നേതാക്കളുടെ ന്യൂനപക്ഷവിരുദ്ധ പ്രസ്താവന സോണിയയുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്ന് മാണി ,ആഞ്ഞടിച്ച് ഘടകകക്ഷികള്‍

പി  എം  അഹ്മദ്

കോട്ടയം: നാലു വര്‍ഷമായി കോണ്‍ഗ്രസ് തുടരുന്ന നിലപാടുകള്‍ ഇനിയും തുടരുകയാണെങ്കില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടിവരുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയോട് യുഡിഎഫ് ഘടകകക്ഷി നേതാക്കള്‍. ഇന്നലെ സോണിയയുമായി നടത്തിയ ചര്‍ച്ചയില്‍ കോണ്‍ഗ്രസ്സിലെയും യുഡിഎഫിലെയും അനൈക്യവും ഗ്രൂപ്പു പോര്‍വിളിയും യുഡിഎഫിനെ ദുര്‍ബലപ്പെടുത്തുമെന്ന ആശങ്ക ഘടകകക്ഷി നേതാക്കള്‍ പങ്കുവച്ചു.
മുസ്‌ലിംലീഗില്‍ നിന്ന് മന്ത്രി കുഞ്ഞാലിക്കുട്ടി, കെ പി എ മജീദ്, ഇ ടി മുഹമ്മദ് ബഷീര്‍ എംപി, കേരളാ കോണ്‍ഗ്രസ് നേതാക്കളായ കെ എം മാണി, മന്ത്രി പി ജെ ജോസഫ്, ജോയി എബ്രഹാം എംപി, സി എഫ് തോമസ് എംഎല്‍എ, മുന്‍ എംപി ഫ്രാന്‍സിസ് ജോര്‍ജ്, ആര്‍എസ്പിയുടെ എന്‍ കെ പ്രേമചന്ദ്രന്‍ എംപി, മന്ത്രി ഷിബു ബേബി ജോണ്‍, എ എ അസീസ്, കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിന്റെ മന്ത്രി അനൂപ് ജേക്കബ്, ജോണി നെല്ലൂര്‍, സിഎംപി നേതാവ് സി പി ജോണ്‍, ജെഎസ്എസ് നേതാവ് അഡ്വ. രാജന്‍ ബാബു, കെ കെ ഷാജു, ജെഡിയുവിന്റെ എം പി വീരേന്ദ്രകുമാര്‍ തുടങ്ങിയവരാണ് സോണിയയെ കണ്ടത്.
കോണ്‍ഗ്രസ്സിനോടുള്ള ശക്തമായ വിയോജിപ്പ് ലീഗ് നേതൃത്വം അറിയിച്ചു. സംസ്ഥാനത്തെ യുഡിഎഫിലെ പ്രശ്‌നം പരിഹരിക്കാന്‍ ഹൈക്കമാന്‍ഡ് ഇടപെടണമെന്ന് ലീഗ് സോണിയയോട് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ്സിനകത്തെ പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ വിജയം നേടാനാവുമെന്ന് സോണിയാഗാന്ധിയെ അറിയിച്ചതായി കുഞ്ഞാലിക്കുട്ടി പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ്  പരിഹാരം വേണമെന്ന് കേരളാ കോണ്‍ഗ്രസ് നേതൃത്വവും ആവശ്യപ്പെട്ടു. ചില കോണ്‍ഗ്രസ് നേതാക്കളുടെ സമീപനങ്ങളും ന്യൂനപക്ഷ വിഭാഗങ്ങളെ വേദനിപ്പിക്കുന്ന പ്രസ്താവനകളും യുഡിഎഫിനു ക്ഷീണം ചെയ്യും. രമേശ് ചെന്നിത്തലയുടേതെന്നു പറഞ്ഞു കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അയച്ച കത്തിനെക്കുറിച്ചാണോ ഇതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, അതുതന്നെയാണെന്ന് മാണി മറുപടി നല്‍കി. ബാര്‍ കോഴക്കേസ് രജിസ്റ്റര്‍ ചെയ്തതിലുള്ള അമര്‍ഷവും മാണി മാധ്യമങ്ങള്‍ക്കു മുമ്പില്‍ പ്രകടിപ്പിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ നാലു സീറ്റ് ലഭിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ആവശ്യപ്പെട്ടു.

നേതാക്കള്‍ക്ക് സോണിയയുടെ താക്കീത്
കോട്ടയം: അതിരുവിട്ട ഗ്രൂപ്പുകളി വച്ചുപൊറുപ്പിക്കില്ലെന്ന് സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സോണിയാഗാന്ധിയുടെ താക്കീത്. ഘടകകക്ഷി നേതാക്കളെ കണ്ടതിനു തൊട്ടുപിന്നാലെ മുഖ്യമന്ത്രി, കെപിസിസി പ്രസിഡന്റ്, ആഭ്യന്തരമന്ത്രി എന്നിവരെ സോണിയ കണ്ടു. ഈ കൂടിക്കാഴ്ചയിലാണ് സോണിയ കര്‍ശന നിലപാട് എടുത്തത്.  ഇതെ തുടര്‍ന്ന് മൂന്നു നേതാക്കളും ഇന്ന് സംയുക്ത വാര്‍ത്താസമ്മേളനം നടത്തും.
Next Story

RELATED STORIES

Share it