവന്‍ അറബികളുടേതും മുഴുവന്‍ മുസ്‌ലിംകളുടേതുമാണ്.
Next Story

RELATED STORIES

Share it