നേപ്പാളും കടന്ന് ഇന്ത്യ സെമിയില്‍

എച്ച് സുധീര്‍

തിരുവനന്തപുരം: നേപ്പാളിനെ 4-1ന് തകര്‍ത്ത് ഗ്രൂപ്പ് ചാംപ്യന്‍മാരായി ഇന്ത്യ സാഫ് കപ്പ് ഫുട്‌ബോളിന്റെ സെമിയില്‍ കടന്നു. തുടര്‍ച്ചയായ രണ്ടാം ജയവുമായാണ് ഇന്ത്യയുടെ കുതിപ്പ്. ഇരട്ടഗോള്‍ നേടിയ മിസോറാമിന്റെ കൗമാര താരം 18കാരനായ ലാലിയന്‍ സുലയാണ് ഇന്ത്യയുടെ ഹീറോ. രണ്ടാം മല്‍സരത്തിലും നേപ്പാള്‍ പരാജയപ്പെട്ടതോടെ എ ഗ്രൂപ്പില്‍ നിന്നും ശ്രീലങ്കയും സെമിയിലെത്തി.
ഇന്നു നടക്കുന്ന ഗ്രൂപ്പ് ബിയിലെ മാലദ്വീപ്- അഫ്ഗാന്‍ മല്‍സരത്തിന്റെ തോല്‍ക്കുന്ന ടീമാവും സെമിയില്‍ ഇന്ത്യയുടെ എതിരാളി. മാലദ്വീപും അഫ്ഗാനും നേരത്തെ സെമിയില്‍ കടന്നിരുന്നു. ആദ്യ മല്‍സരത്തിലെ ഇലവനില്‍ അഞ്ചു മാറ്റങ്ങള്‍ വരുത്തിയാണ് ഇന്ത്യ നേപ്പാളിനെതിരെ ഇറങ്ങിയത്. മുന്നേറ്റ നിരയില്‍ റോബിന്‍ സിങിനും ജെജെക്കും പകരം ഹലിചരണ്‍ നസ്രേയും മധ്യനിരയില്‍ പ്രണോയ് ഹല്‍ദറിനു പകരം ബികാസ് ജെയ്‌റുവും റോവ്‌ലിന്‍ ബോര്‍ജസും പ്രതിരോധത്തില്‍ അര്‍ണബ് മൊണ്ഡലിനു പകരം ഐബോര്‍ലാങ് ഖോങ്‌ജെയും കളത്തിലിറങ്ങി. പതിവിനു വിപരീതമായി 3000ത്തോളം കാണികള്‍ ഇന്നലെ ആതിഥേയരുടെ കളി കാണാന്‍ എത്തിയിരുന്നു.
സ്‌ട്രൈക്കര്‍മാരുടെ എണ്ണം കുറച്ച് പ്രതിരോധത്തിനു പ്രാധാന്യം നല്‍കുന്ന ശൈലി നടപ്പാക്കിയിട്ടും മൂന്നാം മിനിറ്റില്‍ തന്നെ ഇന്ത്യയെ ഞെട്ടിച്ച് നേപ്പാള്‍ വലകുലുക്കി. ഇടതുവിങിലൂടെ മികച്ച മുന്നേറ്റം നടത്തിയ നവയുഗ് ശ്രേഷ്ഠ ഇന്ത്യന്‍ പ്രതിരോധക്കാരന്‍ അഗസ്റ്റിന്‍ ഫെര്‍ണാണ്ടസിനെ കബളിപ്പിച്ച് അടിച്ച ഷോട്ട് പോസ്റ്റില്‍ തട്ടി ബിമല്‍ മഗാറിന്റെ കാലിലെത്തി. ആളൊഴിഞ്ഞ പോസ്റ്റിലേക്ക് പന്ത് തട്ടിയിട്ടു മഗാര്‍ സ്‌കോര്‍ ചെയ്തു. ഗോള്‍ വഴങ്ങിയതോടെ ആക്രമിച്ചു കളിച്ച ഇന്ത്യ 26ാം മിനിറ്റില്‍ ലക്ഷ്യംകണ്ടു.
ബിമല്‍ മഗാര്‍ ഇടതുവിങില്‍ സെന്റര്‍ ലൈനിനു സമീപം ലിങ്‌ദോയെ ഫൗള്‍ ചെയ്തതിനു ലഭിച്ച ഫ്രീകിക്കില്‍ നിന്നാണ് ഇന്ത്യയുടെ മറുപടി ഗോള്‍ പിറന്നത്. നാരായണ്‍ ദാസ് എടുത്ത ഫ്രീകിക്ക് ബോക്‌സില്‍ പ്രീതം കോട്ടല്‍ ഹെഡ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും തലയില്‍തട്ടി സെക്കന്‍ഡ് പോസ്റ്റില്‍ ഡി ബോക്‌സിനുള്ളില്‍ വീണ പന്ത് ബോര്‍ജസ് നേപ്പാള്‍ വലയിലേക്ക് അടിച്ചു കയറ്റുകയായിരുന്നു.
ഒരു സബ്‌സ്റ്റിറ്റിയൂഷനുമായാണ് ഇരു ടീമുകളും രണ്ടാം പകുതിയില്‍ കളത്തിലിറങ്ങിയത്. മധ്യനിരതാരം സഞ്ജു പ്രധാനു പകരം സ്‌ട്രൈക്കര്‍ സുലയെ ഇന്ത്യ കളത്തിലിറക്കിയപ്പോള്‍ ആദ്യ ഗോള്‍ നേടിയ ബിമല്‍ മഗാറിനു പകരക്കാരനായി ജഗ്ജിത് ശ്രേഷ്ഠയുമായാണു നേപ്പാള്‍ ഇറങ്ങിയത്. 68ാം മിനിറ്റില്‍ സുനില്‍ ഛെത്രി ഇന്ത്യയെ മുന്നിലെത്തിച്ചു. ഇടതു വിങില്‍ നിന്നും നര്‍സ്രേ നല്‍കിയ പാസ് ഛെത്രി വലയിലേക്കു തിരിച്ചുവിടുകയായിരുന്നു.
80ാം മിനിറ്റിലാണ് ടൂര്‍ണമെന്റിലെ തന്നെ ഇതുവരെയുള്ള ഏറ്റവും മികച്ച ഗോള്‍ സുലയുടെ ബൂട്ടില്‍ നിന്ന് പിറന്നു. ഗോളി സുബ്രതോ പോള്‍ നീട്ടി നല്‍കിയ ഹൈബോള്‍ ബോക്‌സിനു മുന്നില്‍ നിന്നും ജെജെ വലതു വിങില്‍ സുലയ്ക്കു ഹെഡ് ചെയ്തു നല്‍കി. നേപ്പാള്‍ താരത്തെ ഡ്രിബിള്‍ ചെയ്ത് ബോക്‌സിലേക്ക് കയറാന്‍ ശ്രമിച്ച സുലെ ബോള്‍ പിന്നിലേക്കു വലിച്ച് ഇടംകാല്‍ കൊണ്ടുതിര്‍ത്ത ഷോട്ട് പോസ്റ്റിന്റെ ഇടതു മൂലയിലേക്കു പറന്നിറങ്ങി.
90ാം മിനിറ്റില്‍ ഇടതു വിങില്‍ നിന്നും ബോര്‍ജസ് നല്‍കിയ ഹൈ ബോള്‍ നേപ്പാള്‍ ഡിഫന്‍ഡര്‍ക്കു മുകളില്‍ ഉയര്‍ന്നു ചാടിയ സുല പിന്നിലേക്ക് ഹെഡ് ചെയ്തു. നേപ്പാള്‍ ഗോളിയെ മറികടന്ന് പന്ത് വലയില്‍.
Next Story

RELATED STORIES

Share it