ernakulam local

നെട്ടൂര്‍, കുമ്പളം, തൃപ്പൂണിത്തുറ എന്നിവിടങ്ങളില്‍ മോഷണ പരമ്പര

മരട്: നെട്ടൂരിലും കുമ്പളത്തും തൃപ്പൂണിത്തുറയിലുമായി മോഷണ പരമ്പര അരങ്ങേറി. നെട്ടൂരില്‍ തിരുനെട്ടൂര്‍ മഹാദേവ ക്ഷേത്രസമിതി ഓഫിസ് കുത്തിത്തുറന്നാണ് മോഷണശ്രമം. തിങ്കളാഴ്ച അര്‍ദ്ധരാത്രിക്ക് ശേഷമാവാം മോഷണശ്രമം നടന്നതെന്നാണ് കരുതുന്നത്.
ചൊവ്വാഴ്ച പുലര്‍ച്ചെ ക്ഷേത്രത്തില്‍ പൂജയ്‌ക്കെത്തിയ ശാന്തിക്കാരനാണ് ഓഫിസ് തുറന്ന് കിടക്കുന്ന നിലയില്‍ കണ്ടത്. ഓഫിസിന്റെ വടക്ക് ഭാഗത്തെ ജനലിന്റെ അഴികള്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. ഓഫിസിനകത്തെ മൂന്ന് മുറികളുടേയും പൂട്ട് തകര്‍ത്ത നിലയിലാണ്. തെക്ക് ഭാഗത്തെ മുറിയിലെ ഇരുമ്പ് അലമാരയും കുത്തിത്തുറന്നിട്ടുണ്ട്.
പണം മാത്രമാണ് മോഷ്ടാക്കള്‍ ലക്ഷ്യമിട്ടതെന്നാണ് കരുതുന്നത്. വിലപിടിപ്പുള്ള നിരവധി അലുമിനിയം പാത്രങ്ങളും മറ്റും ഓഫിസില്‍ ഉണ്ടായിരുന്നുവെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. പനങ്ങാട് പോലിസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു. ഒന്നര വര്‍ഷം മുമ്പ് തിരുനെട്ടൂര്‍ മഹാദേവ ക്ഷേത്രത്തില്‍നിന്നും പിച്ചളയില്‍ നിര്‍മിച്ച പ്രഭാവലയം മോഷണം പോയിരുന്നു. അന്ന് പോലിസ് ഊര്‍ജ്ജിത അന്വേഷണം നടത്തിയെങ്കിലും ആരെയും പിടികൂടാനായില്ല.
ക്ഷേത്രവളപ്പില്‍ സിസിടിവി കാമറ സ്ഥാപിക്കുമെന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ പറഞ്ഞെങ്കിലും ഇതുവരെയും സ്ഥാപിച്ചിട്ടില്ല. കുമ്പളത്തും ക്ഷേത്രത്തിലാണ് കവര്‍ച്ച നടന്നത്. കുമ്പളം പനക്കല്‍ ക്ഷേത്രം ഓഫിസിലെ മേശ കുത്തിത്തുറന്ന് കവര്‍ച്ച നടത്തി. അഞ്ച് പവന്‍ തൂക്കം വരുന്ന മൂന്ന് മാലകള്‍ നഷ്ടപ്പെട്ടു. ചൊവ്വാഴ്ച പുലര്‍ച്ചെ 4.30 ഓടെ ക്ഷേത്രത്തിലെത്തിയ ശാന്തിക്കാരനാണ് ഓഫിസിനകത്തെ മേശ കുത്തിതുറന്ന നിലയില്‍ കണ്ടത്. മേശക്കകത്ത് സൂക്ഷിച്ചിരുന്ന വഴി പാടായി ഭക്തര്‍ നല്‍കിയ സ്വര്‍ണമാലയാണ് നഷ്ടപ്പെട്ടത്. പനങ്ങാട് പോലിസും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. തൃപ്പൂണിത്തുറയില്‍ ഉദയംപേരൂര്‍ പട്ടാപകല്‍ വീടിന്റെ അടുക്കള വാതില്‍ തുറന്ന് അകത്തുകയറിയ കള്ളന്‍ സ്വര്‍ണാഭരണങ്ങളും എല്‍ഇഡി ടിവിയും അടക്കം മോഷ്ടിച്ചു. കുരീക്കാട് സൗപര്‍ണിക അപാര്‍ട്ട്‌മെന്റ്‌സില്‍ ഹരിദാസിന്റെ വീട്ടില്‍ തിങ്കളാഴ്ച പകലാണ് മോഷണം നടന്നത്. ഹരിദാസും ഭാര്യയും ചോറ്റാനിക്കര എരുവേലിയിലെ കടയില്‍പോയ സമയത്താണ് വീട്ടില്‍ മോഷണം നടന്നത്. വീടിന്റെ മുന്‍വശത്തെ വാതില്‍ പൂട്ടിയ ശേഷം അടുക്കള വാതില്‍ ചാരി പുറത്തെ ഗ്രില്ല് പൂട്ടിയാണ് വീട്ടുകാര്‍ കടയില്‍ പോയത്. ഗ്രില്ല് പൂട്ടിയ ശേഷം താക്കോല്‍ ഗ്രില്ലിന് മുകളില്‍ വച്ചിരുന്നു. ഈ താക്കോല്‍ ഉപയോഗിച്ച് ഗ്രില്ല് തുറന്നാണ് കള്ളന്‍ അകത്തുകടന്നത്.
വൈകീട്ട് ഹരിദാസിന്റെ ഭാര്യ വിമല കടയില്‍നിന്ന് എത്തിയപ്പോള്‍ വീട്ടിലെ ബെഡ്‌റൂമില്‍ ലൈറ്റ് തെളിഞ്ഞ് കിടക്കുന്നുണ്ടായിരുന്നു. ബെഡ്‌റൂമിലെ സാധനങ്ങള്‍ വലിച്ച് വാരിയിട്ട നിലയിലായിരുന്നു. വീട്ടിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളും എല്‍ഇഡി ടിവിയും കാമറയും 8000 രൂപയുടെ നാണയങ്ങളുമാണ് കള്ളന്‍ കവര്‍ന്നത്. വീട്ടില്‍ സൂക്ഷിച്ചിരുന്ന പഴങ്ങളും ഭക്ഷണവും മോഷ്ടാവ് കഴിച്ചതിന് ശേഷം ബാക്കി ഉപേക്ഷിച്ച നിലയിലായിരുന്നു.
വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ഉദയംപേരൂര്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. മോഷണം വ്യാപകമാവുമ്പോഴും മോഷ്ടാക്കളെ പിടികൂടാന്‍ കഴിയാതെ പോലിസ് കുഴയുകയാണ്.
Next Story

RELATED STORIES

Share it