palakkad local

നെല്ല് സംഭരണം: ജനുവരി ഒന്നുമുതല്‍ മെയ് 31 വരെ കര്‍ഷകര്‍ക്ക് നല്‍കാനുള്ള കുടിശ്ശിക 40 കോടി

പാലക്കാട്: ജില്ലയില്‍ രണ്ടാം വിള കൊയ്ത്ത് ആരംഭിച്ച് പത്തു ദിവസം പിന്നിടുമ്പോഴും കര്‍ഷകര്‍ ആശങ്കയില്‍. ജലക്ഷാമം രൂക്ഷമായതും ഒന്നാം വിള നെല്ല് സംഭരണ തുക കുടിശ്ശിക ലഭിക്കാത്തതുമാണ് കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. കണ്ണമ്പ്ര, പുതുക്കോട്, തരൂര്‍ പ്രദേശങ്ങളിലാണ് രണ്ടാം വിള കൊയ്ത്ത് ആരംഭിച്ചത്. ഒന്നാംവിള നെല്ല് സംഭരിച്ച വകയില്‍ ജില്ലയിലാകെ കര്‍ഷകര്‍ക്ക് ലഭിക്കാനുള്ള കുടിശ്ശിക തുക 40 കോടി രുപയാണ്. നെല്ല് സംഭരിച്ച വകയില്‍ തൊണ്ണൂറ് ശതമാനത്തോളം തുകയും കര്‍ഷകര്‍ക്ക് കൊടുത്തുതീര്‍ത്തതായി ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു. ജില്ലയില്‍ കഴിഞ്ഞ സീസണില്‍ 32,870 കര്‍ഷകരാണ് സപ്ലൈക്കോയില്‍ രജിസ്റ്റ ര്‍ ചെയ്തത്. ഇവരില്‍ നിന്നായി ആകെ 9,16,73000 കിലോ നെല്ല് സംഭരിച്ചു. ആദ്യം 19 രൂപ എന്ന നിരക്കിലായിരുന്നു സര്‍ക്കാര്‍ കര്‍ഷകരില്‍ നിന്ന് സപ്ലൈക്കോവഴി നെല്ല് സംഭരണം നടത്തിയത്. പിന്നീട് 2 രൂപ 50 പൈസ വര്‍ദ്ധിപ്പിക്കുകയുണ്ടായി. ആദ്യ വിലയായ 19 രൂപ എന്ന നിരക്കില്‍ കര്‍ഷകര്‍ക്ക് ലഭിക്കേണ്ട തുക ബാങ്ക് അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്തിട്ടുണ്ട്. പിന്നീട് വര്‍ദ്ധിപ്പിച്ച തുകയാണ് കുടിശ്ശികയിനത്തില്‍ ബാക്കിയുള്ളതെന്ന് അധികൃതര്‍ പറയുന്നു.
ഏറ്റവും ആവസാനം കൊയ്ത്ത് നടന്ന കിഴക്കന്‍ മേഖലയിലെ കര്‍ഷകര്‍ക്കാണ് കുടിശ്ശിക കിട്ടാനുള്ളത്. അതേസമയം ജലസേചനവകുപ്പ് അധികൃതരുടെ അനാസ്ഥമൂലം വടക്കഞ്ചേരി മംഗലം കരുവപ്പാടത്ത് അഞ്ച് ഏക്രയോളം നെല്‍കൃഷി ഉണക്ക ഭീഷണിയിലാണ്. ഗോപി, ശിവന്‍, ചന്ദ്രന്‍, ആലി മരക്കാര്‍ തുടങ്ങിയ കര്‍ഷകരുടെ കതിരുവന്ന് തുടങ്ങിയ നെല്‍കൃഷിയാണ് യഥാസമയം കനാല്‍വെള്ളം കിട്ടാതെ ഉണക്കത്തിലായത്.
പോത്തുണ്ടി ഡാമിലെ വെള്ളത്തെ ആശ്രയിച്ചാണ് ഈ പ്രദേശത്തെ രണ്ടാംവിള നെല്‍കൃഷി നടത്തുന്നത്. എന്നാല്‍ മൂന്നാഴ്ചയായി ഈ പാടശേഖരത്തിലേക്ക് വെള്ളം എത്തുന്നില്ല. പമ്പ്‌സെറ്റ് വലിയ വാടകയ്ക്ക് പാടത്ത്‌കൊണ്ടുവന്നാണ് കുളങ്ങളില്‍ നിന്നും കിണറുകളില്‍നിന്നും വെള്ളം പമ്പുചെയ്ത് കൂടുതല്‍ കരിഞ്ഞുണങ്ങുന്നത് ഇല്ലാതാക്കുന്നത്. ജലക്ഷാമം രൂക്ഷമായതോടെ രണ്ടാം വിളകൃഷി അവതാളത്തിലാകുമെന്ന ആശങ്കയിലാണ് ചിറ്റൂര്‍ മേഖലയിലെ കര്‍ഷകര്‍. ഒരുമാസം മുമ്പാണ് ഇവിടെത്തെ കര്‍ഷകര്‍ രണ്ടാംവിളയിറക്കിയത്.
മൂലത്തറ റെഗുലേറ്ററിന് സമീപത്തുള്ള ഹൈ ലെവല്‍ കനാലിലെ അറ്റകുറ്റപ്പണികള്‍ക്കുവേണ്ടി ജലസേചനം നിര്‍ത്തിവെച്ചിരുന്നു ഇത് പ്രദേശത്തെ നെല്‍കൃഷിയെ പ്രതികൂലമായി ബാധിച്ചു. ആളിയാര്‍ പറമ്പിക്കുളം ജലസംഭരണികളില്‍ നിന്ന് അധികം വെള്ളം ആവശ്യപ്പെടാന്‍ സംസ്ഥാന സര്‍ക്കാരും ജില്ലാ ഭരണകൂടവും തയ്യാറാകാത്തതും പ്രദേശത്ത് ജലക്ഷാമം രൂക്ഷമാക്കിയെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. തുടര്‍ന്ന് കര്‍ഷകര്‍ നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി മലമ്പുഴ ഡാം തുറന്നതോടെയാണ് പ്രദേശത്തെ ജലക്ഷാമത്തിന് ഒരു താല്‍കാലിക പരിഹാരമായത്. മൂന്ന് സെക്ഷനുകളുള്ള ഇടതുകനാല്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലേക്ക് ഇപ്പോഴും വെള്ളമെത്തിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. സര്‍ക്കാര്‍ സ്വകാര്യ മില്ലുടുമകളെ സഹായിക്കുന്നതിന് വേണ്ടി ഒന്നാം വിള നെല്ല് സംഭരണം വൈകിപ്പിച്ചിരുന്നു എന്ന് ആരോപണം ശരിവെക്കുന്നതാണ് ഇക്കാര്യങ്ങളെല്ലാം. നെല്ല് സംഭരണം വൈകിയതിനെതുടര്‍ന്ന് ജില്ലയിലെ ഭൂരിഭാഗം കര്‍ഷകരും 14 രൂപയ്ക്കാണ് സ്വകാര്യ മില്ലുടമകള്‍ക്ക് നെല്ല് വിറ്റത്.
അതേസമയം നെല്ല് സംഭരണം ആരംഭിച്ച് പകുതി ദിവസങ്ങള്‍ പിന്നിടുമ്പോള്‍ രണ്ടാംവിള നെല്ല് സംഭരണത്തിന്റെ ഭാഗമായി ജില്ലയില്‍ ആകെ 14,258 കര്‍ഷകര്‍ സപ്ലൈക്കോയില്‍ പേര് രജിസ്റ്റര്‍ ചെയ്തുവെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ സീസണില്‍ 32, 870 കര്‍ഷകരാണ് നെല്ല് സംഭരണത്തിന് പേര് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഈ മാസം 31വരെ പേര് രജിസ്റ്റര്‍ ചെയ്യാം. 2016 ജനുവരി ഒന്നു മുതല്‍ മെയ് മാസം 31 വരെ നെല്ല് സംഭരിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം എന്നും ജില്ലാ സിവില്‍ സപ്ലൈസ് ഓഫിസര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it