Flash News

നെല്‍വയല്‍നികത്തല്‍: സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കി കൂടുതല്‍ തെളിവുകള്‍

തിരുവനന്തപുരം: നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണനിയമം ഭേദഗതി ചെയ്യാന്‍ നീക്കമെന്ന വാര്‍ത്ത മാധ്യമസൃഷ്ടി മാത്രമാണെന്ന സര്‍ക്കാര്‍ വാദം തെറ്റാണെന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു.
റവന്യൂ വകുപ്പ് തണ്ണീര്‍ത്തടങ്ങളുടെ ചട്ടത്തിന് രൂപംനല്‍കേണ്ടതില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് പരിസ്ഥിതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി  ഡോ.ജെ. ചിദംബര അയ്യരുടെ കുറിപ്പാണ് മാധ്യമങ്ങള്‍ക്ക്് ലഭിച്ചത്. സെപ്തംബര്‍ 15നാണ് ഇതുസംബന്ധിച്ച മറുപടി ഡോ.ജെ. ചിദംബര അയ്യര്‍ ഒപ്പുവെച്ചത്്.
സ്വകാര്യ പദ്ധതികള്‍ക്കായി 10 ഏക്കര്‍വരെ നിലംനികത്താന്‍ അനുമതി നല്‍കുന്ന നിയമഭേദഗതി ഓര്‍ഡിനന്‍സിനായി തയ്യാറാക്കിയ മന്ത്രിസഭാ കുറിപ്പ് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.
സപ്തംബര്‍ 9നു ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് നിയമം ഭേദഗതി ചെയ്യുന്നതു സംബന്ധിച്ച കാര്യം പരിഗണിച്ചത്. സ്വകാര്യമേഖലയിലെ മെഗാ പദ്ധതികള്‍ക്കു നിയമം തടസ്സമായി നില്‍ക്കുന്നുവെന്നായിരുന്നു വാദം. 10 ഏക്കര്‍ നെല്‍വയല്‍ വരെ സ്വകാര്യാവശ്യത്തിനായി നികത്താമെന്ന ഭേദഗതി കൊണ്ടുവരാനും ഇതിനായി ജില്ലാതല ഏകജാലക സംവിധാനം കൊണ്ടുവരാനുമായിരുന്നു സര്‍ക്കാര്‍ നീക്കം. ഇതിനായുള്ള നിയമ ഭേദഗതിക്കായി ഓര്‍ഡിനന്‍സിനു രൂപം നല്‍കാനും മന്ത്രിസഭായോഗം തീരുമാനിക്കുകയായിരുന്നു. കുറിപ്പ് മന്ത്രിസഭയുടെ പരിഗണനയ്ക്കു വച്ചതും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശപ്രകാരമാണ്. തുടര്‍ന്ന് പരിസ്ഥിതി വകുപ്പിന്റെ അഭിപ്രായം തേടാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു. എന്നാല്‍, നെല്‍വയല്‍ നികത്തുന്നതിന് നിയമഭേദഗതിക്ക് അധികാരമുണ്ടെങ്കിലും തണ്ണീര്‍ത്തടത്തിന്റെ കാര്യത്തില്‍ അവകാശമില്ലെന്നായിരുന്നു പരിസ്ഥിതിവകുപ്പിന്റെ മറുപടി. തണ്ണീര്‍ത്തടം കേന്ദ്രവിഷയമാണ്. ഇതിനോടകം ഇക്കാര്യത്തില്‍ കേന്ദ്രം നിയമമുണ്ടാക്കിയിട്ടുണ്ട്. അതിനാല്‍, തണ്ണീര്‍ത്തടങ്ങളുടെ കാര്യത്തില്‍ ഭേദഗതി വേണ്ടെന്നു പരിസ്ഥിതിവകുപ്പ് നിലപാടെടുത്തതോടെ തീരുമാനമെടുക്കുന്നത് മാറ്റിവച്ചു.
അതിനിടെ വിഷയം മാധ്യമങ്ങളിലൂടെ പുറത്തുവന്നതിനെത്തുടര്‍ന്നാണ് നിലംനികത്താനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്‍മാറിയത്. അതേസമയം, നെല്‍വയല്‍ നികത്തുന്നതിനായി ചട്ടം ഭേദഗതി ചെയ്യുന്നുവെന്ന ആക്ഷേപങ്ങള്‍ മാധ്യമസൃഷ്ടിയാണെന്നും മന്ത്രിസഭയിലോ പാര്‍ട്ടിയിലോ യുഡിഎഫിലോ ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നുമായിരുന്നു റവന്യൂമന്ത്രി അടൂര്‍ പ്രകാശിന്റെ നിലപാട്. നവംബര്‍ 28ന് റവന്യൂവകുപ്പ് പുറത്തിറക്കിയ ചട്ടത്തില്‍, വില്ലേജ് രേഖകളില്‍ നിലമെന്നു കാണുന്നതും എന്നാല്‍ ഡാറ്റാ ബാങ്കിലോ കരട് ഡാറ്റാ ബാങ്കിലോ നെല്‍വയല്‍ അല്ലെങ്കില്‍ തണ്ണീര്‍ത്തടമായി രേഖപ്പെടുത്താത്തതുമായ സ്ഥലമെന്നാണ് വയലിനെ നിര്‍വചിച്ചിരിക്കുന്നത്.
Next Story

RELATED STORIES

Share it