Kerala

നേമത്ത് വോട്ടുകച്ചവടം നടന്നെന്ന് ആരോപണം കെപിസിസി നേതൃത്വം മാറണം: യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞടുപ്പില്‍ യുഡിഎഫിന് നേരിടേണ്ടിവന്ന കനത്ത തോല്‍വിക്ക് പിന്നാലെ കെപിസിസി നേതൃത്വത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കെപിസിസി നേതൃസ്ഥാനത്തുള്ളവര്‍ ഒഴിയണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഡിസിസിയിലെ ജംബോ കമ്മിറ്റികള്‍ പിരിച്ചുവിടണം. നേമത്ത് വോട്ടുകച്ചവടം നടന്നെന്നും അറിയപ്പെടുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിക്കായി പ്രവര്‍ത്തിച്ചെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. തിരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായ പരാജയം വിലയിരുത്താനായി തിരുവനന്തപുരത്ത് ചേര്‍ന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമിതിയിലാണ്  വിമര്‍ശനങ്ങളും ആവശ്യങ്ങളുമുണ്ടായത്. തോല്‍വിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിനും പങ്കുണ്ടെന്ന സ്വയം വിമര്‍ശനവും യോഗത്തിലുണ്ടായി. എല്‍ഡിഎഫിനെ വിജയത്തിലേക്ക് നയിക്കാന്‍ കാരണമായ തെറ്റായ പ്രചാരണങ്ങളെ പ്രതിരോധിക്കുന്നതില്‍ യൂത്ത് കോണ്‍ഗ്രസ്സിനും വീഴ്ചപറ്റിയെന്ന് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് വ്യക്തമാക്കി. അഴിമതി, വര്‍ഗീയത എന്നിവയ്‌ക്കെതിരായ പ്രചാരണവും പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകവും എല്‍ഡിഎഫ് രാഷ്ട്രീയമായി ഉപയോഗിച്ചു. യുഡിഎഫിന്റെ വികസന അജണ്ട ജനങ്ങളില്‍നിന്നു മറച്ചുപിടിക്കാനായതും എല്‍ഡിഎഫിന് അവര്‍ക്ക് നേട്ടമായി. വേണ്ടവിധത്തില്‍ ഇതിനെതിരേ മുന്നോട്ടുപോവാന്‍ സംഘടനയ്ക്ക് സാധിച്ചില്ല. കോണ്‍ഗ്രസ്സിന്റെ പല സ്ഥാനാര്‍ഥികളെയും വ്യക്തിപരമായി അപമാനിക്കുംവിധം എല്‍ഡിഎഫ് നേതാക്കള്‍ പ്രചാരണം അഴിച്ചുവിട്ടു. ന്യൂനപക്ഷസമൂഹത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കാന്‍ കരുനാഗപ്പള്ളിയില്‍ മല്‍സരിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ സി ആര്‍ മഹേഷ് ആര്‍എസ്എസുകാരനാണെന്ന് പറഞ്ഞുപരത്തി.  തിരഞ്ഞെടുപ്പിനു മുമ്പ് നടത്തിയ ഡിസിസി തല പുനസംഘടന ഫലവത്തായില്ലെന്നും ഡീന്‍ കുറ്റപ്പെടുത്തി. ജംബോ കമ്മിറ്റികള്‍ക്ക് തിരഞ്ഞെടുപ്പുവിജയം നേടിയെടുക്കാനായില്ല. ഡിസിസികള്‍ അടിയന്തരമായി പുനസംഘടിപ്പിക്കണം. ജനസ്വീകാര്യതയുള്ളവരെ ഭാരവാഹികളാക്കണം. തിരഞ്ഞെടുപ്പു പരാജയം അന്വേഷിക്കാന്‍ നിയോഗിക്കുന്ന കെപിസിസി സമിതികള്‍ പ്രഹസനമാവരുത്. മുമ്പ് രൂപീകരിച്ച സമിതികള്‍ അന്വേഷണം നടത്തിയെങ്കിലും റിപോര്‍ട്ട് പുറത്തുവന്നില്ല. വര്‍ഗീയതയ്‌ക്കെതിരായ പ്രചാരണം നടത്താനും പ്രാദേശികതലത്തില്‍ വര്‍ഗീയകക്ഷികള്‍ക്കെതിരേ നിലപാട് സ്വീകരിക്കാനും യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റികള്‍ പുനസംഘടിപ്പിക്കും. കേന്ദ്രത്തില്‍ രണ്ടുവര്‍ഷം തികച്ച മോദി സര്‍ക്കാരിനെതിരേ കുറ്റപത്രം തയ്യാറാക്കി സമരം തുടങ്ങുമെന്നും ഡീന്‍ കുര്യാക്കോസ് വ്യക്തമാക്കി.
Next Story

RELATED STORIES

Share it