നേട്ടങ്ങളും ന്യൂനതകളും തുറന്നുകാട്ടി സ്റ്റാര്‍ കാംപയിനര്‍മാര്‍

തിരുവനന്തപുരം: ആദ്യഘട്ടം പിന്നിട്ടതോടെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ പ്രചാരണരംഗത്തിനു ചൂടേറി. വീടുകള്‍ കയറിയുള്ള സ്ഥാനാര്‍ഥി പരിചയത്തിനു ശേഷം പ്രമുഖ നേതാക്കളെ ഇറക്കിയുള്ള പരസ്യപ്രചാരണത്തിന്റെ തിരക്കിലാണ് എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍. യുഡിഎഫിന്റെ പ്രചാരണത്തിനു നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രി കഴിഞ്ഞദിവസം കാസര്‍കോട്ടു നിന്ന് ജില്ലാ പര്യടനം ആരംഭിച്ചു. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പിബി അംഗം പിണറായി വിജയനും എല്‍ഡിഎഫിന്റെ പ്രചാരണ പരിപാടികളില്‍ സജീവമാണ്. ഇരു മുന്നണിയും വ്യത്യസ്ത തലത്തിലുള്ള കാംപയിനുകളുമായാണ് ജനങ്ങളെ അഭിമുഖീകരിക്കുന്നത്. സ്ഥാനാര്‍ഥികളും പ്രാദേശിക ഘടകങ്ങളും പ്രാദേശിക വിഷയങ്ങളും വ്യക്തിബന്ധങ്ങളും പ്രചാരണ വിഷയങ്ങള്‍ ആക്കുമ്പോഴും സംസ്ഥാന നേതാക്കള്‍ പങ്കെടുക്കുന്ന പരിപാടികളില്‍ ഭരണ-പ്രതിപക്ഷ ന്യൂനതകളും നേട്ടങ്ങളും തന്നെയാണ് പ്രധാനവിഷയം. യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതികളും ബിജെപി- എസ്എന്‍ഡിപി അവിശുദ്ധ കൂട്ടുകെട്ടും ഉയര്‍ത്തിക്കാട്ടുന്നതിനൊപ്പം അധികാര വികേന്ദ്രീകരണ രംഗത്തെ ഇടതു സംഭാവനകളുമാണ് സംസ്ഥാനതലത്തില്‍ എല്‍ഡിഎഫ് പ്രചാരണ ആയുധമാക്കുന്നത്. ആര്‍എസ്എസിന്റെ കപടമുഖം പൊതുസമൂഹത്തില്‍ തുറന്നുകാട്ടാനുള്ള കാംപയിനുകളും എല്‍ഡിഎഫ് സംഘടിപ്പിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങളും സിപിഎമ്മിന്റെ അക്രമരാഷ്ട്രീയവും ഉയര്‍ത്തിക്കാട്ടിയാണ് യുഡിഎഫ് പ്രചാരണങ്ങളില്‍ സജീവമാവുന്നത്. ബിജെപി- എസ്എന്‍ഡിപി കൂട്ടുകെട്ട് വലിയ ചര്‍ച്ചയാക്കാന്‍ യുഡിഎഫ് ശ്രമിക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്. യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതി, എല്‍ഡിഎഫിന്റെ അക്രമരാഷ്ട്രീയം, മോദി സര്‍ക്കാരിന്റെ വികസനപദ്ധതികള്‍ ഉയര്‍ത്തിക്കാട്ടിയാണ് ബിജെപി പ്രചാരണം. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ കെ ആന്റണി, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവരാണ് യുഡിഎഫിന്റെ പ്രചാരണത്തിന് നേതൃത്വം നല്‍കുന്നത്. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പിബി അംഗങ്ങളായ എസ് രാമചന്ദ്രന്‍പിള്ള, പിണറായി വിജയന്‍, എം എ ബേബി, സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്‍ എന്നിവരാണ് എല്‍ഡിഎഫിന്റെ സ്റ്റാര്‍ കാംപയിനര്‍മാര്‍.
Next Story

RELATED STORIES

Share it