നെല്‍വയല്‍-നീര്‍ത്തട നിയമ ഭേദഗതി താല്‍ക്കാലികമായി പിന്‍വലിച്ചു

തിരുവനന്തപുരം: പത്ത് ഏക്കര്‍ വരെയുള്ള നെല്‍വയല്‍ സ്വകാര്യ ആവശ്യത്തിനു നികത്താന്‍ അനുവദിക്കുന്ന നെല്‍വയല്‍-നീര്‍ത്തട സംരക്ഷണനിയമ ഭേദഗതിക്കുള്ള ബില്ല് തല്‍ക്കാലം കൊണ്ടുവരേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം.
ഇക്കാര്യം യുഡിഎഫിന്റെ പരിഗണനയ്ക്ക് വിടും. മുന്നണിയില്‍ ചര്‍ച്ച ചെയ്ത് അഭിപ്രായഐക്യം ഉണ്ടാക്കിയ ശേഷം ഭേദഗതി കൊണ്ടുവരാമെന്നാണ് ഇന്നലത്തെ മന്ത്രിസഭാ യോഗത്തിലെ ധാരണ. ഇന്നലെ മന്ത്രിസഭയുടെ പരിഗണനയ്ക്ക് വരേണ്ടിയിരുന്ന ഫയല്‍ പിന്‍വലിക്കുകയാണെന്ന് റവന്യൂമന്ത്രി അടൂര്‍ പ്രകാശ് യോഗത്തില്‍ അറിയിച്ചു. യുഡിഎഫില്‍ ചര്‍ച്ച ചെയ്ത ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്ന് അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിതലത്തില്‍ ഗൗരവമായി ചര്‍ച്ച ചെയ്യാതെ നെല്‍വയല്‍ സംരക്ഷണ നിയമം ഭേദഗതി ചെയ്യാന്‍ കഴിയില്ലെന്നു പറഞ്ഞ് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ തന്നെ ബില്ലിനെതിരേ രംഗത്തുവന്നിരുന്നു. പ്രതിപക്ഷത്തു നിന്നും യുഡിഎഫില്‍ നിന്നും എതിര്‍പ്പ് ശക്തമായതോടെ ഇത്തരത്തിലുള്ള ബില്ലിനു സര്‍ക്കാര്‍ ഒരു നീക്കവും നടത്തിയിട്ടില്ലെന്നായിരുന്നു അടൂര്‍ പ്രകാശിന്റെ വിശദീകരണം. എന്നാല്‍, ഇതുസംബന്ധിച്ച നിയമഭേദഗതി അജണ്ടയായി മന്ത്രിസഭയില്‍ കൊണ്ടുവന്നതിനുള്ള തെളിവ് പിറ്റേ ദിവസം തന്നെ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലാവുകയായിരുന്നു.
Next Story

RELATED STORIES

Share it