kasaragod local

നെല്ലിക്കുന്ന് ബീച്ചില്‍ മാലിന്യം തള്ളുന്നു; വിനോദസഞ്ചാരികള്‍ക്ക് ദുരിതം

കാസര്‍കോട്: നെല്ലിക്കുന്ന് ബീച്ചില്‍ മാലിന്യം തള്ളുന്നത് കാരണം കടല്‍ കാണാനെത്തുന്നവര്‍ക്ക് ദുരിതമാവുന്നു. കാസര്‍കോട് നഗരവാസികളടക്കം അനവധി ആഘോഷവേളകളില്‍ കടല്‍ കാണാനും ഉല്ലസിക്കാനും എത്തുന്ന ബീച്ചിലാണ് പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യങ്ങള്‍ തള്ളുന്നത്.
ലൈറ്റ് ഹൗസിന് അഭിമുഖമായി ബീച്ച് കാണാനെത്തുന്നവര്‍ക്ക് ഇരുന്ന് കാറ്റ് കൊള്ളാന്‍ നഗരസഭ വര്‍ഷങ്ങള്‍ക്ക് മുമ്പ് ചുറ്റുമതിലും ഇരിപ്പിടങ്ങളും നിര്‍മിച്ചിരുന്നു. എന്നാല്‍, സാമൂഹികദ്രോഹികള്‍ തകര്‍ത്തതോടെ ഇവിടെ എത്തുന്നവര്‍ക്ക് ഇരിക്കാന്‍ സൗകര്യമില്ലാതായി.
ഏതാനും മാസം മുമ്പ് ലക്ഷങ്ങള്‍ ചെലവഴിച്ച് നഗരസഭ ചുറ്റുമതില്‍ നിര്‍മിക്കുകയും കടല്‍ കരയിലേക്ക് പോവാന്‍ ചവിട്ടുപടികളും നിര്‍മിച്ചിരുന്നു. ഇതിന് സമീപത്താണ് മാലിന്യങ്ങള്‍ തള്ളിയിട്ടുള്ളത്. ദിവസേന നൂറുക്കണക്കിനാളുകളാണ് ബീച്ചിലെത്തുന്നത്. ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യത്തില്‍ ഉള്ളതിനാല്‍ ദുര്‍ഗന്ധവും വമിക്കുന്നുണ്ട്.
ബീച്ച് പാര്‍ക്ക് മനോഹരമാക്കാന്‍ നഗരസഭ ശ്രമിക്കുന്നതിനിടയിലാണ് സഞ്ചാരികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയില്‍ പ്ലാസ്റ്റിക്ക് അടങ്ങിയ മാലിന്യം തള്ളി മലിനമാക്കുന്നത്. ബീച്ചില്‍ സെക്യൂരിറ്റി ഗാര്‍ഡുകളെ നിയമിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it