നേതൃത്വത്തിനെതിരേ പ്രചാരകര്‍; കണ്ണൂര്‍ ആര്‍എസ്എസില്‍ കത്ത് വിവാദം

കണ്ണൂര്‍: ബിജെപി ജില്ലാ പ്രസിഡന്റിനെതിരായ ലൈംഗികാരോപണത്തിനു പിന്നാലെ കണ്ണൂരില്‍ സംഘപരിവാരത്തിനു തലവേദനയായി വീണ്ടും കത്ത് വിവാദം. ജില്ലയിലെയും സംസ്ഥാനത്തെയും ചില ആര്‍എസ്എസ്, ബിജെപി നേതാക്കള്‍ക്കെതിരേ കടുത്ത ആരോപണങ്ങളുമായി സംഘപരിവാരത്തിന്റെ ശാസ്ത്രജ്ഞരുടെ പ്രസ്ഥാനമായ സ്വദേശി ശാസ്ത്ര പ്രസ്ഥാനം ഭാരവാഹികള്‍ സര്‍സംഘചാലക് മോഹന്‍ ഭാഗവതിനു നല്‍കിയ റിപോര്‍ട്ടിലെ പരാമര്‍ശങ്ങളാണു വിവാദമായിട്ടുള്ളത്.
കഴിഞ്ഞ മാസം 29നു കണ്ണൂരില്‍ നടന്ന ബൈഠക്കില്‍ മോഹന്‍ ഭാഗവതിനു നല്‍കിയ റിപോര്‍ട്ടാണ് ഇതെന്നാണു വ്യക്തമാക്കിയിട്ടുള്ളത്. കത്തിന്റെ മലയാള പരിഭാഷയെന്ന പേരില്‍ സംഘടനയുടെ ലെറ്റര്‍ ഹെഡിലുള്ള കത്ത് മാധ്യമങ്ങള്‍ക്കും എത്തിച്ചിട്ടുണ്ട്.
പ്രധാനമായും സാമ്പത്തിക ക്രമക്കേടുകളും ജോലി തട്ടിപ്പുമാണ് റിപോര്‍ട്ടിലുള്ളത്. കണ്ണൂര്‍ ജില്ലയില്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങള്‍ സംഘപ്രസ്ഥാനവുമായി അകലുകയാണെന്നും ഇവര്‍ക്കു നല്‍കിയിരുന്ന സഹായങ്ങള്‍ നിലച്ചെന്നും കുറ്റപ്പെടുത്തുന്നുണ്ട്. മാത്രമല്ല, കൊല്ലപ്പെട്ടവരുടെ മക്കള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ സംഘപരിവാര പ്രവര്‍ത്തകരുടെ ഉടമസ്ഥതയിലുള്ള കമ്പനികളിലും കേന്ദ്രസര്‍ക്കാരിലും ജോലി നല്‍കാന്‍ തീരുമാനിച്ചിരുന്നെങ്കിലും നടന്നില്ല.
ജില്ലയിലെ ചില നേതാക്കള്‍ അവരുടെ കുടുംബാംഗങ്ങള്‍ക്കാണ് ജോലി നല്‍കിയതെന്നും ആരോപിക്കുന്നുണ്ട്.
കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന്റെ സംരക്ഷണത്തിനായി രൂപീകരിച്ച കണ്ണൂര്‍ പീഡിത നിധി ദുരുപയോഗം ചെയ്‌തെന്നും കണക്കുകളുടെ അടിസ്ഥാനത്തില്‍ ആരോപിക്കുന്നു.
വിവിധ സംസ്ഥാനങ്ങളിലും രാജ്യങ്ങളിലുമായി പ്രവര്‍ത്തിക്കുന്ന സംഘപരിവാര സംഘടനകളില്‍ നിന്ന് കണ്ണൂര്‍ പീഡിത നിധിയിലേക്കായി സ്വരൂപിച്ച തുകയും കണക്കും ഇതില്‍ പ്രതിപാദിക്കുന്നുണ്ട്.ഇതുപ്രകാരം കോടിക്കണക്കിനു രൂപ ബിജെപി ജില്ലാ-സംസ്ഥാന നേതാക്കള്‍ കൈക്കലാക്കിയെന്നും കണക്കുകള്‍ സമര്‍പ്പിച്ചിട്ടില്ലെന്നും വ്യക്തമാക്കുന്നു.
പ്രവര്‍ത്തകര്‍ക്കെതിരായ കേസുകള്‍ കൈകാര്യം ചെയ്ത വകയില്‍ നല്ലൊരു തുക അഭിഭാഷകര്‍ക്കു കുടിശ്ശികയായതിനാല്‍ കേസുകളെ ബാധിക്കുന്നുണ്ട്.
എന്നാല്‍, സര്‍സംഘചാലകിനു സമര്‍പ്പിച്ച റിപോര്‍ട്ടെന്ന പേരില്‍ പ്രചരിപ്പിക്കപ്പെടുന്ന സംഭവങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നും ഇതിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നും സ്വദേശി ശാസ്ത്ര പ്രസ്ഥാനം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എ ജയകുമാര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
സംഘടനയുടെ ലെറ്റര്‍ ഹെഡ് ദുരുപയോഗം ചെയ്താണ് വ്യാജ പ്രചാരണം നടക്കുന്നതെന്നും എ ജയകുമാര്‍ പറയുന്നു.
Next Story

RELATED STORIES

Share it