Idukki local

നേതാക്കള്‍ക്ക് സീറ്റില്ല; പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്

തൊടുപുഴ: ത്രിതലപഞ്ചായത്ത്-നഗരസഭാ തിരഞ്ഞെടുപ്പില്‍ യൂത്ത് കോണ്‍ഗ്രസിന് പ്രാതിനിധ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് ജില്ലയുടെ വിവിധ മേഖലകളില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റികള്‍ മേല്‍ ഘടകത്തിനു പരാതികളൊഴുകുന്നു. ചിലര്‍ സ്ഥിരം സ്ഥാനാര്‍ഥിമാരാകുന്നതിനെതിരേയും പരാതിയുണ്ട്. തിരഞ്ഞെടുപ്പില്‍ യുവജനങ്ങള്‍ക്ക് സ്ഥാനാര്‍ഥിത്വം നിഷേധിച്ചാല്‍ തിരിച്ചടി ഉണ്ടാവുമെന്നും യൂത്ത് കോണ്‍ഗ്രസ് മുന്നറിയിപ്പു നല്‍കുന്നു.ലോറെയ്ഞ്ചിലും ഹൈറേഞ്ചിലും യുവനേതാക്കളെ അവഗണിക്കുകയാണെന്നു പരാതിയില്‍ പറയുന്നു.നഗരസഭയാകുന്ന കട്ടപ്പനയില്‍ മൂന്നു സീറ്റ് യൂത്ത് കോണ്‍ഗ്രസിന് നല്‍കണമെന്നാണ് ആവശ്യം.

പട്ടികജാതി സംവരണ സീറ്റായ കല്ലുകുന്നില്‍ യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് പ്രശാന്ത് രാജു, കട്ടപ്പന ടൗണ്‍ അല്ലെങ്കില്‍ നരിയംപാറ വാര്‍ഡില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍, കുന്തളംപാറ സൗത്ത് വാര്‍ഡില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ മുന്‍ പ്രസിഡന്റ് എ എം സന്തോഷ് എന്നിവര്‍ക്ക് സീറ്റ് നല്‍കണമെന്നാണ് ആവശ്യം.

പട്ടികജാതി സംവരണ സീറ്റായ കല്ലുകുന്നില്‍ പ്രശാന്ത് രാജുവിന് സീറ്റു നല്‍കുമെന്ന് മുമ്പ് നേതൃത്വം അറിയിച്ചിരുന്നെങ്കിലും എപ്പോള്‍ കേരള കോണ്‍ഗ്രസി(എം)നു നല്‍കാനാണ് നീക്കം. സ്ഥാനാര്‍ഥികളെ തീരുമാനിക്കാനായി ഇ എം ആഗസ്തി ചെയര്‍മാനായി എട്ടംഗ സമിതിയെ നിശ്ചയിച്ചിരുന്നു. എന്നാല്‍ ഇതുവരെ ഈ സമിതി യോഗം ചേര്‍ന്നിട്ടില്ലെന്നും ആരോപണമുണ്ട്.
Next Story

RELATED STORIES

Share it