kasaragod local

നേതൃ സ്ഥാനത്ത് നിന്ന് പുറത്താക്കിയ സംഭവം: എ ഹമീദ് ഹാജിക്കെതിരേയുള്ള അച്ചടക്ക നടപടി പിന്‍വലിക്കുന്നതിനെതിരേ മണ്ഡലം ലീഗ് കമ്മിറ്റി

കാഞ്ഞങ്ങാട്: ജില്ലാ മുസ്‌ലിംലീഗ് വൈസ് പ്രസിഡന്റായിരുന്ന എ ഹമീദ് ഹാജിയെ തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്ത നടപടി പിന്‍വലിക്കുന്നതിനെതിരേ കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി. ജില്ലാ ലീഗ് വൈസ് പ്രസിഡന്റായിരിക്കുമ്പോള്‍ പത്ത് മാസംമുമ്പാണ് ഇദ്ദേഹത്തെ അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി നസീമയുടെ പരാതിയെ തുടര്‍ന്ന് ലീഗ് സംസ്ഥാന നേതൃത്വം സ്ഥാനത്ത് നിന്ന് നീക്കിയത്.
പാര്‍ട്ടിയുടെ മുഴുവന്‍ പരിപാടികളിലും ഇദ്ദേഹം സജീവമായി പങ്കെടുക്കുന്നുണ്ട്. എന്നാല്‍ പഴയ സ്ഥാനത്ത് വീണ്ടും നിയമിക്കുന്നതിനെതിരേ കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയിലെ മൂന്നംഗ സംഘമാണ് രംഗത്തുള്ളതെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. മണ്ഡലം പ്രസിഡന്റ് ബഷീര്‍ വെള്ളിക്കോത്ത്, ജനറല്‍ സെക്രട്ടറി എം പി ജാഫര്‍, പ്രവാസി നേതാവ് എന്നിവരാണ് ഇദ്ദേഹത്തെ തിരിച്ചെടുക്കുന്നതിനെതിരെ സമ്മര്‍ദ്ദം ചെലുത്തുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായ സമയത്ത് ഹമീദ് ഹാജിയെ മാറ്റി നിര്‍ത്തുന്നത് ഉചിതമല്ലെന്നാണ് അജാനൂര്‍ പഞ്ചായത്തിലെ ലീഗ് പ്രവര്‍ത്തകര്‍ പറയുന്നത്.
കാസര്‍കോട് നഗരസഭാ കമ്മിറ്റിയില്‍ കഴിഞ്ഞ നഗരസഭാ തിരഞ്ഞെടുപ്പില്‍ റിബലായി മല്‍സരിച്ച റാഷിദ് പൂരണം, ഇദ്ദേഹത്തെ അനുകൂലിച്ച മുന്‍ കൗണ്‍സിലര്‍ ആസിഫ് എവറസ്റ്റ്, യൂത്ത് ലീഗ് ശാഖാ സെക്രട്ടറി നൗഷാദ് കരിപ്പൊടി, ഖജാഞ്ചി റഫീഖ് മാര്‍ക്കറ്റ് എന്നിവരെ ആറ് വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു.
തങ്ങള്‍ ഇപ്പോഴും അനുസരണയുള്ള പാര്‍ട്ടി പ്രവര്‍ത്തകരാണെന്നും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയിട്ടില്ലെന്ന് കാണിച്ച് ലീഗ് ജില്ലാ കമ്മിറ്റിക്ക് കത്ത് നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ ഒരു വിഭാഗം ഇതിനെതിരെ രംഗത്ത് വന്നതോടെ ഇവരുടെ പേരിലുള്ള അച്ചടക്ക നടപടിയിലും തീരുമാനമെടുക്കാന്‍ കഴിഞ്ഞിട്ടില്ല.
Next Story

RELATED STORIES

Share it