നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ശൈത്യകാല സമയക്രമം 25 മുതല്‍

കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ ശൈത്യകാല യാത്രാ സമയക്രമം ഒക്ടോബര്‍ 25ന് നിലവില്‍ വരും. 2016 മാര്‍ച്ച് 26 വരെ ഇതു പ്രാബല്യത്തിലുണ്ടാവും. വേനല്‍ക്കാല പട്ടികയെ അപേക്ഷിച്ച് ശൈത്യകാല പട്ടികയില്‍ വിമാനസര്‍വീസുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ട്. വേനല്‍ക്കാല പട്ടികയില്‍ പ്രതിവാരം 1064 സര്‍വീസുകളാണ് കൊച്ചിയില്‍ നിന്നുണ്ടായിരുന്നത്. ശൈത്യകാല പട്ടികയില്‍ ഇത് 1094 ആയി വര്‍ധിച്ചു.
രാജ്യാന്തര സര്‍വീസുകളുടെ എണ്ണം 533ല്‍ നിന്ന് 590 ആയി വര്‍ധിച്ചു. ആഭ്യന്തര സര്‍വീസുകളുടെ എണ്ണം 531ല്‍ നിന്ന് 504 ആയി കുറഞ്ഞു. ശൈത്യകാല ഷെഡ്യൂള്‍ അനുസരിച്ച് എയര്‍ ഇന്ത്യയാണ് നെടുമ്പാശ്ശേരിയില്‍ നിന്ന് ഏറ്റവുമധികം സര്‍വീസ് നടത്തുന്നത്. പ്രതിവാരം 43 വീതം ആഗമനവും പുറപ്പെടലും. തൊട്ടുപിന്നില്‍ ജെറ്റ് എയര്‍വേസ് ആണ്, മൊത്തം 84 സര്‍വീസുകള്‍. ശൈത്യകാല ഷെഡ്യൂള്‍ അനുസരിച്ച് ദുബയിലേക്ക് 51ഉം ഷാര്‍ജയിലേക്കും അബൂദബിയിലേക്കും 35 വീതവും വിമാനങ്ങള്‍ ഓരോ ആഴ്ചയിലും പുറപ്പെടും. ആഭ്യന്തര മേഖലയില്‍ മുംബൈയിലേക്ക് 86ഉം ഡല്‍ഹിയിലേക്ക് 77ഉം ബംഗളൂരുവിലേക്ക് 73ഉം വിമാനങ്ങള്‍ എല്ലാ ആഴ്ചയിലും നെടുമ്പാശ്ശേരിയില്‍ നിന്നു പുറപ്പെടും. എയര്‍ ഏഷ്യ (ക്വാലാലംപൂരിലേക്ക്), സൗദി എയര്‍ലൈന്‍സ്, സില്‍ക് എയര്‍ലൈന്‍സ് (സിംഗപ്പൂരിലേക്ക്) എന്നീ വിമാനക്കമ്പനികള്‍ ശൈത്യകാല ഷെഡ്യൂളില്‍ കൂടുതല്‍ സര്‍വീസുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എയര്‍ ഏഷ്യ ദിവസവും രണ്ട് വിമാനങ്ങള്‍ സര്‍വീസ് നടത്തും. സില്‍ക് എയര്‍ അഞ്ചു ദിവസം ഓരോ വിമാനവും വെള്ളി, ശനി ദിവസങ്ങളില്‍ രണ്ടുവീതം വിമാനവും സര്‍വീസ് നടത്തും.
Next Story

RELATED STORIES

Share it