നേതൃമാറ്റം: ഐ ഗ്രൂപ്പിന്റെ നീക്കങ്ങളെ ചെറുക്കാന്‍ എ ഗ്രൂപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോണ്‍ഗ്രസ്സിനുള്ളില്‍ നേതൃമാറ്റം വേണമെന്ന ഐ ഗ്രൂപ്പിന്റെ നിലപാടിനെ അതേ നാണയത്തില്‍ ചെറുക്കാന്‍ എ ഗ്രൂപ്പും രംഗത്ത്. ഉമ്മന്‍ചാണ്ടിയേയും സര്‍ക്കാരിനേയും രൂക്ഷമായി വിമര്‍ശിച്ചും നേതൃമാറ്റമെന്ന ആവശ്യത്തിലേക്ക് വിരല്‍ചൂണ്ടിയും രമേശ് ചെന്നിത്തലയുടെ പേരില്‍ ഹൈക്കമാന്‍ഡിന് ലഭിച്ച കത്തിന്റെ മറപിടിച്ചാണ് പുതിയ വിവാദം.
ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റിനേയും കത്തിനേയും സംബന്ധിച്ചുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം ഐ ഗ്രൂപ്പിനുള്ള മറുപടിയായി വേണം വിലയിരുത്താന്‍. ആരെങ്കിലും സ്വന്തം നിലയില്‍ സര്‍ക്കാരിനെ വിലയിരുത്തുന്നത് ശരിയില്ലെന്നും ജനങ്ങളാണ് വിലയിരുത്തേണ്ടതെന്നുമാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. 30ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കേരളം സന്ദര്‍ശിക്കാനിരിക്കെയാണ് ഉമ്മന്‍ചാണ്ടിയുടെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്. ചെന്നിത്തലയുടെ പേരിലുള്ള കത്ത് മാധ്യമങ്ങളിലൂടെ വിവാദമായപ്പോഴും കത്ത് അയച്ചിട്ടില്ലെന്നാണ് ഐ ഗ്രൂപ്പ് നേതാക്കളും ചെന്നിത്തലയും വ്യക്തമാക്കിയത്. എന്നാല്‍, കത്തിലുള്ള ഉള്ളടക്കങ്ങളെ തള്ളിക്കളയാന്‍ ഐ ഗ്രൂപ്പ് നേതാക്കളാരും തയ്യാറായില്ല. പലരും കത്തിനെ അനുകൂലിച്ച് രംഗത്തു വരികയും ചെയ്തു. ഈ സന്ദര്‍ഭങ്ങളിലൊന്നും വ്യക്തമായ പ്രതികരണത്തിന് മുഖ്യമന്ത്രി തയ്യാറായിരുന്നില്ല.
എന്നാല്‍, കേരളത്തിലെത്തുന്ന സോണിയ ഗാന്ധിക്ക് മുന്നില്‍ നേതൃമാറ്റം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉന്നയിക്കാന്‍ ഐ ഗ്രൂപ്പ് ശ്രമം തുടങ്ങിയെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി വ്യക്തമായ മറുപടിയുമായി രംഗത്തു വന്നത്. നേതൃമാറ്റത്തെ സര്‍വശക്തിയും ഉപയോഗിച്ച് അതേ നാണയത്തില്‍ തിരിച്ചടിക്കാനാണ് ഇതുവഴി എ ഗ്രൂപ്പ് ലക്ഷ്യമിടുന്നതെന്ന് വ്യക്തം.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ ന്യൂനപക്ഷ പ്രീണനമാണ് ഐ ഗ്രൂപ്പും ഉന്നയിച്ചത്. തുല്യനീതി ചെയ്ത കെ കരുണാകരനെ ഓര്‍മിച്ചും ഉമ്മന്‍ചാണ്ടിക്കെതിരെ പരോക്ഷവിമര്‍ശനം നടത്തി. ഭൂരിപക്ഷ സമുദായങ്ങളെ ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസ്സില്‍ നിന്ന് അകറ്റിയെന്ന ആരോപണവും ഐ ഗ്രൂപ്പ് ഉയര്‍ത്തി. ബുധനാഴ്ച കോട്ടയത്തുവച്ച് ഘടകകക്ഷി നേതാക്കളും സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. കോണ്‍ഗ്രസ്സിലെ പ്രശ്‌നങ്ങള്‍ ഘടകകക്ഷി നേതാക്കള്‍ സോണിയയെ ബോധ്യപ്പെടുത്തും. കൂടിക്കാഴ്ചയില്‍ കോണ്‍ഗ്രസിലെയും യുഡിഎഫിലേയും പ്രശ്‌നങ്ങളില്‍ ഘടകക്ഷി നിലപാട് നിര്‍ണായകമാവും.
Next Story

RELATED STORIES

Share it