നെല്‍വയല്‍ സംരക്ഷണനിയമം; കേന്ദ്രനീക്കത്തിനെതിരേ ഇടപെടണം: വിഎസ്

തിരുവനന്തപുരം: 2008ലെ കേരള നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമം അട്ടിമറിക്കപ്പെടാനിടയാക്കുന്ന കേന്ദ്രനീക്കത്തിനെതിരേ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് മന്ത്രി സുനില്‍കുമാറിന് വി എസ് അച്യുതാനന്ദന്‍ കത്തു നല്‍കി. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ കരട് നീര്‍ത്തട ചട്ടത്തിലൂടെ രാജ്യത്തെ നീര്‍ത്തടങ്ങളുടെ മരണമണി മുഴങ്ങിക്കഴിഞ്ഞു എന്നാണ് പരിസ്ഥിതിവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഏതാണ് നീര്‍ത്തടം എന്ന് കണ്ടെത്തി നോട്ടിഫിക്കേഷന്‍ പുറപ്പെടുവിക്കാന്‍ യാതൊരുവിധ സമയക്രമവും ഈ ചട്ടത്തില്‍ പറയുന്നില്ല.
നീര്‍ത്തടങ്ങളെ സംബന്ധിച്ച് 1986ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ സംരക്ഷണംപോലും ഇല്ലാതാവുകയാണ്. 2010ലെ ചട്ടം അനുസരിച്ച് തണ്ണീര്‍ത്തടങ്ങളില്‍ കേന്ദ്രാനുമതി കൂടാതെ വലിയതോതിലുള്ള ഇടപെടലുകള്‍ക്ക് സാധ്യതയില്ലായിരുന്നു. എന്നാല്‍, പുതിയ ചട്ടം ഇതിലെല്ലാം വെള്ളം ചേര്‍ത്തിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പുതിയ കേന്ദ്ര ചട്ടത്തെക്കുറിച്ച് സംസ്ഥാനത്തിന്റെ ആശങ്കകളും അഭിപ്രായങ്ങളും കേന്ദ്രത്തെ അടിയന്തരമായി അറിയിക്കേണ്ടതുണ്ട് എന്ന് വിഎസ് കത്തില്‍ ഓര്‍മിപ്പിച്ചു. ചട്ടത്തെക്കുറിച്ച് അഭിപ്രായം പറയാമെന്ന മന്ത്രാലയത്തിന്റെ അറിയിപ്പുപ്രകാരം അതിനുള്ള സമയം ഇന്നത്തോടെ അവസാനിക്കുന്നതിനാല്‍ ഇന്നു തന്നെ കേരളത്തിന്റെ ആശങ്കകള്‍ മന്ത്രാലയത്തെ അറിയിക്കണമെന്നും വിശദമായ നിര്‍ദേശങ്ങള്‍ പിന്നീട് സമര്‍പ്പിക്കണമെന്നും വിഎസ് കത്തില്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it