നേതൃമാറ്റം: സുധീരന്‍ രാഹുല്‍ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി;  ഹൈക്കമാന്‍ഡിന് അനുകൂല നിലപാട് 

ന്യൂഡല്‍ഹി: കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നേതൃമാറ്റം കൊണ്ടുവരുന്നതിന് ഹൈക്കമാന്‍ഡിന് അനുകൂല നിലപാട്. എന്നാല്‍, ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും സ്വീകാര്യനായ ഒരാളെ പകരം കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ഇക്കാര്യം കഴിഞ്ഞ ദിവസം രാഹുല്‍ഗാന്ധിയുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ മറ്റു നേതാക്കള്‍ക്ക് ശക്തമായി ഉന്നയിക്കാനായില്ല.
കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്ന് വി എം സുധീരനെ മാറ്റാന്‍ എപ്പോള്‍ വേണമെങ്കിലും സാധിക്കും. എന്നാല്‍, പുതുതായി സ്ഥാനത്തെത്തുന്നവര്‍ തങ്ങള്‍ക്ക് സ്വീകാര്യനല്ലെങ്കിലും അവരെ ദീര്‍ഘകാലം പദവിയില്‍ തുടരാന്‍ അനുവദിക്കേണ്ടിവരും. ഈ സാഹചര്യത്തില്‍ നേതൃമാറ്റമെന്ന ആവശ്യത്തില്‍നിന്ന് ഉമ്മന്‍ചാണ്ടി അവസാന നിമിഷം പിന്‍വലിയുകയായിരുന്നു.
വി എം സുധീരന്‍ ഇന്നലെയും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. പാര്‍ട്ടിക്ക് പുതിയ ദിശാബോധം നല്‍കുന്നതിനും ശക്തമായ പ്രതിപക്ഷമായി പ്രവര്‍ത്തിക്കുന്നതിനുമുള്ള നടപടികളുമായി മുന്നോട്ടുപോവുമെന്ന് സുധീരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പുനസ്സംഘടനയ്ക്കായി നേരത്തേ രൂപംനല്‍കിയ സമിതികള്‍ നിലനില്‍ക്കില്ല. ഗ്രൂപ്പുകള്‍ക്ക് അതീതമായ പുനസ്സംഘടനയാണു നടത്തുക. മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും ആളുകളെ പരിഗണിക്കുക.
ഹൈക്കമാന്‍ഡുമായുള്ള യോഗത്തില്‍ ആരും നേതൃമാറ്റം ആവശ്യപ്പെട്ടില്ല. വൈബ്രന്റായ നേതൃത്വമാണ് വേണ്ടതെന്ന കെ സുധാകരന്റെ പ്രസ്താവനയെക്കുറിച്ച് ഒന്നും പറയാനില്ലെന്നും സുധീരന്‍ വ്യക്തമാക്കി. കാര്യങ്ങളുടെ നിജസ്ഥിതി മുഴുവന്‍ പ്രവര്‍ത്തകര്‍ക്കുമറിയാം. എല്ലാവരെയും ഒന്നിച്ചുചേര്‍ത്ത് മുന്നോട്ടുകൊണ്ടുപോവുകയാണു വേണ്ടത്. നിര്‍വാഹകസമിതി യോഗത്തില്‍ നൂറുപേര്‍ സംസാരിച്ചതായും താനാണ് അവസാനം സംസാരിച്ചതെന്നും സുധീരന്‍ പറഞ്ഞു. യുഡിഎഫ് ചെയര്‍മാന്‍സ്ഥാനത്ത് ഉമ്മന്‍ചാണ്ടി തുടരണമെന്നാണ് എല്ലാവരുടെയും അഭിപ്രായം. ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡാണ് തീരുമാനമെടുക്കേണ്ടത്.
ഒളിംപ്യന്‍ അഞ്ജു ബോബി ജോര്‍ജിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഔചിത്യബോധം കാട്ടിയില്ല. അധികാരം അഹങ്കാരത്തോടെ വിനിയോഗിക്കുമ്പോള്‍ അത് അധികാര ദുര്‍വിനിയോഗത്തിന് വഴിവയ്ക്കും. മോദി ഭരണത്തിന്റെ ശൈലി കേരളത്തിലും അനുവര്‍ത്തിക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും സുധീരന്‍ കുറ്റപ്പെടുത്തി.
Next Story

RELATED STORIES

Share it