നെല്ലിയാമ്പതിയിലെ ഭൂമിക്ക് കരമൊടുക്കാന്‍ അനുമതി;l  സര്‍ക്കാര്‍ ഉത്തരവിറക്കിയത് വിവാദമായി

തിരുവനന്തപുരം: നെല്ലിയാമ്പതിയിലെ കരുണ എസ്‌റ്റേറ്റില്‍നിന്നും നികുതി സ്വീകരിക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കിയത് വിവാദമായി. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു രണ്ടുദിവസം മുമ്പാണ് വിവാദ ഉത്തരവ് പുറത്തിറക്കിയത്. കരുണ എസ്‌റ്റേറ്റ് സര്‍ക്കാര്‍ ഭൂമിയാണെന്നായിരുന്നു ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. ഉത്തരവിനെക്കുറിച്ച് കെപിസിസി പരിശോധിക്കുമെന്ന് പ്രസിഡന്റ് വി എം സുധീരന്‍ വ്യക്തമാക്കി.
സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കണമെന്ന് സുധീരന്‍ റവന്യൂമന്ത്രിയോട് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നടപടി ഹൈക്കോടതിയില്‍ നിലവിലുള്ള കേസിനെ ദുര്‍ബലമാക്കും. തന്നെയുമല്ല ഇത് കോടതി നേരത്തേ നല്‍കിയ ഉത്തരവുകള്‍ക്ക് വിരുദ്ധ—മാണെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു. പോബ്‌സ് ഗ്രൂപ്പിന്റെ കൈവശമുള്ള കരുണ എസ്‌റ്റേറ്റ് സര്‍ക്കാര്‍ ഭൂമിയാണെന്ന് റവന്യൂ സംഘം പരിശോധിച്ചു റിപോര്‍ട്ട് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ഹൈക്കോടതിയിലും നിയമസഭയിലും ഭൂമി സര്‍ക്കാരിന്റെതാണന്ന് സര്‍ക്കാര്‍ നിലപാടെടുത്തു. കേസ് ഹൈക്കോടതിയില്‍ പുരോഗമിക്കുന്നതിനിടെയാണ് ഈമാസം ഒന്നിന് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വാസ് മേത്ത കരുണയ്ക്ക് അനുകൂലമായി ഉത്തരവിറക്കിയത്.
833 ഏക്കറിന് നികുതി സ്വീകരിക്കാന്‍ നെല്ലിയാമ്പതി വില്ലേജ് ഓഫിസര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. കേസില്‍ ഹൈക്കോടതിയില്‍ സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്ന പബ്ലിക് പ്രോസിക്യൂട്ടര്‍ സുശീല ഭട്ട് അറിയാതെയാണ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. കരം സ്വീകരിച്ചാല്‍ ഭൂമിയുടെ ഉടമസ്ഥാവകാശമാവില്ലെന്നാണ് കരം സ്വീകരിക്കുന്നതിനുള്ള ന്യായീകരണമായി ഉത്തരവില്‍ പറയുന്നത്. നികുതിയടയ്ക്കാന്‍ അനുവദിക്കണമെന്ന ഉടമകളുടെ അപേക്ഷ മുമ്പ് പാലക്കാട് കലക്ടര്‍ നിരാകരിച്ചിരുന്നു. പിന്നീടാണ് സര്‍ക്കാരിനെ നേരിട്ട് സമീപിച്ചതും അനുകൂല ഉത്തരവ് സമ്പാദിച്ചതും. നേരത്തേ ഭൂമിയുടെ കരമൊടുക്കാന്‍ വനംവകുപ്പ് എന്‍ഒസി നല്‍കിയത് വിവാദമായിരുന്നു.
Next Story

RELATED STORIES

Share it