Districts

നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത്: മുഖ്യപ്രതി പിടിയില്‍

കൊച്ചി: നെടുമ്പാശ്ശേരി സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതികളിലൊരാള്‍ കോയമ്പത്തൂരില്‍ പിടിയിലായി. മൂവാറ്റുപുഴ സ്വദേശി മുഹമ്മദ് ഇബ്‌നു യാസിര്‍(25) ആണ് ഇന്നലെ രാവിലെ കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ പിടിയിലായത്.മൂവാറ്റുപുഴ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിരുന്ന സ്വര്‍ണക്കടത്തു സംഘത്തിലെ പ്രധാനിയാണ് മുഹമ്മദ് ഇബ്‌നു യാസിറെന്ന് കസ്റ്റംസ് പറഞ്ഞു. കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് വിദേശത്തേക്കു മുങ്ങിയ യാസിറിനുവേണ്ടി കസ്റ്റംസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇന്നലെ പുലര്‍ച്ചെ വിദേശത്തു നിന്ന് കോയമ്പത്തൂര്‍ വിമാനത്താവളത്തിലെത്തിയ ഇയാളെ എമിഗ്രേഷന്‍ വിഭാഗം പിടികൂടുകയും വിവരം കൊച്ചി കസ്റ്റംസിനു കൈമാറുകയുമായിരുന്നു. കൊച്ചിയില്‍ നിന്നുള്ള കസ്റ്റംസ് സംഘം ഉച്ചയോടെ കോയമ്പത്തൂരിലെത്തി യാസിറിനെ കസ്റ്റഡിയിലെടുത്ത് വൈകുന്നേരത്തോടെ കൊച്ചിയിലെത്തിച്ചു.

കൊച്ചി ഓഫിസില്‍ വിശദമായ ചോദ്യംചെയ്യലിനു ശേഷം കോഫെപോസ നിയമപ്രകാരം ആലുവ റൂറല്‍ പോലിസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്കു കൊണ്ടുപോയി. യാസിര്‍ അടക്കം ഒമ്പതു പ്രതികള്‍ക്കെതിരേ കോഫെപോസ ചുമത്തിയിട്ടുള്ളതിനാല്‍ കൂട്ടുപ്രതികള്‍ക്കൊപ്പം ഒരു വര്‍ഷം വരെ കരുതല്‍ തടങ്കലില്‍ കഴിയേണ്ടിവരും. കേസില്‍ മുഖ്യപ്രതിയായ പി എ നൗഷാദിന്റെ ബിസിനസ് പങ്കാളിയായിരുന്നു യാസിര്‍. യാസിറിന്റെ പിതാവും സ്വര്‍ണക്കടത്ത് കേസില്‍ പിടിക്കപ്പെട്ട് കോഫെപോസ ചുമത്തപ്പെട്ടിട്ടുള്ള ആളാണ്. സ്വര്‍ണക്കടത്തിലൂടെ കോടികള്‍ സമ്പാദിച്ച യാസിറിന്റെ സ്വത്തുവിവരങ്ങളുടെ വിശദാംശങ്ങള്‍ കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്.  യാസിറിന്റെ അറസ്റ്റോടെ സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ പ്രതികളുടെ എണ്ണം 38 ആയി. ആറു പേരെ ഇനിയും പിടികൂടാനുണ്ട്.
Next Story

RELATED STORIES

Share it