നേപ്പാളില്‍ ചെറു യാത്രാവിമാനം തകര്‍ന്ന് 23 മരണം

കാഠ്മണ്ഡു: നേപ്പാളില്‍ 23 പേരുമായി അപ്രത്യക്ഷമായ ചെറുവിമാനത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തി. പ്രാദേശിക വിമാന കമ്പനിയായ താര എയര്‍ലൈന്‍സിന്റെ ട്വിന്‍ ഒട്ടെര്‍ വിമാനമാണ് ദുരന്തത്തില്‍പെട്ടത്.
മ്യാഗ്ദി ജില്ലയിലെ സോളിഘോപ്‌റ്റെ വനത്തിലാണ് വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്തിയതെന്ന് നേപ്പാള്‍ വ്യോമയാന മന്ത്രി അനന്തപ്രസാദ് പറഞ്ഞു. കണ്‍ട്രോള്‍ ടവറുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ട് നാലു മണിക്കൂറിനു ശേഷമാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് വിവരം പുറംലോകത്തെ അറിയിച്ചത്.
വിമാനത്തിലുണ്ടായിരുന്ന മുഴുവനാളുകളും കൊല്ലപ്പെട്ടതായാണ് വിവരം. എന്നാല്‍, ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പ്രതികൂല കാലാവസ്ഥ മൂലം നിയന്ത്രണം വിട്ട വിമാനം ഇടിച്ചിറങ്ങുകയായിരുന്നുവെന്നാണ് കരുതുന്നത്. എന്നാല്‍, ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
പറന്നുയര്‍ന്ന് താമസിയാതെ കണ്‍ട്രോള്‍ ടവറുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നു. കാഠ്മണ്ഡുവില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ പൊഖ്‌റയില്‍ നിന്ന് ജോംസോമിലേക്ക് തിരിച്ച വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ട്രക്കിങിന് പ്രസിദ്ധമായ സ്ഥലമാണിത്. വെറും 18 മിനിറ്റ് ദൂരമാണ് വിമാനത്തിന് യാത്ര ചെയ്യാനുണ്ടായിരുന്നത്.
രണ്ട് വിമാനത്താവളങ്ങള്‍ക്കിടയില്‍ എവിടെയും ലാന്‍ഡിങ് സ്ട്രിപ്പ് ഇല്ലാത്തതിനാല്‍ വിമാനം തകര്‍ന്നിരിക്കാനാണ് സാധ്യതയെന്ന് അധികൃതര്‍ നേരത്തേ തന്നെ അറിയിച്ചിരുന്നു. വിമാനത്തിലുണ്ടായിരുന്നവര്‍ ഭൂരിപക്ഷവും നേപ്പാളികളാണ്.
കാണാതായ ഉടനെ രക്ഷാപ്രവര്‍ത്തകര്‍ ഹെലിക്കോപ്റ്ററുകളില്‍ തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍, മോശം കാലാവസ്ഥയെ തുടര്‍ന്ന് രണ്ടു മണിക്കൂറിലധികം നേരം തിരച്ചില്‍ നടത്താനേ കഴിഞ്ഞുള്ളൂ.
Next Story

RELATED STORIES

Share it