thiruvananthapuram local

നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം: പാവങ്ങളെ വലയ്ക്കുന്നതായി പരാതി

തിരുവനന്തപുരം: നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്റെ പേരില്‍ അഞ്ചു സെന്റില്‍ വീടു വയ്ക്കാന്‍ അപേക്ഷ നല്‍കുന്നവരെ പോലും ഉദ്യോഗസ്ഥര്‍ വലയ്ക്കുന്നതായി പരാതി. ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് 3,000ല്‍പ്പരം അപേക്ഷകളാണ് കഴിഞ്ഞ അഞ്ച് മാസമായി കലക്ടറുടെ അനുമതിയ്ക്കായി കെട്ടിക്കിടക്കുന്നത്. ബേസിക് ടാക്‌സ് റെസിപ്റ്റില്‍ (ബിടിആര്‍) നിലം എന്നെഴുതിയിട്ടുള്ള സ്ഥലങ്ങളാണ് കരഭൂമിയായി ക്രമപ്പെടുത്തുന്നതിന് കലക്ടറുടെ അനുമതി കാത്തുകിടക്കുന്നത്. അപേക്ഷകളില്‍ പരിശോധന നടത്തി നടപടിയെടുക്കാത്തതിനാല്‍ സാധരണക്കാ ര്‍ വീടുവെയ്ക്കുന്നതിനും മറ്റുമായി കലക്ടറേറ്റ് കയറിയിറങ്ങേണ്ട ഗതികേടിലാണ്.
2008 ലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ ആക്ട് പ്രകാരം നിലത്തിന്റെ കൈവശക്കാരന് പ്രസ്തുത ഭൂമിയുടെ ന്യായവില പ്രസിദ്ധപ്പെടുത്തിയിട്ടില്ലെങ്കില്‍ സമീപ പ്രദേശങ്ങളിലെ സമാനമായ ഭൂമിയുടെ ന്യായവിലയിലൂടെയോ 25 ശതമാനം തുല്യമായ തുക ഫീസായി ഈടാക്കി ക്രമവല്‍ക്കരിക്കാവുന്നതാണെന്ന് നിയമം അനുശാസിക്കുന്നുണ്ട്. ഇപ്രകാരമുള്ള അപേക്ഷകളില്‍ കൃഷി ഓഫിസറും വില്ലേജ് ഓഫിസറും പരിശോധന നടത്തിയ റിപോര്‍ട്ടുകളും ഉള്‍പ്പെടെയുള്ള അപേക്ഷകളാണ് കലക്ടറേറ്റില്‍ കെട്ടിക്കിടക്കുന്നത്. ഇതില്‍ തണ്ണീര്‍ത്തട പദ്ധതിയില്‍ ഉള്‍പ്പെടാത്ത സ്ഥലങ്ങളും ഉണ്ട്. ഓരോ അപേക്ഷകനില്‍ നിന്നും ഇതിനായി 500 രൂപ രജിസ്‌ട്രേഷന്‍ ഫീസും ഈടാക്കുന്നുണ്ട്.
കലക്‌ട്രേറ്റിലെ 'ബി 16' സെക്ഷനില്‍ മാത്രം ഇത്തരത്തിലുള്ള 1500 ഓളം അപേക്ഷകളാണ് വന്നിരിക്കുന്നത്. കാട്ടാക്കട, നെയ്യാറ്റിന്‍കര, നെടുമങ്ങാട് എന്നീ മൂന്ന് താലുക്കിലെ അപേക്ഷകളാണ് 'ബി 16' ല്‍ വരുന്നത്. കൃഷിവകുപ്പ് ഓഫിസറും വില്ലേജ് ഓഫിസറും നടത്തിയ പരിശോധനയില്‍ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തിന്റെ പരിധിയില്‍ വരാത്ത സ്ഥലങ്ങള്‍ പോലും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കലക്ടറിന്റെ മുന്നിലെത്തുന്ന അപേക്ഷകളില്‍ പുതിയ താലൂക്ക് സമിതി രൂപീകരിച്ച് ഈ അപേക്ഷകള്‍ പരിശോധിക്കണമെന്ന് നോട്ട് എഴുതി അതാത് സെക്ഷനുകളിലേക്ക് മടക്കി അയക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.
അതേസമയം, നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്ത താലൂക്ക് സമിതികള്‍ എങ്ങനെ രൂപീകരിക്കുമെന്നത് സംബന്ധിച്ചും ഇതുവരെ വ്യക്തത വന്നിട്ടില്ല. ഇതൂമൂലം അഞ്ചുമാസം മുമ്പിറങ്ങിയ നിയമത്തിന്റെ പ്രയോജനം സാധാരണക്കാര്‍ക്ക് ലഭിക്കാതെ പോവുകയാണ്. നിലം ക്രമവല്‍ക്കരിക്കാത്തതിനെ തുടര്‍ന്ന് സാധാരണക്കാരന് വീട് വയ്ക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്ന് ആളുകള്‍ പറയുന്നു. ഇതൂകൂടെ ഈ ഇനത്തില്‍ സര്‍ക്കാരിന്റെ ഖജനാവിലേക്ക് എത്തിച്ചേരേണ്ട അധികവരുമാനവും നഷ്ടമാവുകയാണ്. എന്നാല്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാലാണ് ഇത്തരം അപേക്ഷകള്‍ പരിഗണിക്കാത്തതെന്നാണ് അധികൃതരുടെ വാദം.
അതേസമയം ഇത്തരം അപേക്ഷകള്‍ പരിഗണിക്കുന്നതിന് ജില്ലാകലക്ടര്‍ക്ക് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമല്ലെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. അതിനാല്‍ സാധാരണക്കാരെ കലക്ടറേറ്റിന്റെ പടികള്‍ കയറ്റിയിറക്കാതെ എത്രയും വേഗം ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് അപേക്ഷകര്‍ ആവശ്യപ്പെടുന്നത്.
Next Story

RELATED STORIES

Share it