നേതാജിയുമായി ബന്ധപ്പെട്ട 100 രഹസ്യരേഖകള്‍ പുറത്ത് വിട്ടു

മുഹമ്മദ് സാബിത്

ന്യൂഡല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 119ാം ജന്മദിനമായ ഇന്നലെ അദ്ദേഹവുമായി ബന്ധപ്പെട്ട 100 രഹസ്യ രേഖകള്‍ പൊതുജനത്തിന് ലഭ്യമാക്കുന്ന നടപടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചു.
നേതാജിയുടെ ഭൗതികാവശിഷ്ടം ജപ്പാനില്‍ നിന്നും ഇന്ത്യയിലേക്കു തിരിച്ച് കൊണ്ടു വരുന്നതിന് നടന്ന സംഭാഷണങ്ങള്‍, നേതാജിയുടെ കുടുംബത്തിന് കോണ്‍ഗ്രസ് സാമ്പത്തിക സഹായം നല്‍കിയത് തുടങ്ങിയ കാര്യങ്ങള്‍ പുതിയ ഫയലുകളില്‍ പ്രതിപാദിക്കുന്നുണ്ട്. ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നതില്‍ നേതാജിയുമായി ബന്ധപ്പെട്ട് ജപ്പാന്‍, റഷ്യ രാജ്യങ്ങളിലെ സര്‍ക്കാരുകളുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ രേഖകള്‍ ഉള്‍പ്പെടുന്നെന്ന് റിപോര്‍ട്ടുകളുണ്ട്.
ജപ്പാനിലെ ഒരു ബുദ്ധ ക്ഷേത്രത്തില്‍ സൂക്ഷിച്ചിരുന്ന നേതാജിയുടെ ഭൗതികാവശിഷ്ടം ഇന്ത്യയില്‍ കൊണ്ടു വരുന്നതിന് രാഷ്ട്രീയ തിരിച്ചടി ഭയന്ന് അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിരുന്നില്ലെന്ന് 1970കളുടെ അവസാനത്തിലെ ഒരു രേഖയില്‍ വ്യക്തമാക്കുന്നുണ്ട്. 1945 ആഗസ്തില്‍ നേതാജി വിമാനാപകടത്തില്‍ മരിച്ചു എന്ന് വിശ്വസിക്കാന്‍ തയ്യാറല്ലാതിരുന്ന അദ്ദേഹ—ത്തിന്റെ കുടുംബത്തിന്റെയും പൊതു ജനങ്ങളുടെയും ഭാഗത്ത് നിന്നുണ്ടായേക്കാവുന്ന പ്രതികൂലമായ പ്രതികരണം കണക്കിലെടുത്താണ് സര്‍ക്കാര്‍ ഈ തീരുമാനമെടുത്തത്. നേതാജിയുടെ ഭൗതികാവശിഷ്ടം ഇന്ത്യയിലേക്ക് കൊണ്ട് വരുന്നത് വന്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നായിരുന്നു ഇന്റലിജന്‍സ് ബ്യൂറോയിലെയും വിദേശ കാര്യമന്ത്രാലയത്തിലെയും ഉദ്യോഗസ്ഥരുടെ നിലപാട്.
കോണ്‍ഗ്രസ് പാര്‍ട്ടി നേതാജിയുടെ മകള്‍ അനിത ബോസിന് 1964 വരെ വര്‍ഷത്തില്‍ ആറായിരം രൂപ ധനസഹായം നല്‍കിയിരുന്നു. പിന്നീട് ഒരു അമേരിക്കന്‍ പൗരനുമായി അനിതയുടെ വിവാഹം കഴിഞ്ഞതോടെ ഇത് നിര്‍ത്തലാക്കി. എന്നാല്‍, നേതാജിയുടെ ജര്‍മനിക്കാരിയായ ഭാര്യ എമിലി കോണ്‍ഗ്രസ്സിന്റെ സഹായം സ്വീകരിക്കാന്‍ തയ്യാറല്ലായിരുന്നുവെന്നും രേഖകള്‍ പറയുന്നു.
സുഭാഷ് ചന്ദ്രബോസിന്റെ മകള്‍ അനിത ബോസ് അദ്ദേഹത്തിന്റെ യഥാര്‍ഥ മകളല്ലായിരുന്നുവെന്ന് സ്വാതന്ത്ര്യ സമരസേനാനിയും ഓള്‍ ഇന്ത്യാ ഫ്രീഡം ഫൈറ്റേഴ്‌സ് സമിതി എക്‌സിക്യൂട്ടീവ് മെമ്പറുമായിരുന്ന അരുണ്‍ ഘോഷ് 1979 ആഗസ്ത് 30ന് അന്നത്തെ പശ്ചിമബംഗാള്‍ ഗവര്‍ണറായിരുന്ന ടി എന്‍ സിങിന് അയച്ച കത്തില്‍ പരാമര്‍ശിച്ച രേഖകളും പുറത്തു വിട്ടവയില്‍ ഉള്‍പ്പെടുന്നു.
സൈനിക ഉദ്യോഗസ്ഥനായ ബ്രിസെറ്റിന്റെ മകളാണ് അനിത. ബ്രിസെറ്റിന്റെ മരണ ശേഷമാണ് അനിതയെ പ്രസവിച്ചത്. അധികം താമസിയാതെ അവരുടെ മാതാവും മരണപ്പെട്ടുവെന്നും കത്തില്‍ പറയുന്നു. ഇങ്ങനെ അനാഥയായ കുഞ്ഞിനെ പിന്നീട് കുടുംബത്തിന്റെ അടുത്ത സുഹൃത്തും അയല്‍ക്കാരിയുമായിരുന്ന എമിലി ഏറ്റെടുക്കുകയായിരുന്നുവെന്നാണ് അരുണ്‍ ഘോഷ് ടി എന്‍ സിങിന് അയച്ച കത്തില്‍ പറയുന്നത്.
Next Story

RELATED STORIES

Share it