kozhikode local

നൃത്താധ്യാപികയെ അപമാനിക്കാന്‍ ശ്രമം; പ്രതികളെ റിമാന്‍ഡ് ചെയ്തു

കോഴിക്കോട്: ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തിലെ ശിവരാത്രി മഹോല്‍സവത്തില്‍ പങ്കെടുത്ത് മകനോടൊപ്പം വീട്ടിലേക്ക് ബൈക്കില്‍ മടങ്ങുകയായിരുന്ന നൃത്താധ്യാപിക കലാമണ്ഡലം ഷീബ ടീച്ചറെ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ അഞ്ച് പേരെയും റിമാന്റ് ചെയ്തു.
ഈ മാസം 21 വരെയാണ് ഇവരെ കോടതി റിമാന്റ് ചെയ്തത്. ഇരിങ്ങല്ലൂരിലെ മുഹമ്മദ് സിറാജ് (23), കല്ലുവളപ്പില്‍ ഫാമില്‍ അനീസ്(21), പേരാലിന്‍കുഴിയില്‍ ആസിഫ് (24), മാത്തറയിലെ പാലത്തൊടിമീത്തല്‍ ജാഫര്‍ ഹസ്സന്‍ (26), മഞ്ചക്കല്‍ചാലില്‍ സുബീഷ് (29) എന്നിവരാണ് റിമാന്റിലായത്. ആറാം പ്രതിയും കുന്നത്ത്പാലത്തിനടുത്ത് മാത്തറ സ്വദേശിയുമായ യുവാവ് ഒളിവിലാണ്. ഇയാള്‍ ഊട്ടിയിലാണെന്നാണ് പോലിസിന് ലഭിച്ച സൂചന.
സ്ത്രീയെ സംഘം ചേര്‍ന്ന് അപമാനിക്കുകയും ദേഹോപദ്രവം ഏല്പിക്കുകയും ചെയ്തതിന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) 143, 147, 323, 354, 149, 341 എന്നീ ആറ് വകുപ്പുകള്‍ പ്രകാരമാണ് കേസ്സെടുത്തിട്ടുള്ളതെന്നു ചേവായൂര്‍ എസ്‌ഐ യു കെ ഷാജഹാന്‍ പറഞ്ഞു.
ശനിയാഴ്ച അര്‍ദ്ധരാത്രി ചേവായൂര്‍ കുഷ്ഠരോഗാശുപത്രിക്ക് മുന്നിലായിരുന്നു അക്രമം. കലാമണ്ഡലം ഷീബ ടീച്ചറെ മൂന്നു ബൈക്കുകളില്‍ പിന്തുടര്‍ന്നെത്തിയ ആറംഗസംഘം തടഞ്ഞുനിറുത്തി ഭീഷണിപ്പെടുത്തുകയും കൈക്ക് കയറിപിടിച്ച് മര്‍ദ്ദിക്കുകയും ചെയ്യുകയായിരുന്നു.
തടയാന്‍ ചെന്ന മകന്‍ ജിഷ്ണുവിന്റെ മുഖത്തടിച്ച അക്രമികള്‍ ബൈക്കിന്റെ താക്കോല്‍ കൈക്കലാക്കി അസഭ്യവര്‍ഷവും ഭീഷണിപ്പെടുത്തലും തുടര്‍ന്നു. അതുവഴി മറ്റൊരു വാഹനം എത്തിയതോടെ അക്രമികള്‍ സ്ഥലം വിടുകയായിരുന്നു. എസ്‌ഐ ഭാസ്‌കരന്‍, എഎസ്‌ഐ രാധാകൃഷ്ണന്‍, സിപിഒ രജീഷ്, ഹോംഗാര്‍ഡ് ദിനേശന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
Next Story

RELATED STORIES

Share it