നെല്‍വയല്‍ നികത്താനുള്ള തീരുമാനം റദ്ദാക്കണം: വിഎസ്

തിരുവനന്തപുരം: 425 ഏക്കര്‍ നെല്‍വയല്‍ അനധികൃതമായി നികത്താന്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു തൊട്ടുമുമ്പ് റവന്യൂവകുപ്പ് ഇറക്കിയ ഉത്തരവ് ഉടന്‍ റദ്ദാക്കണമെന്നു പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. അപ്പര്‍ കുട്ടനാട്ടിലെ മെത്രാന്‍ കായലില്‍ 378 ഏക്കറും എറണാകുളത്ത് കടമക്കുടിയില്‍ 47 ഏക്കറും നികത്താനാണ് സര്‍ക്കാര്‍ തിരക്കിട്ട് ഉത്തരവിറക്കിയിരിക്കുന്നത്. മെത്രാന്‍ കായലില്‍ പരിസ്ഥിതിപ്രശ്‌നങ്ങള്‍ ഇല്ലാത്ത കുമരകം ഇക്കോടൂറിസം പ്രൊജക്ടിന് എന്നുപറഞ്ഞും കടമക്കുടിയില്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിക്ക് എന്നുപറഞ്ഞുമാണ് വയല്‍നികത്താന്‍ ഉത്തരവിട്ടിരിക്കുന്നത്.
2008ലെ'നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ നിന്നൊഴിവാക്കുക എന്ന ദുരുദ്ദേശ്യത്തോടെ  കായല്‍ 2007 മുതല്‍ തരിശു കിടക്കുന്ന സ്ഥലമാണെന്ന ന്യായമാണ് ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. ഇത് നിയമവിരുദ്ധമായ നടപടി എന്നതിനപ്പുറം നൂറുകണക്കിന് കോടികളുടെ അഴിമതിയും ഉള്ളതാണ്. ഇക്കാര്യങ്ങള്‍ താന്‍ റവന്യൂവകുപ്പ് സെക്രട്ടറി ബിശ്വാസ്‌മേത്തയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഉചിതമായ നടപടി എടുക്കുമെന്നാണ് അദ്ദേഹം ഉറപ്പു നല്‍കിയത്. അടിയന്തരമായി റവന്യൂവകുപ്പിന്റെ ഈ നടപടി റദ്ദാക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്നും വി എസ് വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it