നെഹ്‌റുവിനെ പുറന്തള്ളി രാജസ്ഥാന്‍ സ്‌കൂള്‍ ചരിത്രപുസ്തകം ;സവര്‍ക്കറെ വീരനായകനാക്കി

ന്യൂഡല്‍ഹി: പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ അവഗണിച്ച് രാജസ്ഥാനിലെ പുതിയ സ്‌കൂള്‍ ചരിത്രപാഠപുസ്തകം. എട്ടാംക്ലാസിലേക്ക് തയ്യാറാക്കിയ പുതിയ ചരിത്രപുസ്തകത്തിലാണ് നെഹ്‌റുവിനെ പൂര്‍ണമായി അവഗണിച്ചത്.മഹാത്മാഗാന്ധി, സുഭാഷ് ചന്ദ്രബോസ്, ഭഗത് സിങ,് ലാലാ ലജ്പത്‌റായ,് ബാല ഗംഗാധരതിലക് എന്നിവരോടൊപ്പം വീര്‍ സവര്‍ക്കറെയും പുസ്തകം പരാമര്‍ശിക്കുന്നുണ്ട്. മഹാത്മാഗാന്ധിയുടെ കൊലപാതകത്തെയും ഘാതകനായ നാഥൂറാം ഗോദ്‌സെയെക്കുറിച്ചും പുസ്തകം മൗനം പാലിക്കുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എജ്യൂക്കേഷന്‍ റിസര്‍ച്ച് ആന്റ് ട്രെയ്‌നിങ് സിലബസ് പുനസ്സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ നിലവിലുള്ള പുസ്തകങ്ങളില്‍ തിരുത്തലുകള്‍ വരുത്തിയിരിക്കുന്നത്. ഇതേ പുസ്തകത്തിന്റെ പഴയ പതിപ്പില്‍ ദേശീയ പ്രസ്ഥാനത്തെക്കുറിച്ചുള്ള പാഠത്തില്‍ മറ്റു സ്വാതന്ത്ര്യസമര നേതാക്കളോടൊപ്പം നെഹ്‌റുവിനെ വിശദമായി പരാമര്‍ശിക്കുന്നുണ്ട്. 'ഇന്ത്യ സ്വാതന്ത്ര്യത്തിനു ശേഷം' എന്ന പാഠത്തിലും നെഹ്‌റുവിന്റെ സംഭാവനകള്‍ പരാമര്‍ശിച്ചിരുന്നു. എന്നാല്‍, ദേശീയ പ്രസ്ഥാനത്തെക്കുറിച്ചും സ്വാതന്ത്ര്യാനന്തര ഇന്ത്യയെക്കുറിച്ചുമുള്ള പുതിയ പുസ്തകത്തിലെ പാഠഭാഗങ്ങളില്‍ നെഹ്‌റുവിന്റെ പേര്‌പോലും ഇല്ല. അതേസമയം സംഘപരിവാരം തങ്ങളുടെകൂടി നേതാവാക്കാന്‍ ശ്രമിക്കുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിനെക്കുറിച്ച് പുസ്തകം പ്രതിപാദിക്കുന്നു.തനിക്കും സര്‍ക്കാരിനും വിഷയത്തില്‍ ഒന്നും ചെയ്യാനില്ലെന്നും പുസ്തകം തയ്യാറാക്കിയിരിക്കുന്നത് സ്വതന്ത്രമായ സമിതിയാണെന്നും ഇതുസംബന്ധിച്ച മാധ്യമ അന്യേഷണങ്ങളോട് സംസ്ഥാന സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി വാസുദേവ് ദേവ്‌നാനി  പറഞ്ഞു. സര്‍ക്കാര്‍ സ്‌കൂളുകളിലെ പ്രിന്‍സിപ്പല്‍മാരും മുതിര്‍ന്ന അധ്യാപകരും ചേര്‍ന്ന എട്ടംഗ സംഘമാണ് പുതിയ ചരിത്രപുസ്തകം തയ്യാറാക്കിയിരിക്കുന്നത്. യുനിസെഫിന്റെ സാമ്പത്തിക, സാങ്കേതിക സഹായത്തോടെയാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നതെന്ന് ആമുഖത്തില്‍ പറയുന്നുണ്ട്. കാവിവല്‍ക്കരണത്തെ പുതിയ തലത്തിലേക്ക് കൊണ്ടുപോവുന്നതിന്റെ തെളിവാണിതെന്നും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ സചിന്‍ പൈലറ്റ് പ്രതികരിച്ചു.
Next Story

RELATED STORIES

Share it