നെല്ലിയാമ്പതി: വിവാദ ഉത്തരവ് ചര്‍ച്ചചെയ്യാന്‍ ഇന്ന് ഉന്നതതല യോഗം



തിരുവനന്തപുരം: നെല്ലിയാമ്പതിയിലെ കരുണ എസ്റ്റേറ്റിന് കരമടയ്ക്കാന്‍ അനുമതി നല്‍കിയ വിവാദ ഉത്തരവ് ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് ഉന്നതതല യോഗം വിളിച്ചു. റവന്യൂമന്ത്രി അടൂര്‍ പ്രകാശും നിയമ സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. ഉത്തരവു പിന്‍വലിക്കണമെന്ന കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ ആവശ്യപ്രകാരമാണ് അടിയന്തരമായി ഉന്നതതല യോഗം വിളിച്ചത്.
കരമടയ്ക്കാന്‍ അനുമതി നല്‍കിയ ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട സുധീരന്‍, അനുമതി നല്‍കിയത് കോടതിയിലെ കേസുകളില്‍ സര്‍ക്കാരിന് തിരിച്ചടിയുണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടി. പോബ്‌സ് ഗ്രൂപ്പ് കൈവശം വച്ചിരിക്കുന്ന 833 ഏക്കര്‍ ഭൂമിക്ക് നികുതി ഒടുക്കുന്നതിനാണ് കമ്പനി നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. പോബ്‌സിന്റെ കൈവശമുള്ളത് സര്‍ക്കാരില്‍ നിക്ഷിപ്തമാവേണ്ട ഭൂമിയാണെന്ന് 2014ല്‍ റവന്യൂവകുപ്പ് നിയോഗിച്ച അന്നത്തെ ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍, ഇതു മറികടന്നാണ് സര്‍ക്കാരിന്റെ പുതിയ ഉത്തരവ്. കേസില്‍, ഹൈക്കോടതിയില്‍ സര്‍ക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകയെയും ഇക്കാര്യം അറിയിച്ചില്ല.
കരുണ എസ്‌റ്റേറ്റിന്റെ കരമടയ്ക്കാന്‍ അനുവദിക്കുന്ന ഉത്തരവു ശരിവച്ച് നിയമ സെക്രട്ടറി നിയമോപദേശം നല്‍കിയിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ഉന്നതതല യോഗം വിളിക്കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചത്. കരം സ്വീകരിക്കുന്നതു സംബന്ധിച്ച ഉത്തരവ് കോടതിയിലുള്ള കേസിനെ ബാധിക്കില്ലെന്നും കരം സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്നുമാണ് നിയമോപദേശം. കരം സ്വീകരിക്കുന്നതുകൊണ്ട് ഭൂമിയുടെ ഉടമസ്ഥാവകാശം സര്‍ക്കാരില്‍നിന്ന് പോവുന്നില്ലെന്നും സെക്രട്ടറി വ്യക്തമാക്കി.
അതേസമയം, കരുണ എസ്‌റ്റേറ്റിന് കരമടയ്ക്കാന്‍ സ്വകാര്യവ്യക്തിക്ക് അനുമതി നല്‍കിയ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് വി എം സുധീരന്‍ മുഖ്യമന്ത്രി, റവന്യൂമന്ത്രി, ആഭ്യന്തരമന്ത്രി, വനംമന്ത്രി എന്നിവര്‍ക്ക് വീണ്ടും വിശദമായ കത്ത് നല്‍കി. കരമടയ്ക്കാന്‍ അനുമതി നല്‍കിയ നടപടി ശരിയല്ലെന്നും നിയമോപദേശം സര്‍ക്കാരിന്റെ പ്രഖ്യാപിത നയങ്ങള്‍ക്കെതിരാണെന്നും ടി എന്‍ പ്രതാപന്‍ എംഎല്‍എ വ്യക്തമാക്കി.

[related]
Next Story

RELATED STORIES

Share it